തിരുവനന്തപുരം: ദളിത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനും കഴിഞ്ഞനിയസഭാ തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ബി.എസ് അനൂപ്, മൂന്ന് തവണയൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന ചടയമംഗലം സ്വദേശിയായ ആര്‍.എസ് അരുണ്‍രാജ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ രണ്ട് പേരെയും ബിജെപിയിലേക്ക് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
കോണ്‍ഗ്രസിന്റെ ദളിത് പീഡനത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ബി.എസ് അനൂപ് ബിജെപിയില്‍ ചേര്‍ന്നത്. ജില്ലയില്‍ കോണ്‍ഗ്രസിന് വേണ്ടി ചോരയും നീരും ഒഴുക്കിയവരോട് നേതൃത്വം അനീതി കാണിക്കുകയാണെന്ന് അനൂപ് പറഞ്ഞു. നേതൃത്വത്തിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ പുറത്താക്കാനുള്ള റിസര്‍ച്ച് നടത്തുന്ന പഠനകേന്ദ്രമായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ അക്രമ രാഷ്‌ട്രീയത്തിനും കൊലപാതക രാഷ്‌ട്രീയത്തിനും ചുക്കാന്‍ പിടിച്ച, നേതൃത്വം നല്‍കിയ ടി.കെ ഗോവിന്ദനെയും കുഞ്ഞികൃഷ്ണനെയും പോലെയുള്ള സിപിഎമ്മിന്റെ ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്ന നേതാക്കമാരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പട്ടികയാണ് പുറത്ത് വന്നത്. കൃപേഷ്, ശരത്‌ലാല്‍, ശുഹൈബ് തുടങ്ങിയവരുടെ കൊലയാളികള്‍ക്ക് സംരക്ഷണമൊരുക്കിയ സിപിഎം നേതാക്കളെ പിന്തുണയ്‌ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് താന്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നതെന്ന് ആര്‍.എസ് അരുണ്‍രാജ് പറഞ്ഞു.
















