പാലക്കാട്: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തവെ വനംവകുപ്പ് വാച്ചര്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലാണ് വനംവകുപ്പ് വാച്ചര്‍ ഷൈജു (28) കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.
രണ്ട് കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങിയെന്ന വിവരത്തെ തുടര്‍ന്നാണ് പത്തുപേരടങ്ങുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ആനകളെ തുരത്തുന്നതിനിടെ ഒരാന ഷൈജുവിനെ ആക്രമിക്കുകയായിരുന്നു.
ഷൈജുവിനെ ഉടന്‍ തന്നെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
















