അടുത്തിടെ നടനും രാഷ്ട്രീയ നേതാവുമായ വിജയ്ക്കൊപ്പം ഒരു വിവാഹത്തിൽ പങ്കെടുത്തതോടെ നടി തൃഷ വാർത്തകളിൽ ഇടം നേടിയിരുന്നു. ഭാര്യ സംഗീതയുമായി വിജയ് വേർപിരിയുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇത്. തൃഷയും വിജയും തമ്മിലുള്ള പ്രണയമാണ് വിവാഹമോചനത്തിന് കാരണമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് വിവാഹത്തിനെത്തിയതോടെ ഈ അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി.
ഇതിനൊപ്പം തൃഷയുടെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. 42 വയസായിട്ടും താൻ അവിവാഹിതയായി തുടരുന്നതിന്റെ കാരണങ്ങൾ തൃഷ വിശദീകരിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. വിവാഹത്തിന് അങ്ങനെ കൃത്യമായ പ്രായവും സമയവുമില്ലെന്നും താൻ കണ്ടുമുട്ടുന്ന വ്യക്തിയെ ആശ്രയിച്ചായിരിക്കും തന്റെ തീരുമാനമെന്നും തൃഷ പറയുന്നുണ്ട്. വിവാഹം കഴിഞ്ഞതിനുശേഷം പിന്നീട് വിവാഹമോചനത്തിലേക്ക് പോകുന്നത് താൻ ഇഷ്ടപ്പെടുന്നില്ലെന്നും ജീവിതകാലം മുഴുവൻ ഒരുമിച്ച് കഴിയാൻ പറ്റുന്ന വ്യക്തിയാണെങ്കിൽ മാത്രമേ വിവാഹം കഴിക്കൂ എന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
‘കുറേകാലം ഒരുമിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന വ്യക്തിയാണോ എന്ന് എനിക്ക് തോന്നണം. കാരണം ഞാൻ വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ല. വിവാഹിതയായാൽ പിന്നീട് വിവാഹമോചനം ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ. അങ്ങനെ സംഭവിക്കാൻ ആഗ്രഹിക്കുന്നില്ല.’ അവർ അന്ന് അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.
സന്തോഷം നൽകുന്ന കാരണങ്ങളില്ലാതെ പല ദമ്പതികളും വിവാഹബന്ധം തുടരുന്നത് താൻ കണ്ടിട്ടുണ്ടെന്നും കുട്ടികളും സാമൂഹിക സമ്മർദ്ദവുമാണ് ഇതിന് കാരണമെന്നും തൃഷ പറയുന്നു. ഇത്തരത്തിലുള്ള ഒരു ജീവിതം ആഗ്രഹിക്കുന്നില്ല.
വിവാഹം നടക്കാൻ സാധ്യതയല്ലെന്ന് വിശ്വാസത്തിൽ സുഖമായിട്ടാണ് ജീവിക്കുന്നത്. അത് ഒരിക്കലും സങ്കടകരമായി തോന്നിയിട്ടില്ല. ജീവിതം വ്യത്യസ്തമായ രീതിയിൽ തിരഞ്ഞെടുത്തു എന്ന് മാത്രമാണ് അത് അർത്ഥമാക്കുന്നതെന്നും തൃഷ അന്ന് വ്യക്തമാക്കിയിരുന്നു.












