കൊല്ലം: പുനലൂരില്‍ യുഡിഎഫിന് തലവേദനയായി വിമതന്‍. കോണ്‍ഗ്രസ് വിമതനെ പിന്‍വലിച്ചത് അംഗീകരിക്കാതെ ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്നും തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്നും സഞ്ജയ് ഖാന്‍ പറഞ്ഞു.
ജനകീയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സഞ്ജയ് ഖാനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അനുകൂലികള്‍ പ്രചാരണവും തുടങ്ങി.പുനലൂര്‍ സീറ്റ് വീണ്ടും മുസ്ലീം ലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹി നെല്‍സണ്‍ സെബാസ്റ്റ്യനെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വിമത സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷനും ഇടപെട്ടതോടെ വിമതനെ പിന്‍വലിച്ചു. ഈ തീരുമാനമാണ് ഞായറാഴ്ച പുനലൂരില്‍ നാടകീയ രംഗങ്ങള്‍ക്കും പ്രഖ്യാപനത്തിനും വഴിവെച്ചത്.മുസ്ലീം ലീഗിന് വഴങ്ങിയുള്ള നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍ കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.സഞ്ജയ് ഖാനെ അനുനയിപ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നാലെയാണ് പുനലൂരില്‍ താന്‍ മത്സരിക്കുമെന്ന് സഞ്ജയ് ഖാന്റെ പ്രഖ്യാപനം വന്നത്.തോല്‍ക്കാന്‍ വേണ്ടിയാണ് വീണ്ടും ലീഗിന് സീറ്റ് നല്‍കിയതെന്നും അതിന് ഒപ്പം നില്‍ക്കാന്‍ കഴിയില്ലെന്നും പുനലൂരില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വാഗ്ദാനം ചെയ്ത സീറ്റാണ് നേതൃത്വം ലീഗിന് നല്‍കിയതെന്ന് സഞ്ജയ് ഖാന്‍ പറഞ്ഞു.സഞ്ജയ് ഖാനെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പിണക്കം അവസാനിപ്പിച്ച് ലീഗിനായി പ്രചരണത്തിന് ഇറങ്ങാനാണ് കോണ്‍ഗ്രസ് നിയോജമ മണ്ഡലം കമ്മിറ്റി തീരുമാനം.
















