നന്ദിയുണ്ട്…
ഒരു ചെറു വൃത്തത്തില്‍
ഒതുങ്ങിയേക്കാവുന്ന എനിക്കു
ചുറ്റും ഒരു ലക്ഷ്മണരേഖ വരച്ചു പ്രകോപിപ്പിച്ചതിനു…
നന്ദിയുണ്ട്..
തേടിവന്ന മലര്‍ക്കാറ്റുകള്‍
എന്നിലേക്കെത്താതിരിക്കാന്‍
എനിക്കുമുന്നില്‍ വാതായനങ്ങള്‍
കൊട്ടി അടച്ച് ഈ വളയം
ചാടിക്കടക്കാന്‍
ശക്തിയേകിയതിന്…
നന്ദിയുണ്ട്..,
ഭയത്തിന്റെ വിത്തുപാകിമുളപ്പിച്ചു
എന്നിലേക്കെത്തുന്ന
സൗഹൃദങ്ങളുടെ അതിരുകളില്‍ വേലിതീര്‍ത്ത്,
പറക്കാന്‍ പ്രേരിപ്പിച്ചതിനു…
നന്ദിയുണ്ട്..,
കഥകളും ഉപകഥകളും നിര്‍മ്മിച്ചു
പാടിപ്പാടി വ്യക്തിഹത്യയുടെ
പാരമ്യതയില്‍ എത്തിച്ച്
എന്റെ പെണ്ണഭിമാനത്തിന്റെ
ഹൃദയഭിത്തികള്‍ക്ക്
ഉള്‍ക്കരുത്തേകിയതിനു…
സുഹൃത്തേ…
പ്രതിരോധത്തിന്റെ
മുള്ളുകള്‍ക്കിടയില്‍
ഇനിയും
ഇവളിങ്ങനെ പുഞ്ചിരിച്ചു
നില്‍ക്കുകതന്നെ ചെയ്യും…
കാരണം…..
അത്രമേല്‍ അമൂല്യമായൊരു ജീവിതയാത്രയല്ലോ എന്റെ സ്വപ്‌നം…
















