കൊല്ലം: കൊല്ലം മരുത്തടി ക്ഷേത്രത്തിൽ വെച്ചുണ്ടായ സംഘർഷത്തിൽ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കൗമാരക്കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശി ഹരികൃഷ്‌ണനാണ് മരിച്ചത്. 18 വയസായിരുന്നു. ഉത്സവത്തിനിടെ ആറംഗ സംഘത്തിന്റെ മര്ദനത്തിനിരയായ കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ ഞായറാഴ്ചയാണ് ഹരികൃഷ്‌ണന്റെ മരണത്തിന് ഇടയാക്കിയ സംഘർഷവും മർദനവും ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവരികയും ചെയ്തിരുന്നു.
ഉത്സവാഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഹരികൃഷ്ണനേയും സഹോദരൻ ജയകൃഷ്ണനേയും ബന്ധുവായ രാജേഷിനേയും ആറംഗ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. തടി കൊണ്ടായിരുന്നു മർദനം. ഹരികൃഷ്ണന്റെ തലയ്‌ക്കാൻ മർദനമേറ്റത്. തലയ്‌ക്ക് അടിയേറ്റതിന് പിന്നാലെ ഹരികൃഷ്ണൻ ബോധരഹിതനായി വീഴുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഉടൻ തന്നെ ഹരികൃഷ്ണനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സയിൽ തുടരുന്നതിനിടെയാണ് മസ്തിഷ്കമരണം സംഭവിച്ചത്.
മർദനവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ ശക്തികുളങ്ങര പോലീസ് കേസെടുത്തു. ഇവരിൽ രണ്ടുപേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. കൊല്ലം മരുത്തടി കന്നിമേൽചേരി മരോട്ടിമൂട്ടിൽ സുനിൽകുമാർ(58), മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇനി നാലുപേരെ കൂടി പിടികൂടാനായുണ്ടെന്നും അവർക്കായുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. പ്രത്യക പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.















