കട്ടപ്പന: മൂന്നാറിന്റെ ചരിത്രത്തിലിടം നേടിയ നൂറ്റാണ്ട് പിന്നിടുന്ന ഒരു പഴഞ്ചന്‍ കെട്ടിടമാണ് ലോഡ്ജ് ഹെദര്‍ നമ്പര്‍ 928 എസ്‌സി1. എന്നാല്‍ ഇതൊരു ലോഡ്ജ് അല്ലെന്നതാണ് കൗതുകരമായ വസ്തുത. പഴയ മൂന്നാറില്‍ നിന്നും ചൊക്ക നാടിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മണ്ട വെട്ടിക്കോവില്‍ അഥവ തലവെട്ടുന്ന ദേവാലയം എന്ന പേടിപ്പെടുത്തുന്ന ഒരു പേര് കൂടിയുണ്ട് ലോഡ്ജ് ഹെദറിന്.
പ്രേതങ്ങള്‍ (സായ്‌പുമാരുടെ) അലഞ്ഞുതിരിയുന്ന സ്ഥലമാണെന്നും സാത്താന്‍ സേവക്കാരുടെ ആസ്ഥാനമാണെന്നുമൊക്കെയാണ് പ്രചരിക്കുന്ന മറ്റ് കഥകള്‍. മൂന്നാര്‍ പിരിച്ചെഴുതുകയാണെങ്കില്‍ മൂന്ന് ആറുകള്‍ 666 ഇത് സാത്താന്‍ സേവക്കാരുടെ ഇഷ്ടനമ്പരാണെന്ന വിശ്വാസമാണ് ഇതിന് പിന്‍ബലമേകുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് തേയിലത്തോട്ടങ്ങളിലെ കങ്കാണിമാര്‍ തലവെട്ട് നടത്തിയ സ്ഥലമാണത്രെ! പള്ളിക്കു മുമ്പേ സെമിത്തേരി ഉണ്ടായ സ്ഥലമാണ് മൂന്നാര്‍. ഇവിടെ ബ്രിട്ടീഷുകാരുടെ ഒട്ടേറെ ശവകുടീരങ്ങള്‍ ഇന്നും ഉണ്ട്. എന്നാല്‍ 1902 ല്‍ ബ്രിട്ടീഷുകാര്‍ ഈ ചരിത്ര കഥകളുറങ്ങുന്ന ഹെദര്‍ ലോഡ്ജ് നിര്‍മ്മിച്ചത് ദേവാലയമെന്ന പേരില്‍ പ്രാര്‍ത്ഥന നടത്താനും മറ്റ് ചടങ്ങുകള്‍ക്കുമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
മൂന്നാറിലെ ഏറ്റവും പഴക്കമുള്ളതും ആദ്യത്തെ ക്രൈസ്തവ ദേവാലയുമായ സിഎസ്‌ഐ പള്ളി വരുന്നതിന് മുമ്പ് ബ്രിട്ടീഷുകാര്‍ ഒരു ദേവാലയമെന്ന പേരില്‍ ഉപയോഗിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. തൊട്ടടുത്തുള്ള ഈ കാടു വഴിയിലൂടെ നേരെ നോക്കി നടന്നാല്‍ പോലും ഹെദര്‍ ലോഡ്ജ് ആരുടെയും കണ്ണില്‍ പെടില്ല. മൂന്നാറില്‍ ബ്രിട്ടീഷുകാര്‍ പണി കഴിപ്പിച്ച് സ്‌കോര്‍ ലാന്‍ഡിന് സമാനമായ നഗരത്തില്‍ വേറിട്ടു നില്‍ക്കുന്നതാണ് ഈ ലോഡ്ജ്.
മുന്‍ കാലങ്ങളില്‍ സ്‌കോര്‍ ലാന്‍ഡ്, അയര്‍ലന്‍ഡ്, യുഎസ്എ, ബ്രിട്ടന്‍ എന്നിങ്ങനെയുള്ള രാജ്യാന്തര സംഘടനകളുടെ യോഗങ്ങളും ഹെദര്‍ ലോഡ്ജില്‍ പലവട്ടം നടന്നിട്ടുണ്ട്. എങ്കിലും ഇന്നും സായ്‌പിന്റെ പ്രേതാലയമെന്നറിയപ്പെടുന്ന ഹെദര്‍ ലോഡ്ജ് മൂന്നാറിലെത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികള്‍ക്ക് ഒരു കൗതുക അത്യപൂര്‍വ്വ കാഴ്ചയാണെന്നത് നിസ്സംശയം പറയാനാകും.
















