കൊല്ലം: യു ഡി എഫില്‍ പുനലൂര്‍ സീറ്റിനെ ചൊല്ലി തര്‍ക്കം തുടരുന്നു. സീറ്റ് ഔദ്യോഗികമായി മുസ്ലിം ലീഗിന് കോണ്‍ഗ്രസ് വിട്ടുനല്‍കിതില്‍ പ്രാദേശിക നേതൃത്വം കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്.
കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് സീറ്റ് വീണ്ടും മുസ്ലീം ലീഗിന് നല്‍കിയത്. ഇതിന് പിന്നാലെ ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസിനെ യു ഡി എഫ് സ്ഥാനാര്‍ഥിയി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ബദല്‍ സ്ഥാനാര്‍ഥിയായി നെല്‍സണ്‍ സെബാസ്റ്റ്യനെ പ്രഖ്യാപിക്കുകയായിരുന്നു. ഡി സി സി ട്രഷററും യു ഡി എഫ് പുനലൂര്‍ നിയോജകമണ്ഡലം ചെയര്‍മാനുമാണ് നെല്‍സണ്‍ സെബാസ്റ്റ്യന്‍.
കെ പി സി സി നേതാക്കള്‍ അടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന പ്രതീക്ഷയില്‍ കെ പി സി സി നേതാക്കളുടെ നേതൃത്വത്തില്‍ വലിയ കണ്‍വെന്‍ഷന്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.
ഔദ്യോഗിക തീരുമാനം വന്നെങ്കിലും പിന്മാറില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പുനലൂര്‍ നഗരത്തിലടക്കം സ്ഥാനാര്‍ഥിയുമായി കോണ്‍ഗ്രസ് പ്രകടനവും നടത്തി. നിലവില്‍ പുനലൂര്‍ നഗരസഭ കൗണ്‍സിലര്‍ കൂടിയാണ് നെല്‍സണ്‍ സെബാസ്റ്റ്യന്‍. മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ തുടര്‍ച്ചയായി തോല്‍ക്കുന്നതുകൊണ്ടാണ് വിജയ സാധ്യത പരിഗണിച്ച് പുനലൂര്‍ ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമായത്.
















