റോബിനാ (ഓസ്‌ട്രേലിയ): വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഇറാനിയന്‍ ടീം മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിച്ചില്ല. ഗോള്‍ഡ് കോസ്റ്റിലെ സിബസ് സൂപ്പര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനു മുന്നോടിയായി സ്പീക്കറുകളിലൂടെ ഇറാന്‍ ദേശീയഗാനം മുഴങ്ങിയപ്പോള്‍ ടീമംഗങ്ങള്‍ ഒപ്പം പാടാന്‍ തയാറായില്ല. ഉദ്ഘാടന മത്സരം ദക്ഷിണകൊറിയയ്‌ക്കെതിരേയായിരുന്നു. മത്സരത്തിനു മുന്നോടിയായി ടീമംഗങ്ങള്‍ വരിവരിയായി നിന്നെങ്കിലും ഒരാള്‍ പോലും ദേശീയഗാനത്തിനു ചുണ്ടനക്കിയില്ല.
സാധാരണഗതിയില്‍ ദേശീയഗാനം മുഴങ്ങുമ്പോള്‍ താരങ്ങള്‍ ഒപ്പം ആലപിക്കാറുണ്ട്. ഇസ്രയേല്‍, യുഎസ് ആക്രമണങ്ങളില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധസൂചകമായാണ് ഫുട്‌ബോള്‍ താരങ്ങള്‍ ഗാനമാലപിക്കാതിരുന്നതെന്നാണ് കരുതുന്നത്.
ഞായറാഴ്ച വാര്‍ത്താസമ്മേളനത്തിനിടെ, ഇറാന്‍ ക്യാപ്റ്റന്‍ സെഹ്റ ഘന്‍ബരിയോടും കോച്ച് ജാഫരിയോടും ഖമനയിയുടെ മരണത്തെക്കുറിച്ച് ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ ആ ചോദ്യം പെട്ടെന്നുതന്നെ വിലക്കി.
അതേസമയം, മത്സരത്തില്‍ ഇറാനെ ദക്ഷിണകൊറിയ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ ചോ യു-റിയും രണ്ടാം പകുതിയില്‍ കിം ഹ്യെ-രി, കോ യൂ-ജിന്‍ എന്നിവരും നേടിയ ഗോളുകള്‍ കൊറിയയുടെ വിജയം ഉറപ്പിച്ചു. അതിനിടെ, യുഎസും ഇറാനും തമ്മില്‍ യുദ്ധം ആരംഭിച്ചതോടെ ഫിഫ ലോകകപ്പില്‍ ഇറാന്‍ പുരുഷ ടീമിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലായിട്ടുണ്ട്. ലോകകപ്പില്‍നിന്നു പിന്മാറുമെന്ന് ഇറാന്‍ ഫിഫയോടു ഭീഷണി മുഴക്കിയതായി വാര്‍ത്തകളുണ്ട്. ബല്‍ജിയം, ഈജിപ്ത്, ന്യൂസീലന്‍ഡ് ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ജിയിലാണ് ഇറാന്റെ സ്ഥാനം. അമേരിക്കയും ഇസ്രയേലും ഇറാനില്‍ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്തെ ആഭ്യന്തര ഫുട്‌ബോള്‍ ലീഗുകള്‍ ഇതിനകം തന്നെ നിര്‍ത്തിവെച്ചിട്ടുണ്ട്.
ഫിഫ നിയമപ്രകാരം ലോകകപ്പില്‍ നിന്ന് ഒരു രാജ്യം പിന്‍മാറിയാല്‍ ആ കോണ്‍ഫെഡറേഷനിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള, യോഗ്യത നേടാത്ത ടീമിന് അവസരം നല്‍കാം. അങ്ങനെ വന്നാല്‍ ഇറാന് പകരം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ലോകകപ്പിലേക്ക് എത്തിയേക്കാം. ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇറാഖിനോട് പരാജയപ്പെട്ട യുഎഇക്ക് ലോകകപ്പ് യോഗ്യത നേടാനായിരുന്നില്ല.
















