കണ്ണൂര്‍:പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും തുടര്‍ന്ന് സി പി എം പുറത്താക്കുകയും ചെയ്ത ടികെ ഗോവിന്ദനെതിരെ മരുമകളും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ ടി കെ സുലേഖ.പാര്‍ട്ടിയോടൊപ്പം നില്‍ക്കുമ്പോഴാണ് വ്യക്തി മഹാനാവുന്നതെന്നും ടി കെ ഗോവിന്ദന്‍ പാര്‍ട്ടിയിലാണെങ്കില്‍ ആളുകളുടെ പിന്തുണയുണ്ടാവുമെന്നും അല്ലാത്ത പക്ഷം അതുണ്ടാവില്ലെന്നും സുലേഖ പറഞ്ഞു.
ടി കെ ഗോവിന്ദന്‍ ഇപ്പോള്‍ ചെയ്തത് മലപ്പട്ടത്തുള്ളവര്‍ പിന്തുണയ്‌ക്കുന്നില്ല.രക്ത ബന്ധത്തിനും മുകളിലാണ് പാര്‍ട്ടി.താന്‍ ചെറുപ്പം മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പമാണ്.എം വി ഗോവിന്ദന്റെ ഭാര്യയെന്ന നിലയിലാണ് ശ്യാമള ടീച്ചറെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്ന ആരോപണം സ്ത്രീ വിരുദ്ധമാണെന്നും ടി കെ സുലേഖ പറഞ്ഞു.
കുടുംബം പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും സുലേഖ പറഞ്ഞു.ആരും പാര്‍ട്ടിക്ക് അതീതരല്ല.ടി കെ ഗോവിന്ദന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്ന് കേള്‍ക്കുന്നത് സത്യമാവില്ലെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് ടി കെ സുലേഖ വ്യക്തമാക്കി.
















