ശാസ്താംകോട്ട: സിപിഎം നേതാവിന്റെ മരണാന്തര ചടങ്ങില്‍ സാമുദായിക നേതാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് വിവാദമായി. മുതുപിലക്കാട് പടിഞ്ഞാറ് മുണ്ടൂര്‍ കുറ്റിയില്‍ വിമുക്തഭടനായ സി അശോകന്റെ (63) മരണാന്തര ചടങ്ങുകളാണ് ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും വേദിയായത്.
നായര്‍ സമുദായ അംഗമായ അശോകന്റെ മരണാന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഭാരവാഹികള്‍ രാവിലെ തന്നെ എത്തിയിരുന്നു. മുഴുവന്‍ കാര്യങ്ങളുടെയും നിയന്ത്രണം ഇവര്‍ക്ക് ആയിരുന്നു. എന്നാല്‍ ഉച്ചയ്‌ക്ക് മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പായി പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് വിവാദങ്ങള്‍ ഉടലെടുത്തത്.
സാധാരണഗതിയില്‍ കുടുംബത്തിന്റെ കോടിയും മറ്റ് സംഘടനകളുടെയും ഇട്ടശേഷമാണ് എന്‍എസ്എസ്സിന്റെ കോടി അവസാനമായി മൃതദേഹത്തില്‍ പുതപ്പിക്കുന്നത്. എന്‍എസ്എസിന്റെ കോടി പുതപ്പിച്ചതിന് പിന്നാലെ സി പിഎം നേതാക്കളായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സോമപ്രസാദും ഏരിയ സെക്രട്ടറി ടി.ആര്‍ ശങ്കരപ്പിള്ളയടങ്ങുന്ന സംഘം മൃതദേഹത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതിനിടെ പാർട്ടി പതാക ബലം പ്രയോഗിച്ചു പുതപ്പിച്ചു. ഇതിനിടെ മൃതദേഹത്തിന് സമീപം നിന്ന് കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരുന്ന എന്‍എസ്എസ് കരയോഗ ഭാരവാഹികള്‍ ഇതിനെതിരെ രംഗത്തുവന്നെങ്കിലും പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് സോമപ്രസാദ് അടക്കമുള്ള നേതാക്കള്‍ ബലം പ്രയോഗിച്ചു പിന്‍മാറ്റി ചെങ്കൊടിയിട്ട് മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് എന്‍എസ്എസിന്റെ കരയോഗം ഭാരവാഹികള്‍ മാറിനിന്നു. പിന്നീടെല്ലാം സിപിഎമ്മുകാരുടെ നേതൃത്വത്തിലായി. ചെങ്കൊടി പുതപ്പിച്ച മൃതദേഹം പട്ടടയില്‍ വച്ച് വായ്‌ക്കരി അടക്കം യഥാവിധിയുള്ള അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാതെ ചിത കൊളുത്തിയതോടെ നാട്ടുകാരും കരയോഗം ഭാരവാഹികളും അടക്കംപ്രതിഷേധിച്ച് മടങ്ങി പോയി. ചടങ്ങില്‍ ഉണ്ടായിരുന്ന ബന്ധുക്കള്‍ അടക്കമുള്ള പലരും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചാണ് മടങ്ങിയത്. ഇവരാരും പിന്നീട് ചടങ്ങില്‍ പങ്കെടുത്തില്ല. സിപിഎം സംസ്ഥാന നേതാവും മുന്‍ എംപിയുമായ കെ. സോമപ്രസാദും ഏരിയ സെക്രട്ടറി ടി ആര്‍ ശങ്കരപ്പിള്ളയും വാര്‍ഡംഗമായ ഭാര്‍ഗവന്‍പിള്ളയും അടക്കം മുതുപിലാക്കാട്ടെ ഡിവൈഎഫ്‌ഐ- സിപി എം നേതാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ മരണവീടിനെ സംഘര്‍ഷഭൂമിയാക്കുകയായിരുന്നു.
















