കോഴിക്കോട്: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. ഫാത്തിമ തഹലിയയെയും ജയന്തി രാജനെയും സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പരസ്യ പ്രതികരണവുമായി രംഗത്തെത്തി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് വനിതാ ലീഗിനെ പൂര്‍ണമായും തഴഞ്ഞെന്നാണ് നൂര്‍ബിനയുടെ ആരോപണം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ വനിതാ ലീഗിന് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്നും പരസ്യപ്രതികരണം നടത്തുന്നതിന് മുമ്പ് വിഷയം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും നൂര്‍ബീന റഷീദ് മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് സ്ഥാനാര്‍ത്ഥിയാകാനല്ല, എന്നാല്‍ വനിതാ ലീഗില്‍ ഒരുപാട് സ്ത്രീകളുണ്ട്. അവര്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കണമെന്നും നൂര്‍ബിന വ്യക്തമാക്കി. പറയാനുള്ളതെല്ലാം കൃത്യമായി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് വിട്ട് താന്‍ എങ്ങോട്ടും പോകില്ല. അങ്ങനെ പോകണമായിരുന്നെങ്കില്‍ എന്നേ പോകാമായിരുന്നുവെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.
വനിതാ ലീഗിനെ നേതൃത്വം അവഗണിച്ചു, തഴഞ്ഞു. അനീതിയാണുണ്ടായത്. ആ വേദന നേതൃത്വം മനസിലാക്കണം. അനീതിക്കെതിരെ ശബ്ദിക്കണമെന്നാണ് തന്റെ നിലപാട്. എത്ര വലിയ പദവി തന്നാലും മറ്റൊരു പാര്‍ട്ടിയുടെയും വാഗ്ദാനം സ്വീകരിക്കില്ല. അത്തരം കാര്യങ്ങളില്‍ ഇതുവരെ ചര്‍ച്ചയും നടന്നിട്ടില്ല. വനിതാ ലീഗ് എന്ന സംഘടനയെ സംരക്ഷിക്കും. ലീഗില്‍ അടിയുറച്ച് വിശ്വസിക്കുന്ന ആളാണ് താനെന്നും അവര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നൂര്‍ബിന റഷീദ് പരസ്യപ്രതികരണവുമായി രംഗത്തുവന്നിരുന്നു. ഫാത്തിമ തഹലിയയെയും ജയന്തിരാജനെയും സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്നായിരുന്നു നൂര്‍ബിന ചോദിച്ചിരുന്നത്. ഫാത്തിമ തഹലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ മുഖമല്ലെന്നും അവര്‍ പറഞ്ഞു. പാണക്കാട് തങ്ങളെ വിമര്‍ശിച്ചവര്‍ക്കാണ് സീറ്റ് നല്‍കിയതെന്നും ഫാത്തിമ തഹലിയയെ ഉന്നമിട്ട് നൂര്‍ബിന റഷീദ് ആരോപിച്ചിരുന്നു. കൂത്തുപറമ്പില്‍ ദളിത് ലീഗ് നേതാവായ ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തഹലിയയുമാണ് ലീഗില്‍ നിന്ന് ജനവിധി തേടുന്ന വനിതാ സ്ഥാനാര്‍ത്ഥികള്‍.
















