ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ പ്രതികാരം ഉടനെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷ്‌മെർഗ .
“പ്രതികാരം ചെയ്യേണ്ടത് നമ്മുടെ കടമയും അവകാശവുമാണ്. ഒരു ഭയാനകമായ കുറ്റകൃത്യം നടന്നു. ഇതിന് പിന്നിലുള്ള എല്ലാവരും കനത്ത വില നൽകേണ്ടിവരും. ഖമേനിയുടെ കൊലപാതകം ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കും ഷിയകൾക്കുമെതിരെ യുദ്ധ പ്രഖ്യാപനമാണ്,” മസൂദ് പെഷ്‌മെർഗ പറഞ്ഞു.
ഇറാന്റെ സൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡുകൾ ഇസ്രായേലിനും അമേരിക്കൻ സൈനിക താവളങ്ങൾക്കുമെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നടപടി നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. “നീച കുറ്റവാളികൾ”ക്കെതിരെ കനത്ത പ്രഹരമേൽപ്പിക്കുമെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും പറഞ്ഞു.
ഇറാനിലെ മിക്ക പ്രദേശങ്ങളിലും നിലവിൽ ഇന്റർനെറ്റ് സേവനം പൂർണ്ണമായും തടഞ്ഞിരിക്കുകയാണ് . കണക്റ്റിവിറ്റി ഒരു ശതമാനമായി കുറഞ്ഞുവെന്ന് നെറ്റ്ബ്ലോക്ക്സ് റിപ്പോർട്ട് ചെയ്തു. അതേസമയം ഇറാനെ ആക്രമിക്കുമെന്ന് സൗദി അറേബ്യയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. സൗദിയിലെ നിരവധി നഗരങ്ങളിൽ ഇറാൻ ആവർത്തിച്ച് മിസൈലുകൾ വർഷിക്കുകയും കാര്യമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.
















