ന്യൂഡൽഹി ; ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടു. വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ ടെഹ്റാനിൽ പലയിടത്തും ആഹ്ലാദപ്രകടനങ്ങൾ നടന്നു. ഖമേനിയുടെ ആധിപത്യത്തിനും കടുത്ത സ്വേച്ഛാധിപത്യ ഭരണത്തിനും കീഴിൽ ശ്വാസംമുട്ടിയ രാജ്യത്തെ സാധാരണക്കാർ, സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമായി പരമോന്നത നേതാവിന്റെ മരണത്തിൽ സന്തോഷിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച്, ഇറാനിയൻ സ്ത്രീകൾ പരമോന്നത നേതാവിന്റെ മരണത്തെ നൃത്തവും മുദ്രാവാക്യങ്ങളുമായി ആഘോഷിക്കുന്നു.
ഇറാനിലെ സ്ത്രീകൾ തല മറയ്‌ക്കാതെ തെരുവുകളിൽ ആഘോഷിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട് . ഖമേനിയുടെ പുരോഹിത ഭരണത്തിൻ കീഴിൽ, സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും കർശനമായി നിയന്ത്രിക്കപ്പെട്ടിരുന്നു . സ്ത്രീകളുടെ വസ്ത്രധാരണം, വിദ്യാഭ്യാസം, അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഖമേനിയുടെ മരണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചയുടനെ, തലസ്ഥാന നഗരമായ ടെഹ്‌റാനിലും മറ്റ് പ്രദേശങ്ങളിലും താമസിക്കുന്നവർ ആഘോഷങ്ങൾ ആരംഭിച്ചു. ഒരു പലരും പടക്കം കത്തിച്ചും, സംഗീതം ആലപിച്ചും , “സ്വാതന്ത്ര്യം, സ്വാതന്ത്ര്യം” എന്ന് ഉറക്കെ വിളിച്ചുമായിരുന്നു ആഘോഷങ്ങൾ. കരാജിലും ബെസാത് ടൗണിലും, തെരുവുകളുടെ നടുവിൽ കാർ ഹോണുകൾ ഉച്ചത്തിൽ മുഴക്കി ജനക്കൂട്ടം സന്തോഷം പ്രകടിപ്പിച്ചു.
ഫുലാദ്‌ഷഹർ, ബോറാസ്ജൻ, മമാസാനി എന്നിവിടങ്ങളിൽ, മിസൈലുകളും സൈനിക വിമാനങ്ങളും ആക്രമണം തുടരുകയും ഇറാന്റെ ആകാശം കീഴടക്കുകയും ചെയ്തപ്പോഴും ഇറാനികൾ പതാകകൾ വീശുകയും വിസിൽ മുഴക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. തെക്കൻ നഗരമായ ഗാൽ-ഇ-ദാറിൽ, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ റുഹുള്ള ഖൊമേനിയുടെ പ്രതിമ പ്രകടനക്കാർ മറിച്ചിട്ടതായി റിപ്പോർട്ടുണ്ട്.
മുൻപ് ഇറാനിലെ അശാന്തിക്കിടെ, ഒരു സ്ത്രീ ഖമേനിയുടെ ഫോട്ടോ കത്തിക്കുകയും അതിൽ നിന്ന് സിഗരറ്റ് കത്തിക്കുകയും ചെയ്യുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഇന്ന് ഇറാനിയൻ അഭയാർത്ഥിയായി സ്വയം പരിചയപ്പെടുത്തുന്ന മോർട്ടീഷ്യ ആഡംസ്, ഖമേനിയുടെ മരണത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് “നമ്മൾ നിങ്ങളുടെ ശവക്കുഴിയിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞു, അല്ലേ?”എന്നാണ്
ഒരു ഇറാനിയൻ നടി പോലും ഖമേനിയുടെ മരണത്തിൽ ആഘോഷിച്ചു. അവർ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു നൃത്ത വീഡിയോ ഇപ്പോൾ ഓൺലൈനിൽ വൈറലാകുന്നു. ” ടെഹ്‌റാൻ ” എന്ന പരമ്പരയിൽ പ്രധാന വേഷം ചെയ്ത എൽനാസ് നൊറൂസിയാണ് “ സുഹൃത്തുക്കളേ, നമ്മൾ ഒരു സ്വേച്ഛാധിപതിയുടെ മരണം ആഘോഷിക്കുകയാണ്. ഖമേനി പോയി. ” എന്ന് പറഞ്ഞ് നൃത്തം ചെയ്തത്.
അതേസമയം കേരളത്തിലും, ഇന്ത്യയിലും ഖമേനിയുടെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തുകയാണ് ഇടത് ഇസ്ലാം ആക്ടിവിസ്റ്റുകൾ . ഒരു ഖമേനി പോയാൽ ആയിരം ഖമേനിമാർ ജനിക്കും എന്ന് പറഞ്ഞാണ് ഇസ്ലാമിസ്റ്റുകൾ ആശ്വസിക്കുന്നത് . അമേരിക്ക സാമ്രാജ്യത്വ രാഷ്‌ട്രമാണെന്ന് പറഞ്ഞാണ് ഇടത് ആക്ടിവിസ്റ്റുകൾ ദു:ഖം കടിച്ചമർത്തുന്നത് .
















