ഭാരതത്തിന്റെ അയല്‍ രാജ്യമായ നേപ്പാളില്‍ രൂപപ്പെട്ടുവരുന്ന പുതിയ രാഷ്‌ട്രീയ-ഭരണ അന്തരീക്ഷം പ്രതീക്ഷാ നിര്‍ഭരമാണ്. സംഗീതജ്ഞനും കാഠ്മണ്ഡു മേയറുമായ ബാലേന്ദ്ര ഷാ നേപ്പാളിന്റെ പ്രധാനമന്ത്രിയാകുന്നതോടെ ആ രാജ്യത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട കലുഷിതവും അസ്ഥിരവുമായ കാലഘട്ടം അവസാനിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ജനപ്രതിനിധി സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ സ്വതന്ത്ര പാര്‍ട്ടി(ആര്‍എസ്പി) കേവലഭൂരിപക്ഷം നേടിയതോടെയാണ് അതിന്റെ നേതാവായ ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയാവുമെന്ന് ഉറപ്പായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്പി നേതാക്കളായ റബി ലാമി ഛാനെയും ബാലേന്ദ്ര ഷായേയും ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും, പുതിയ സര്‍ക്കാരിന് ആശംസകള്‍ നേരുകയും ചെയ്തു. ഇരു രാജ്യങ്ങളുടെയും പരസ്പര പുരോഗതിക്കും ക്ഷേമത്തിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഭാരതം പ്രതിബദ്ധമാണെന്ന് മോദി വ്യക്തമാക്കി. നേപ്പാളിനു മാത്രമല്ല, ഭാരതത്തിനും ഇതൊരു പുതിയ തുടക്കമാണ്.
നേപ്പാളില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ജെന്‍-സി അഥവാ പുതുതലമുറയുടെ, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെയാണ് ബാലേന്ദ്ര ഷായുടെ താരോദയം സംഭവിക്കുന്നത്. പ്രതിഷേധക്കൊടുങ്കാറ്റില്‍ മാവോയിസ്റ്റുകളും കോണ്‍ഗ്രസുമൊക്കെ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ നിലംപതിക്കുകയും ജനവിരുദ്ധരായ മന്ത്രിമാരെ യുവാക്കള്‍ തെരുവില്‍ നേരിടുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ പാര്‍ലമെന്റിലേക്കും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികളിലേക്കു യുവാക്കള്‍ ഇരച്ചു കയറി. പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിക്ക് രാജിവച്ച് പുറത്തു പോകേണ്ടിവന്നു. സൈന്യവും പോലീസും നടത്തിയ വെടിവയ്‌പ്പില്‍ ഇരുപതോളം യുവാക്കള്‍ മരിച്ചു. സംഘര്‍ഷഭരിതമായ ഈ നാളുകളില്‍ ഏറ്റവും സ്വാധീനമുള്ള മുഖം ‘ബാലെന്‍’ എന്നു വിളിപ്പേരുള്ള ബാലേന്ദ്ര ഷായുടെതായിരുന്നു. അന്നുതന്നെ പ്രധാനമന്ത്രിയാവാന്‍ കഴിയുമായിരുന്നെങ്കിലും ബാലേന്ദ്ര അതിന് ശ്രമിച്ചില്ല. താന്‍ അധികാരമോഹിയല്ലെന്ന് തെളിയിക്കാന്‍ ഇതിലൂടെ കഴിഞ്ഞു.
കലാപത്തിന്റെ അലകള്‍ അടങ്ങിയിട്ടില്ല. അതിനിടെയാണ് ബാലേന്ദ്ര ഷാ നേപ്പാളിന്റെ ഭരണാധികാരിയാവുന്നത്. കാഠ്മണ്ഡുവില്‍ ജനിച്ച ‘ബാലെന്‍’ നേപ്പാളില്‍ സിവില്‍ എഞ്ചിനീയറിങ് പഠിച്ചശേഷം ഭാരതത്തിലെത്തി കര്‍ണ്ണാടകയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സ്ട്രക്ചറല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ്. വിദ്യാഭ്യാസ കാലത്തും ബാലെന്‍ സംഗീതാഭിരുചി കൈവിട്ടില്ല. അങ്ങനെയാണ് ഹിപ് ഹോപ്പ് രംഗത്തെത്തിയത്. തന്റെ സംഗീതത്തില്‍ സാമൂഹിക വിഷയങ്ങളെയാണ് ബാലെന്‍ അഭിസംബോധന ചെയ്തത്. നേപ്പാളിലെ അസമത്വം, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ പാട്ടുകളുടെ വരികളായി മാറി. തങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നതെല്ലാം സംഗീതമായി മുന്നിലെത്തിയപ്പോള്‍ പുതുതലമുറ ബാലേന്ദ്രയില്‍ സ്വന്തം നേതാവിനെ കണ്ടു. ഇതിനിടെയാണ് രാഷ്‌ട്രീയത്തിലേക്കും ബാലെന്‍ ചുവടുമാറ്റിയത്.
വ്യക്തിപരമായ താല്‍പ്പര്യങ്ങളില്ലാതെ രാജ്യത്തിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച ബാലേന്ദ്ര പ്രധാനമന്ത്രിയാവുന്നതോടെ നേപ്പാളിലെ രാഷ്‌ട്രീയ-ഭരണ രംഗത്തെ തലമുറ മാറ്റമായിരിക്കും സംഭവിക്കുക. അഴിമതിയുടെ കളങ്കമില്ലാത്ത ഈ നേതാവിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്. ലോകത്ത് നിയമപരമായി നിലനിന്ന ഒരേയൊരു ഹിന്ദു രാഷ്‌ട്രമായിരുന്ന നേപ്പാള്‍ ഏറെക്കാലം ഭരിച്ചത് നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ക്രൈസ്തവ മതപരിവര്‍ത്തന ശക്തികളുടെയും, കമ്മ്യൂണിസ്റ്റ് ചൈനയുടെയും കരുനീക്കങ്ങളെ നേരിടാന്‍ കഴിയാതെ വന്നതോടെ ഭരണം മാറി. മാവോയിസ്റ്റ് നേതാവായ പ്രചണ്ഡ പ്രധാനമന്ത്രിയായി. ഹിന്ദു വിരോധം മുഖമുദ്രയാക്കിയ ഈ ഭരണ സംവിധാനത്തിന് അന്ന് ഭാരതത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്-യുപിഎ സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയും ലഭിച്ചു. ശത്രുരാജ്യമായ ചൈനയ്‌ക്ക് അനുകൂലവും, ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമായ നടപടിയായിരുന്നു ഇത്. കമ്മ്യൂണിസ്റ്റു ചൈനയുടെ പിന്തുണയോടെ ഭാരത വിരോധം വളര്‍ത്തുകയും രാഷ്‌ട്രീയമായ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്ത മാവോയിസ്റ്റ് ഭരണകൂടം നേപ്പാളിന്റെ സാംസ്‌കാരിക പൈതൃകത്തെ മാറ്റിമറിക്കുന്നതിനായി വൈദേശിക ശക്തികളുടെ പിന്തുണയോടെ പല നടപടികളും സ്വീകരിച്ചു.
പിന്നീട് നിരവധി ഭരണ മാറ്റങ്ങള്‍ക്ക് നേപ്പാള്‍ വേദിയായെങ്കിലും അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും രാജ്യത്തെ തകര്‍ച്ചയുടെ വക്കിലെത്തിച്ചു. ആഡംബരത്തില്‍ മുങ്ങിക്കുളിച്ച ഭരണാധികാരികള്‍ രാജ്യത്തിന്റെ ഭാവി ഇരുളിലാഴ്‌ത്തി. യുവാക്കള്‍ക്ക് രണ്ടും കല്‍പ്പിച്ച് പ്രക്ഷോഭവുമായി രംഗത്തിറങ്ങേണ്ടിവന്നു. ഈയൊരു പശ്ചാത്തലത്തിലാണ് നെറ്റിയില്‍ കുങ്കുമക്കുറിയുമായി പ്രത്യക്ഷപ്പെടുന്ന, കേവലം മുപ്പത്തിയഞ്ച് വയസ്സുള്ള ബാലെന്‍ ഈ ഹിമാലയന്‍ രാജ്യത്തിന്റെ ഭരണാധികാരിയാവുന്നത്. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും പാരമ്പര്യത്തിലും ആധുനികതയിലും ഒരുപോലെ കാലുറപ്പിച്ചു നില്‍ക്കുന്ന ഈ നേതാവ് നേപ്പാളിന്റെ ചരിത്രപരമായ നിയോഗം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം.













