ഗൂവാഹത്തി: ആസാമില്‍ ബിജെപിയുടെ തേരോട്ടത്തിന് തടയിടുന്നതിനായി സഖ്യകക്ഷികളുടെ കാലുപിടിച്ച് കോണ്‍ഗ്രസ്. ബിജെപിയെ പരാജയപ്പെടുത്താന്‍ സ്വന്തം മണ്ഡലങ്ങള്‍ പലതും സഖ്യകക്ഷികള്‍ക്ക് നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഈ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തി.
ഖുവാങ്ങിലെയും സിസിബോര്‍ഗാവിലെയും എംഎല്‍എമാരാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരുടേയും അനുയായികള്‍ കഴിഞ്ഞ ദിവസം ദിബ്രുഗഡില്‍ വച്ച് എപിസിസി പ്രസിഡന്റ് ഗൗരവ് ഗോഗോയിയെ ഘെരാവോ ചെയ്തു. രണ്ട് മണ്ഡലങ്ങളും സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മറ്റൊരു വിഭാഗം ഇതിനെ ചോദ്യം ചെയ്‌തെത്തിയതോടെ ഇരൂകൂട്ടരും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തി. തുടര്‍ന്ന് ഇരുകൂട്ടരേയും പോലീസെത്തിയാണ് സംഭവ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്.
അതേസമയം, സഖ്യ ക്രമീകരണങ്ങള്‍ പ്രകാരം കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ ഭൂരിഭാഗവും ബംഗ്ലാദേശി വംശജരായ മുസ്ലീങ്ങള്‍ കൂടുതലുള്ള സീറ്റുകളാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഈ മണ്ഡലങ്ങളെ ചുറ്റിപ്പറ്റിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ തെരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്തുന്നത്. ഇത് ആസാമിലെ തദ്ദേശീയ സമൂഹങ്ങളുടെ താല്‍പര്യങ്ങളില്‍ നിന്നുള്ള വ്യതിചലനത്തെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
















