കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ലഹരിവിമുക്ത കേന്ദ്രമായ ആശുപത്രിക്ക് നേരെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം. ആക്രമണത്തിൽ 250 ഓളം പേർക്ക് പരിക്കേറ്റതായും ആശുപത്രി കെട്ടിടം പൂർണ്ണമായും തകർന്നതായും താലിബാൻ വക്താവ് ഹംദുള്ള ഫിത്രത്ത് വ്യക്തമാക്കി.
ആക്രമണം നടക്കുമ്പോൾ ഏകദേശം 3,000 ഓളം അന്തേവാസികൾ ഈ കേന്ദ്രത്തിൽ ചികിത്സയിലുണ്ടായിരുന്നു എന്നാണ് വിവരം. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തീ അണയ്‌ക്കാൻ അഗ്നിശമനസേനാംഗങ്ങൾ പണിപ്പെടുന്ന ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, ആശുപത്രിയോ സിവിലിയൻ കേന്ദ്രങ്ങളോ ലക്ഷ്യം വെച്ചിട്ടില്ലെന്ന് പാകിസ്താൻ വാദിച്ചു.
കഴിഞ്ഞ ഫെബ്രുവരി 27 മുതൽ അഫ്ഗാനിസ്ഥാനുമായി പാകിസ്താൻ തുറന്ന യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്.
















