തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സേവാഭാരതി നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തി. നഗരത്തിലെ നൂറു കേന്ദ്രങ്ങളിലായി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം മേയര്‍ വി.വി. രാജേഷ് നിര്‍വഹിച്ചു. അയ്യായിരം പ്രവര്‍ത്തകരാണ് ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തത്. ആറ്റുകാലമ്മയുടെ മുഴുവന്‍ ഭക്തര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തനമാണ് സേവാഭാരതി നടത്തുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മേയര്‍ വി.വി. രാജേഷ് പറഞ്ഞു.
പൊങ്കാല അര്‍പ്പണം നടക്കുന്ന എല്ലാ പ്രദേശത്തുമായി നടക്കുന്ന ശുചീകരണം മാതൃകാപരമാണ്. നമ്മുടെ നാട് എപ്പോഴൊക്കെ തന്നെ പ്രതിസന്ധി നേരിട്ടിട്ടുണ്ടോ ആ സമയത്തൊക്കെ തന്നെ വളരെ സജീവമായി മുന്നില്‍ നില്‍ക്കുന്ന പ്രസ്ഥാനമാണ് സേവാഭാരതി. അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മുമ്പ് കുടിവെള്ള ക്ഷാമം വന്നപ്പോഴും സേവാഭാരതിയുടെ പ്രവര്‍ത്തനം കേരളം കണ്ടതാണ്. തീര്‍ച്ചയായിട്ടും തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയര്‍ എന്ന നിലയ്‌ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്ന് വി.വി. രാജേഷ് പറഞ്ഞു.
സേവാഭാരതി ജില്ല അധ്യക്ഷന്‍ അഡ്വ. ഡി. മനു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ്, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. വിജയന്‍, ആര്‍എസ്എസ് ദക്ഷിണ പ്രാന്ത കാര്യകാരി സദസ്യന്‍ പി. സുധാകരന്‍, ആര്‍എസ്എസ് വിഭാഗ് പ്രചാരക് പി. പ്രമോദ്, ജില്ല സംഘ ചാലക് എം. മുരളി, ജില്ല കാര്യവാഹ് അര്‍ജുന്‍ ഗോപാല്‍, സേവാഭാരതി ജില്ല ജനറല്‍ സെക്രട്ടറ സി. സജിത് കുമാര്‍, വിഭാഗ് സഹ സേവാ പ്രമുഖ് രാജേഷ്, ജില്ല സെക്രട്ടറി മോഹന്‍കുമാര്‍ എന്നിവര്‍ ശുചീകരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
















