തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി തല്ലിക്കൊന്നു. ഇന്നലെ അര്‍ദ്ധരാത്രി കഴിഞ്ഞും നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് നായയെ കണ്ടെത്തിയത്. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി സംരക്ഷകനാണ് നായയെ പിടികൂടിയത്. പിടികൂടിയ നായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു.
നായക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാന്‍ പരിശോധന നടത്തും. നായയുടെ കടിയേറ്റ മൂന്ന് നാട്ടുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുത്തിവെയ്‌പ് നടത്തി. അതേസമയം, കാർത്ത്യായനിയുടെ മൃതദേഹം കാണാൻ നാട്ടുകാരെത്തിയപ്പോൾ ആംബുലൻസ് ഡ്രൈവർ പറഞ്ഞു -”മനക്കട്ടി ഇല്ലാത്തവർ ഇവിടേക്ക് വരരുത്.”
മുഖത്ത് മാംസം അവശേഷിപ്പിക്കാത്ത രീതിയിലായിരുന്നു തെരുവുനായയുടെ ആക്രമണം. നരച്ച മുടി രക്തത്തിൽ കുതിർന്നിരുന്നു. മാറിടത്തിലും നായ ആക്രമിച്ചിരുന്നു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് തൃശ്ശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകീറി കൊന്നത്. വയോധികയുടെ മാനസികാസ്വാസ്ഥ്യമുള്ള മകനേയും നായ മാരകമായി കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.













