ടെഹ്റാൻ: അമേരിക്കയും ഇസ്രായേലുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വക്താവ് അലി മുഹമ്മദ് നൈനി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെയാണ് കൊല്ലപ്പെട്ടത്. ഇറാനിയൻ സ്റ്റേറ്റ് മീഡിയയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇറാന്റെ സായുധ സേനയുടെ പ്രധാന വിഭാഗമാണ് ഐആർജിസി.
അതിരാവിലെ “അമേരിക്കൻ-സയണിസ്റ്റ് വിഭാഗം നടത്തിയ ഭീകരാക്രമണത്തിൽ ” നൈനി രക്തസാക്ഷിത്വം വരിച്ചതായി ഐആർജിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ സെപാ ന്യൂസ് പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കയ്‌ക്കും ഇസ്രായേലിനുമെതിരെ നൈനി നടത്തിയ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് കൊലപാതകം നടന്നത്.
“നമ്മുടെ മിസൈൽ വ്യവസായം കുറ്റമറ്റതാണ്… യുദ്ധസാഹചര്യത്തിലും മിസൈൽ ഉൽപ്പാദനം തുടരുന്നതിനാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ട” എന്ന് നൈനി പറഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
ഈ ആഴ്ച ഇറാന്റെ ഭരണ-സൈനിക നേതൃത്വത്തിന് ഏൽക്കുന്ന നാലാമത്തെ വലിയ ആഘാതമാണിത്. മുതിർന്ന ഉദ്യോഗസ്ഥരായ അലി ലാറിജാനി, ഗുലാംറെസ സുലൈമാനി, രഹസ്യാന്വേഷണ മന്ത്രി ഇസ്മായിൽ ഖത്തീബ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.
















