ആലുവ : നെടുമ്പാശ്ശേരിയിൽ 6.5 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. പശ്ചിമ ബംഗാൾ ആലിപ്പൂർ സ്വദേശി ബാബുൽ മിത്ര (41) യെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശ്ശേരി പോലീസും ചേർന്ന് പിടികൂടിയത്.
ആലുവ മാറമ്പിള്ളി ഭാഗത്തേക്ക് വില്പനക്കായി കൊണ്ടുവന്ന കഞ്ചാവ് അത്താണി എയർപോർട്ട് സിഗ്നൽ ജംഗ്ഷനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നു മാണ് പിടികൂടിയത്. ബംഗാളിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടിയിൽ യാത്ര ചെയ്ത് കോയമ്പത്തൂരിൽ ഇറങ്ങുകയായിരുന്നു. അവിടെ നിന്ന് ബസ് മാർഗം അത്താണിയിലെത്തി. ബാഗിൽ പ്രത്യേകം പൊതിഞ്ഞ പായ്‌ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പോലീസ് പിടികൂടാതിരിക്കാനാണ് കോയമ്പത്തൂർ വരെ ട്രയിനിലെത്തി, തുടർന്ന് ബസിൽ യാത്ര ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനായിരുന്നു പദ്ധതി.
നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി ജെ.ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ബാബുക്കുട്ടൻ, എസ്.ഐമാരായ അജീഷ്.കെ ജോൺ, ടി.അനൂപ്, ബിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















