തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്‌ച്ചപാടിന് പിന്തുണയുമായി കേരളത്തില്‍ കൂടുതല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍. എഐഡിഎംകെ, എന്‍സിപി (അജിത് പവാര്‍), ന്യൂ ലേബര്‍ പാര്‍ട്ടി, ആര്‍എല്‍ഡി, ഭാരതീയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നീ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി.
എഐഡിഎംകെ സംസ്ഥാന അധ്യക്ഷന്‍ ഹരി ബാബു, എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഡോ. സജി പോത്തന്‍ തോമസ്, ഭാരതീയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍, ആര്‍എല്‍ഡി സംസ്ഥന അധ്യക്ഷന്‍ ഷാഹിദ് അഹമ്മദ് എന്നിവരെ ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു.
ഇടത് -വലത് മുന്നണികളുടെ വികസന വിരുദ്ധ സമീപനങ്ങളില്‍ മനംമടുത്ത് കൂടുതല്‍ പേര്‍ ഇന്നും ബിജെപിയില്‍ ചേര്‍ന്നു.
ആര്‍ ജെ ഡി മുന്‍ സംസ്ഥാന സെക്രട്ടറിയും എസ്എന്‍ഡിപി യൂണിയൻ കോവളം യൂണിയന്‍ പ്രസിഡന്റുമായ ടി എന്‍ സുരേഷ്, കോണ്‍ഗ്രസ് ഡിസിസി അംഗവും കരുവാളൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ പ്രകാശ് കുമാര്‍, കോന്നി, തള്ളിത്തോട് പഞ്ചായത്ത് മെമ്പറും കോന്നി ഏരിയാ കമ്മിറ്റി അംഗവുമായ എം ലാലാജി , യുവ ടെക്നോക്രാറ്റ് വിഷ്ണു സുരേന്ദ്രന്‍, ദളിത് കൂട്ടായ്‌മ നേതാവ് ദിനകര്‍ കോട്ടക്കുഴി എന്നിവരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
എന്‍ഡിഎ ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്, പൂന്തുറ ശ്രീകുമാർ എന്നീ ബിജെപി-എന്‍ഡിഎ നേതാക്കളും പങ്കെടുത്തു.
















