നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് ദേശീയഐക്യത്തിനെതിരെ ഉയരുന്ന വെല്ലുവിളികളാണ്. കേരളീയസമൂഹം ദേശീയമുഖ്യധാരയോട് ചേരുന്നതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള മത്സരം കൂടിയാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം ആപേര് സൂചിപ്പിക്കുന്നതുപോലെ ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും യഥാര്‍ത്ഥ ജനക്ഷേമത്തിനും വേണ്ടി നിലകൊളളുന്നു. സിപിഎമ്മും കോണ്‍ഗ്രസ്സും നയിക്കുന്ന മുന്നണികള്‍ കക്ഷിരാഷ്‌ട്രീയ ഭിന്നതകള്‍ക്കും എതിര്‍പ്പുകള്‍ക്കുമപ്പുറം ദേശീയോദ്ഗ്രഥനത്തെ ദുര്‍ബലപ്പെടുത്തുകയും അട്ടിമറിക്കുകയും ചെയ്യുന്നു.
പത്തുവര്‍ഷമായി കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരും പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസും തുടക്കം മുതല്‍ തന്നെ ദേശവിരുദ്ധ ശക്തികളെ പ്രതിനിധീകരിക്കുകയും, അവരുടെ നാവായി മാറാന്‍ മത്സരിക്കുകയുമായിരുന്നു. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനെന്ന പേരില്‍ ഭാരതീയവും ദേശീയവുമായതിനെ എതിര്‍ക്കുകയും, ദേശീയഐക്യം ശക്തിപ്പെടുത്തുന്നതിനുവേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്തിട്ടുള്ള ഏതാണ്ട് എല്ലാ നയനിലപാടുകളെയും തീരുമാനങ്ങളെയും നടപടികളേയും ഇരുകൂട്ടരും ഒരുമിച്ച് എതിര്‍ക്കുകയായിരുന്നു.
ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഏറെ കഴിയുന്നതിന് മുമ്പ് തന്നെ ലയനക്കരാറില്‍ ഒപ്പുവച്ച ജമ്മു കാശ്മീര്‍ ഭാരതത്തിന്റെ അഭിവാജ്യഘടകമായി മാറുന്നതിന് തടസ്സമായി നിന്ന ഭരണഘടനയുടെ 370-ാം വകുപ്പ് – അതൊരു താത്കാലിക വ്യവസ്ഥയാണെന്ന് ഭരണഘടന തന്നെ പറഞ്ഞിരിക്കെ – നരേന്ദ്രമോദി സര്‍ക്കാര്‍ റദ്ദുചെയ്തപ്പോള്‍ കാശ്മീരില്‍പോലും ഉണ്ടാകാത്ത എതിര്‍പ്പാണ് കേരളത്തിലുണ്ടായത്. ഇവിടുത്തെ ഭരണപക്ഷമായ സിപിഎമ്മും പ്രതിപക്ഷമായ കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ദേശീയ താത്പര്യം വിസ്മരിച്ചുകൊണ്ട് ഭാരതത്തിനകത്തും പുറത്തുമുള്ള ജിഹാദിശക്തികളോട് ഐക്യം പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളെ മാത്രമല്ല ജനക്ഷേമപദ്ധതികളേയും അവര്‍ എതിര്‍ത്തു. ഇതിലൂടെ പല മേഖലകളിലേയും വികസനത്തെ തടസ്സപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്തു. നരേന്ദ്രമോദി സര്‍ക്കാരിനോടുള്ള എതിര്‍പ്പ് നിലനിര്‍ത്താന്‍ കേന്ദ്രപദ്ധതികള്‍ നടപ്പാക്കാതിരിക്കുകയും പേരുമാറ്റി നടപ്പാക്കുകയും, കേന്ദ്രഫണ്ടുകള്‍ യഥാസമയം വിനിയോഗിക്കാതെ നഷടപ്പെടുത്താനുമൊക്കെയാണ് ഇടതുസര്‍ക്കാര്‍ ആസൂത്രിതമായി ശ്രമിച്ചത്.
ഒരുകാലത്ത് അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ പാകിസ്ഥാന്‍, ബംഗ്ലാദേശ് , അഫ്ഗാനിസ്ഥാന്‍ എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്ന് മതപീഡനം സഹിക്കാനാവാതെ ഭാരതത്തില്‍ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി വിഭാഗങ്ങളെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഭാരതപൗരത്യം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പൗരത്വഭേദഗതി നിയമം നിലവില്‍ വന്നപ്പോഴും വഖഫ് ഭേദഗതിനിയമത്തിനെതിരെയും കേരളത്തിലെ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസ്സും ഇസ്ലാമികശക്തികളും ഒറ്റക്കെട്ടായി പ്രമേയം പാസാക്കി എതിര്‍ത്തു. ഈ എതിര്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. നിയമസഭയില്‍ ഐകകണ്‌ഠേന പ്രമേയങ്ങള്‍ പാസാക്കി ദേശവിരുദ്ധ ശക്തികള്‍ക്ക് കരുത്ത് പകരുകയും ചെയ്തുകൊണ്ട് തങ്ങള്‍ ഊറ്റം കൊള്ളുന്ന മതേതരത്തിന്റെയും ന്യൂനപക്ഷ സംരക്ഷണത്തിന്റെയും മുഖംമൂടികള്‍ സ്വയം എടുത്തു മാറ്റുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. ഇതിന്റെ തുടര്‍ച്ചയാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന നേറ്റിവിറ്റി കാര്‍ഡ്. പൗരത്വത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ആശങ്കവേണ്ടെന്ന പ്രഖ്യാപനവും ഇതോടൊപ്പം നടത്തി. നമ്മുടെ ഭരണഘടനയനുസരിച്ച് പൗരത്വം സംബന്ധമായ വിഷയം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഈ അധികാരത്തെ വെല്ലുവിളിച്ച് ദേശവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കാനാണ് കേരളസര്‍ക്കാര്‍ ശ്രമിച്ചത്. സുപ്രീം കോടതിയുടെ പോലും അനുമതിയോടെ നടത്തിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തെയും ഇരുമുന്നണികളും എതിര്‍ത്തു.
കേരളം ഭാരതത്തിന്റെ ഭാഗമല്ലെന്നു വരുത്താനുള്ള ശ്രമങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുകയുണ്ടായി. പദ്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ കേരള ജ്യോതിയും കേരളപ്രഭയും കേരളശ്രീയും കൊണ്ടുവന്നതും തങ്ങള്‍ വേറെയാണെന്ന അപകടകരമായ ചിന്താഗതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു. മോദിസര്‍ക്കാരിന്റെ കാലത്ത് പദ്മ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നവര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും ഇതിന്റെ ഭാഗമാണ്.
കേരളത്തിന്റെ പൈതൃകം സംരക്ഷിക്കാന്‍ എന്ന പേരില്‍ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന കൊച്ചി ബിനാലെ പ്രദര്‍ശനം, കെസിഎച്ച്ആര്‍ ദുഷ്ടലാക്കോടെ തുടങ്ങിവച്ച മുസരിസ് ഗവേഷണം തുടങ്ങിയവ കലയുടേയും ചരിത്രത്തിന്റെയും മേഖലകളില്‍ നടന്ന ദേശവിരുദ്ധ- വിഘടനവാദ ഇടപെടലുകളാണ്. ഭാരതീയമായ എന്തിന്റേയും അന്തഃസത്ത ചോര്‍ത്തിക്കളയുകയും ചരിത്രത്തെ വളച്ചൊടിച്ച് തെറ്റായ പൊതുബൊധം സൃഷ്ടിക്കലുമാണ് ഇവയിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
വികസനത്തില്‍ പോലും വിഘടനവാദം കൊണ്ടവരാനുള്ള ശ്രമങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് ഉണ്ടായിട്ടുണ്ട്. മോദിയുടെ ഭരണത്തില്‍ കൈവരിച്ച അപൂര്‍വ്വമായ റെയില്‍ ഗതാഗതവികസനം കേരളത്തിന് സമ്മാനിച്ച നേട്ടത്തെ അംഗീകരിക്കാതെ കൊണ്ടുവന്ന കെ-റെയില്‍, വാര്‍ത്താവിനിമയ മേഖലയിലെ കെ-ഫൊണ്‍ തുടങ്ങിയവയ്‌ക്ക് വികസന താല്‍പര്യങ്ങള്‍ക്കപ്പുറം വിഘടനവാദ ദുഷ്ടലാക്കുമുണ്ടെന്നത് കാണാതിരിക്കാനാകില്ല. ഇത് കേരളമാണ് എന്നൊരു നിഷേധാത്മക മുദ്രാവാക്യം ഇതിന്റെയൊക്കെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്.
കേരള എന്ന് ഇംഗ്ലീഷില്‍ ഉപയൊഗിക്കുന്നത് കേരളം എന്ന് മലയാളീകരിച്ചതും, മലയാളം ഭരണഭാഷയാക്കിയതുമൊക്കെ പ്രത്യക്ഷത്തില്‍ സ്വാഗതാര്‍ഹമാണെങ്കിലും അടിമുടി ദേശവിരുദ്ധമായി ചിന്തിക്കുന്ന കമ്മ്യൂണിസ്റ്റ് -കൊണ്‍ഗ്രസ്സ് മുന്നണികള്‍ ഇവയിലൂടെ എല്ലാം ലക്ഷ്യം വയ്‌ക്കുന്ന വിഘടനവാദത്തിനെതിരെ ദേശീയചിന്താഗതിക്കാരും പ്രസ്ഥാനങ്ങളും ജാഗ്രതപാലിച്ചേ തീരു. ഭാഷയുടെ പേരില്‍ ഭാരതത്തെ ശിഥിലീകരിക്കാനുള്ള ശ്രമം ആരംഭകാലം മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്‌ട്രീയപദ്ധതി ആയിരുന്നു എന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പുസ്തകം പേരുകൊണ്ടും ഉള്ളടക്കം കൊണ്ടും വേറിടല്‍ വാദത്തെ പിന്‍പറ്റുന്നതാണ്. ഇത്തരം ചിന്താഗതികളൊട് രാഷ്‌ട്രഭക്തരും ദേശീയപ്രസ്ഥാനങ്ങളും നിരന്തരം പൊരുതിയാണ് കേരളത്തിന്റെ പാരമ്പര്യവും തനിമയും നിലനിര്‍ത്തിപ്പോന്നത്. ചെറുതും വലുതുമായ എല്ലാഭാഷകളും രാഷ്‌ട്രഭാഷകളാണ്. അര്‍ഹിക്കുന്ന പ്രാധാന്യം അവയ്‌ക്ക് ലഭിക്കേണ്ടതുണ്ട്. പരസ്പരം ഉള്ള ആദാനപ്രദാനത്തിലൂടെ ആണ് ഭാഷകളെല്ലാം പുഷ്ടിപ്രാപിച്ചത്. ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യത്തെയും തനിമകളെയും അംഗീകരിക്കുകയും അതോടോപ്പം തന്നെ ആ വൈവിധ്യം ഏകാത്മവും സമന്വയാത്മകവുമായ ഒരു മഹാസംസ്‌കൃതിയുടെ ആവിഷ്‌കാരമാണെന്ന വിവേകമാണ് ഭാരതീയതയുടെ അന്തഃസത്ത. അതിനെ തുരങ്കം വയ്‌ക്കാനും
അട്ടിമറിക്കാനുമുള്ള സംഘടിതപരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇതിനെ ജാഗ്രതയോടെ പ്രതിരോധിക്കാന്‍ എല്ലാ രാഷ്‌ട്രസ്‌നേഹികളും മുന്നോട്ട് വരണം.
















