ടെഹ്‌റാന്‍: അമേരിക്കന്‍ പടക്കപ്പല്‍ എബ്രഹാം ലിങ്കണ് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്.നാല് ബാലസ്റ്റിക് മിസൈലുകള്‍ യു എസ് എസ് എബ്രഹാം ലിങ്കണില്‍ പതിച്ചെന്നെന്നാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ (ഐ ആര്‍ ജി സി) ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ എബ്രഹാം ലിങ്കണ്‍ ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം അമേരിക്ക തളളി.
‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4’ ന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഐ ആര്‍ ജി സി അറിയിച്ചു. അമേരിക്കന്‍ – സയണിസ്റ്റ് ശത്രുക്കളുടെ താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളുടെ തുടര്‍ച്ചയാണിത്. ഇറാന്‍ സൈനിക കമാന്‍ഡര്‍മാരുടെ അഭിമാനകരമായ നീക്കമാണിതെന്നും പശ്ചിമേഷ്യയിലെ അമേരിക്കന്‍ സാന്നിധ്യത്തിനെതിരെയുള്ള ശക്തമായ താക്കീതാണിതെന്നും ഐ ആര്‍ ജി അറിയിച്ചു.
ഒമാന്‍ തീരത്തു നിന്ന് 150 മൈല്‍ അകലെയാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍. ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷില്‍ മിസൈല്‍ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
യുഎഇയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.58 പേര്‍ക്ക് പരിക്കേറ്റു.കുവൈറ്റിലും ഇറാന്റെ ആക്രമണം നടന്നു.ഒരാള്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു.
അതിനിടെ, ഇറാന്റെ പ്രത്യാക്രമണത്തില്‍ മൂന്ന് യു എസ് സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു.
















