കോഴിക്കോട്: ഒരു വയസ് പ്രായമുള്ള കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് യുവതി മുങ്ങി. കുഞ്ഞിനെ സഹയാത്രികനായ യുവാവിനെ ഏൽപ്പിച്ച ശേഷമാണ് യുവതി കടന്നുകളഞ്ഞത്. ഇന്നലെ രാവിലെ പത്തുമണിയോടെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലാണു സംഭവം. യുവതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കുഞ്ഞിനെ പിന്നീട് സിഡബ്ല്യുസി ഒബ്സർവേഷൻ സെന്ററിലേക്ക് മാറ്റി. തിങ്കളാഴ്‌ച്ച രാവിലെ മൂന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട കണ്ണൂർ-കോഴിക്കോട്-പാലക്കാട് പാസഞ്ചർ ട്രെയിനിലാണ് ഒരു വയസ്സുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കടന്നു കളഞ്ഞത്.
ട്രെയിനിൽ കൈക്കുഞ്ഞുമായി കയറിയ യുവതി കുട്ടിയെ സമീപത്തിരുന്ന യുവാവിന്റെ സീറ്റിൽ ഇരുത്തി. അൽപ്പം കഴിഞ്ഞു കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ച് യുവതി ശുചിമുറിയിലേക്ക് പോയി. ഇതേ സമയം ട്രെയിൻ പാലക്കാട്ടേക്ക് പറപ്പെട്ടു. കല്ലായി കഴിഞ്ഞിട്ടും യുവതി വരാത്തതിനാൽ യുവാവ് തിരഞ്ഞെങ്കിലും അവരെ കണ്ടില്ല. ഇതിനിടയിൽ കുട്ടി കരഞ്ഞു. ഒടുവിൽ ട്രെയിൻ ഫറോക്ക് എത്തിയപ്പോൾ യുവാവ് കുട്ടിയുമായി ഇറങ്ങി റെയിൽവേ പൊലീസിന് കൈമാറി. റയിൽവേ പൊലീസ് പിന്നീട് ഫറോക്ക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ച ശേഷം കുട്ടിയെ വെള്ളിമാട്കുന്ന് സിഡബ്ല്യുസിയിൽ എത്തിച്ചു. ബന്ധുക്കൾ വരുന്നതു വരെ കുട്ടിയെ ഒബ്സർവേഷൻ ഹോമിൽ മാറ്റി. കുട്ടിയെ നൽകി യുവതി മുങ്ങിയ സംഭവത്തിൽ യുവാവിന്റെ പരാതിയിൽ കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തു. റെയിൽവെ എസ്ഐ സി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 25 വയസ്സു തോന്നിക്കുന്ന യുവതിയാണു കുഞ്ഞിനെയുമായി ട്രെയിനിൽ കയറിയതെന്നു പൊലീസിന് വ്യക്തമായി. സിസിടിവി പരിശോധിച്ച് യുവതിയെ ഉടനെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.
















