നൂതന സാങ്കേതിക വിദ്യകളുടെ വ്യാപനവും കാലാനുസൃതമായ മാനവ വിഭവശേഷി വികസനവും ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ നയപരിപാടികളുമാണ് വ്യാവസായിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. യന്ത്രവത്കരണവും സാങ്കേതിക വിദ്യകളും നിര്‍മാണ-സേവന രംഗങ്ങളില്‍ പ്രാരംഭകാലം മുതല്‍ ഫലപ്രദമായി ഉപയോഗിച്ച രാജ്യങ്ങളെല്ലാം ഉന്നത സാമ്പത്തിക വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നാണ് ചരിത്രം. അതുകൊണ്ടാണ് അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ വാഹന നിര്‍മാണ രംഗത്ത് ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നത്. ആയുധ നിര്‍മാണം, വിവരസാങ്കേതിക വിദ്യ, കൃത്രിമ ബുദ്ധി തുടങ്ങിയ മേഖലകളില്‍ ചില രാജ്യങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതിന്റെ കാരണവും ഇതുതന്നെ. തുടര്‍ച്ചയായ മാറ്റങ്ങളിലൂടെ ഉന്നതമായ പ്രവര്‍ത്തനക്ഷമത കൈവരിച്ച സമ്പന്ന രാഷ്‌ട്രങ്ങളാണ് ലോക വിപണി കീഴടക്കിയതും വികസ്വര രാജ്യങ്ങളുടെ ആശ്രയമായി മാറിയതും. ഭാവിയെ നിയന്ത്രിക്കുന്ന കൃത്രിമ ബുദ്ധി രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നത് രാജ്യത്തിന് ഇനി ഒരവസരവും നഷ്ടപ്പെടരുത് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.
ഇരുപതാം നൂറ്റാണ്ടിലെ രണ്ട് ലോകയുദ്ധങ്ങളുടെ നാശത്തില്‍ നിന്ന് ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കരകയറിയത് വ്യാവസായിക മേഖലയിലെ യന്ത്രവത്കരണത്തിലൂടെയും നൂതന സാങ്കേതിക വിദ്യകളിലൂടെയുമാണ്. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, പിന്നീട് ചൈന എന്നിവിടങ്ങളില്‍ ദീര്‍ഘവീക്ഷണമുള്ള സര്‍ക്കാര്‍ നയങ്ങള്‍ കാരണം മാനവശേഷി വികസനത്തിലും സാങ്കേതിക വിദ്യയിലും വന്‍ സ്വകാര്യ നിക്ഷേപം നടന്നു. അവിടെയെല്ലാം വികസനം ഒരു പൊതുലക്ഷ്യമായി കണ്ടു. എന്നാല്‍ ഭാരതത്തില്‍ ദീര്‍ഘകാലം ഭരിച്ചവര്‍ക്ക് ഇവയെല്ലാം അന്യമായിരുന്നു. സ്വാതന്ത്ര്യാനന്തരം അരനൂറ്റാണ്ടോളം ‘റൊട്ടി, കപ്പഡ, മക്കാന്‍’ (ആഹാരം, വസ്ത്രം, പാര്‍പ്പിടം) എന്ന മുദ്രാവാക്യത്തിലാണ് ഭരണാധികാരികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ ദാരിദ്ര്യനിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യം പോലും പൂര്‍ണ്ണമായി കൈവരിച്ചില്ല. ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഭൂരിഭാഗം ഗ്രാമങ്ങളിലും വൈദ്യുതിയും വെള്ളവും പ്രാഥമിക ആരോഗ്യ സൗകര്യങ്ങളും അന്യമായി തുടര്‍ന്നു.
കാളവണ്ടികള്‍ മാത്രം മതിയാകുമെന്ന് കരുതിയ പഴയ ഭരണാധികാരികള്‍ സാങ്കേതിക വിദ്യകള്‍ അനാവശ്യമാണെന്ന് തെറ്റിദ്ധരിച്ചു. യന്ത്രവത്കരണം തൊഴിലില്ലായ്‌മ സൃഷ്ടിക്കുമെന്ന അവരുടെ തെറ്റായ ധാരണ ടെക്‌സ്‌റ്റൈല്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ ഉല്‍പ്പാദനക്ഷമത ഇല്ലാതാക്കി. ഇത് ആഗോളതലത്തില്‍ ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളോട് പോലും കിടപിടിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഭാരതത്തെ എത്തിച്ചു. കൃഷിക്ക് ആവശ്യമായ രാസവളങ്ങള്‍ പോലും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തത് വന്‍ വിദേശനാണ്യ കടത്തിനും പണപ്പെരുപ്പത്തിനും വഴിവെച്ചു.
ഇതിനൊരു ഉദാഹരണമാണ് അമേരിക്കയില്‍ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്തപ്പോള്‍ കൂടെ വന്ന ‘പാര്‍ത്തീനിയം’ (കോണ്‍ഗ്രസ് ഗ്രാസ്) എന്ന കള. ഇത് നമ്മുടെ വിളനിലങ്ങളെ നശിപ്പിക്കുക മാത്രമല്ല, ആസ്തമ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ പടര്‍ത്തുകയും ചെയ്തു. ഭക്ഷ്യവസ്തുക്കളും ആയുധങ്ങളും മരുന്നുകളും വരെ ഇറക്കുമതി ചെയ്യേണ്ടി വന്ന ഒരു ഇരുണ്ട ഭൂതകാലം നമുക്കുണ്ടായിരുന്നു. സ്വദേശി വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അന്നത്തെ സര്‍ക്കാര്‍ കാട്ടിയ അലംഭാവത്തിന് മികച്ച ഉദാഹരണമാണ് ടാറ്റ മോട്ടോഴ്സിന് (അന്നത്തെ ടെല്‍കോ) മെര്‍സിഡസ് ബെന്‍സ് കാറുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കാതിരുന്നത്. 1960-കളില്‍ ആ സാങ്കേതിക വിദ്യ നമുക്ക് ലഭിച്ചിരുന്നെങ്കില്‍ ഭാരതം ഇന്ന് എവിടെ എത്തുമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ ചോദിക്കുന്നു. ടാറ്റ കെമിക്കല്‍സ് വിഭാവനം ചെയ്ത മിഥാപൂരിലെ ആധുനിക രാസവള പദ്ധതിയും അക്കാലത്തെ ഭരണാധികാരികള്‍ തടസ്സപ്പെടുത്തി.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ നരസിംഹ റാവു സര്‍ക്കാര്‍ ഉദാരവത്കരണത്തിന് തുടക്കമിട്ടത് വിദേശ കടബാധ്യതയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപാധിയായിട്ടായിരുന്നു. എന്നാല്‍ അഴിമതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം അതിന്റെ പൂ
ര്‍ണ്ണ ഗുണം ലഭിച്ചില്ല. എന്നാല്‍ ഇന്ന് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കാലാനുസൃതമായ മാറ്റങ്ങളാണ്. ഭാരതീയ പ്രതിഭകളെ സ്വദേശത്ത് തന്നെ നിലനിര്‍ത്താനും ആഗോള ടെക്‌നോളജി കമ്പനികളെ ഭാരതത്തിലേക്ക് ആകര്‍ഷിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നു. 2026-27 വര്‍ഷത്തെ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഈ വികസന കാഴ്ചപ്പാട് പ്രകടമാണ്.
ഇന്ന് ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവയോടൊപ്പം സ്മാര്‍ട്ട് ഫോണും ബാങ്ക് അക്കൗണ്ടും സാങ്കേതിക വിദ്യകളും ഓരോ പൗരന്റെയും അത്യാവശ്യമായി മാറി. സാധാരണക്കാരന്റെ ആവശ്യങ്ങള്‍ കൃത്രിമ ബുദ്ധിയിലൂടെ വിശകലനം ചെയ്ത് സേവനങ്ങള്‍ നല്‍കുന്ന പുതിയ കച്ചവട രീതികള്‍ നിലവില്‍ വന്നു. ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ കൈവശം വെച്ചിരിക്കുന്ന ഭാരതീയരുടെ ഡാറ്റ രാജ്യത്തിന് ഉള്ളില്‍ തന്നെ സൂക്ഷിക്കണമെന്ന സര്‍ക്കാരിന്റെ തീരുമാനം ഭാവിയിലേക്കുള്ള കരുതലാണ്. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന ആശയത്തിലൂടെ തദ്ദേശീയമായ സ്റ്റാര്‍ട്ടപ്പുകളെയും വ്യവസായങ്ങളെയും വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
145 കോടി ജനങ്ങളുള്ള രാജ്യത്തിന്റെ വികസന കുതിപ്പില്‍ പൗരന്മാരുടെ ആവശ്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. എ.ഐ ഉച്ചകോടി പോലുള്ള പരിപാടികളിലൂടെ ആധുനിക സാങ്കേതിക വിദ്യയില്‍ ഭാരതം മുന്‍പന്തിയില്‍ എത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ഈ യാത്രയില്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാകണം.
(മുംബൈ ആസ്ഥാനമായ ഇക്കോസ്റ്റാര്‍ ബിസിനസ് എഡിറ്ററാണ് ലേഖകന്‍)
















