മരുന്നുകള്‍ നിരവധി. ചികിത്സകള്‍ അനവധി. പക്ഷേ പടികടന്നെത്തിയ രോഗത്തെ പുറത്താക്കാന്‍ അതൊന്നും മതിയാവുന്നില്ല. ഡിമെന്‍ഷ്യ അഥവാ മറവിരോഗത്തിന്റെ തേരോട്ടത്തിനു മുന്നില്‍ അവയൊക്കെ നിഷ്പ്രഭം. അപ്പോഴാണ് പുതിയൊരു ഗവേഷണ ഫലവുമായി ശാസ്ത്രജ്ഞര്‍ വരുന്നത്. അവര്‍ പറയുന്നതിങ്ങനെ- കഫീന്‍ കൂടിയ കാപ്പി കുടിക്കൂ. മറവി രോഗത്തെ ചെറുക്കൂ.
കാപ്പിയുടെയും ചായയുടെയും കരുത്തറിയാന്‍ പല സര്‍വകലാശാലകളും ഗവേഷണം നടത്തിയിട്ടുണ്ട്. നിരീക്ഷണങ്ങളില്‍ എത്തിയിട്ടുമുണ്ട്. എന്നാല്‍ അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒരു വമ്പന്‍ ഗവേഷണത്തിന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയും അനുബന്ധ സ്ഥാപനങ്ങളും രൂപം നല്‍കി. കൃത്യമായി പറഞ്ഞാല്‍ 43 വര്‍ഷം നീണ്ടുനിന്ന ഗവേഷണം. 1980 കളില്‍ തുടങ്ങി 2023 ല്‍ അവസാനിച്ച ഗവേഷണ പദ്ധതി. പദ്ധതിയില്‍ സ്വയംസേവകരായി പങ്കെടുത്തത് 131000 പേര്‍. എല്ലാവരും ആരോഗ്യമേഖലയില്‍ ജോലിയെടുക്കുന്നവര്‍.
ഫലം അത്ഭുതകരമായിരുന്നു. കഫീന്‍ കലര്‍ന്ന കാപ്പിയും ചായയും കഴിക്കുന്നവരില്‍ ഡിമെന്‍ഷ്യ അഥവാ മറവി രോഗം മറ്റുള്ളവരെ അപേക്ഷിച്ച് തീരെ കുറവ്. അല്‍പ്പം കൂടി വ്യക്തമായി പറഞ്ഞാല്‍ പ്രതിദിനം മൂന്ന് കപ്പ് കാപ്പിയോ രണ്ട് കപ്പ് ചായയോ കഴിക്കുന്നവര്‍ക്കാണ് ഈ അത്ഭുതശക്തി കൈവരുക. സായിപ്പിന്റെ കണക്ക് പ്രകാരം ലോകത്ത് ഒരു ദിവസം 2.25 ബില്യണ്‍ (ശതകോടി) കപ്പ് കാപ്പിയാണത്രേ ജനങ്ങള്‍ കുടിക്കുന്നത്. പച്ചവെള്ളം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ആളുകളുടെ ഇഷ്ടപാനീയവും കാപ്പി തന്നെ!
ഈ പഠനത്തിനാവശ്യമായ വിവരശേഖരം അഥവാ ഡേറ്റ ലഭിക്കുന്നതിന് ആശ്രയിച്ചത് അമേരിക്കയിലെ രണ്ട് പ്രധാന പഠനങ്ങളാണ്- നഴ്‌സസ് ഹെല്‍ത്ത് സ്റ്റഡി ഹെല്‍ത്ത് സ്റ്റഡി, പ്രൊഫഷനല്‍സ് ഫോളോ-അപ്സ്റ്റഡി എന്നിവയെ. ദിവസം നാലും അഞ്ചും കപ്പ് കാപ്പിവരെ അകത്താക്കുന്ന സായ്‌പ്പന്‍മാരും മദാമ്മമാരും പഠനത്തിന് വിധേയമാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നത്രെ. നന്നായി കാപ്പി കുടിക്കുന്നവര്‍ക്ക് തീരെ കുറവ് കാപ്പി കുടിക്കുന്ന സഹപ്രവര്‍ത്തകരെ അപേക്ഷിച്ച് മറവി രോഗം വരാനുള്ള സാധ്യത 18 ശതമാനം കണ്ട് കുറവാണെന്ന് ഹവാര്‍ഡ് പഠനം പറയുന്നു. ദിവസം രണ്ട് കപ്പ് ചായ വരെ കുടിക്കുന്നവരില്‍ ചായ കുടിക്കാത്തവരെക്കാള്‍ ഒന്‍പത് ശതമാനം ഡിമന്‍ഷ്യ പ്രതിരോധമുണ്ടത്രെ.
കാപ്പിയിലെ ബയോ ആക്ടീവ് സംയുക്തങ്ങളായ കഫീന്‍ പോളി ഫിനോളുകള്‍ എന്നിവ ആന്തരാവയവങ്ങളിലുണ്ടായേക്കാവുന്ന നീര് കുറച്ച് നാഡീ സംരക്ഷണം (ന്യൂറോ പ്രൊട്ടക്ഷന്‍) നല്‍കുമെന്ന നിരീക്ഷണവുമുണ്ട്. എന്നാല്‍ കഫീന്‍ നീക്കം ചെയ്ത കാപ്പി കുടിക്കുന്നവരില്‍ മറവി രോഗം കുറയുന്ന കാര്യത്തില്‍ ശ്രദ്ധേയമായ ഒരു കാര്യവും പഠനത്തില്‍ കണ്ടെത്താനായില്ല. ചുരുക്കത്തില്‍ കഫീനാണ് പ്രധാന താരം… പക്ഷേ അക്കാര്യത്തില്‍ കഴിക്കുന്ന അളവിന് വലിയ പ്രാധാന്യമുണ്ടെന്നും ഗവേഷകര്‍ അടിവരയിട്ട് പറയുന്നു. എന്നു കരുതി മൂന്ന് കപ്പില്‍ കൂടുതല്‍ കാപ്പിയോ രണ്ട് കപ്പില്‍ കൂടുതല്‍ ചായയോ വലിച്ചു കയറ്റിയിട്ട് കാര്യവുമില്ല. ആവശ്യത്തിലേറെ കഫീനും മറ്റും അകത്തു ചെന്നാല്‍ ഉത്കണ്ഠ, ഉറക്കമില്ലായ്‌മ തുടങ്ങിയ പാര്‍ശ്വഫലങ്ങളും ഉണ്ടായേക്കാം.
തലച്ചോറില്‍ കഫീന്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വ്യക്തമായ പഠനങ്ങള്‍ ഇനിയും ആവശ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. തലച്ചോറില്‍ രൂപപ്പെടുന്ന അഡിനോസിന്‍ സംയുക്തവുമായി കഫീന്‍ ബന്ധപ്പെട്ടിരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഉറക്കത്തെയും ക്ഷീണത്തെയും തടസ്സപ്പെടുത്തുന്ന സന്ദേശങ്ങള്‍ അയക്കുന്നത് ഈ കൂട്ടുകെട്ടാണ്. ഉറക്കം കെടുത്തുന്നതും. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ മുഖമുദ്രയായ വിഷലിപ്തമായ ഫലകത്തിന്റെ(അമീലോയ്ഡ്-ബീറ്റ) പെരുക്കം തടയുന്നതില്‍ കഫീന്‍ വലിയൊരു പങ്കാണ് വഹിക്കുന്നതെന്ന് ജെ.എ.എം.എ ജേര്‍ണലില്‍ വന്ന ഈ പഠനം ഊന്നിപ്പറയുന്നു.
അമിലോയ്ഡ് – ബീറ്റ എന്ന രാസവസ്തുവിനെ തലച്ചോറില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ശിങ്കിടി പാടുന്ന എന്‍സൈമുകളെ അടിച്ചൊതുക്കുന്നതിലും കോശാവശിഷ്ടങ്ങളെ നീക്കം ചെയ്യാനുള്ള തലച്ചോറിന്റെ കരുത്തിനെ ഉദ്ദീപിപ്പിക്കുന്നതിനും കഫീന് അല്‍പ്പമല്ലാത്ത ശേഷിയാണുള്ളത്. നീര്‍ക്കെട്ട് വലിച്ചെടുക്കുന്നതിനും സവിശേഷമായ കഴിവുണ്ട്. കാലക്രമേണ ന്യൂറോണുകളെ ഇല്ലാതാക്കുന്ന സ്ഥിരമായ നാഡികളിലെ നീര്‍ക്കെട്ടിനും കഫീന്‍ കരുത്ത് ഫലപ്രദമാണെന്ന് ഒരു വിഭാഗം ഗവേഷകര്‍ പറയുന്നു.
എന്തായാലും ഒരു കാര്യത്തില്‍ വ്യക്തതയുണ്ട്. 2050 വര്‍ഷം ആകുമ്പോഴേക്കും അല്‍ഷിമേഴ്‌സ്- ഡിമന്‍ഷ്യ രോഗികളുടെ എണ്ണം ലോകത്തില്‍ ഇരട്ടിക്കുമത്രേ. അതിനാല്‍ സ്ഥിരമായി അല്‍പ്പം കാപ്പി കുടിക്കുന്നതില്‍ വലിയ തെറ്റുണ്ടെന്ന് തോന്നുന്നില്ല; അത്ഭുതം സംഭവിച്ചില്ലെങ്കിലും അപകടം ഭയക്കേണ്ടല്ലോ….
ഇരട്ട നെഞ്ചിനുള്ളിലെ ശാന്തിയുടെ ചിപ്പ്
ഒരുപാട് മനുഷ്യരുടെ ഏറ്റവും വലിയ ആധിയാണ് ‘ഡിപ്രഷന്‍’ എന്ന മനോരോഗം. അമേരിക്കയിലെ കണക്ക് പ്രകാരം അഞ്ച് അമേരിക്കക്കാരില്‍ ഒരാള്‍ വീതം ‘ഡിപ്രഷന്‍’ എന്ന മാനസികാവസ്ഥ അനുഭവിക്കുന്നവരാണ്. കൃത്യസമയത്ത് പ്രത്യേകതരം വൈദ്യുത തരംഗങ്ങള്‍ കടത്തിവിട്ടാല്‍ ഡിപ്രഷന്‍ ഒതുക്കാനാവുമെന്ന് ഡോ. ചാള്‍സ് കോണ്‍വേ എന്ന ഗവേഷകര്‍ പറയുന്നു. ഇടനെഞ്ചിന്റെ തൊലിയുടെ ഉള്ളില്‍ കഴുത്തിലെ വാഗസ് നാഡിയുമായി ബന്ധിക്കുന്ന ഒരു ചെറിയ ഇലക്‌ട്രോണിക് ഉപകരണമാണ് ഡോ. ചാള്‍സ് കണ്ടുപിടിച്ചത്. അപസ്മാര ചികിത്സയിലും മറ്റും ഉപയോഗിക്കുന്ന രീതിയിലുള്ളത്. വി.എന്‍.എസ്. അഥവാ വാഗസ് നെര്‍വ് സ്റ്റിമുലേഷന്‍ എന്ന നാഡി ഉത്തേജനമാണ് ഈ കുഞ്ഞന്‍ യന്ത്രത്തിന്റെ ലക്ഷ്യം. ചുമ, തൊണ്ട വേദന, ഭക്ഷണമിറക്കുന്നതിലെ ബുദ്ധിമുട്ട് തുടങ്ങിയ അസ്‌കിതകള്‍ പാര്‍ശ്വഫലമായി ഉണ്ടായേക്കാമെങ്കിലും ഡിപ്രഷന്‍ എന്ന കൊടും വിഷാദരോഗത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞാലോ?
















