ടെഹ്റാൻ : ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചത് പശ്ചിമേഷ്യയിൽ വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെ നിരവധി നഗരങ്ങളിൽ ഇസ്രായേലി, അമേരിക്കൻ സൈന്യങ്ങൾ മിസൈലുകൾ പ്രയോഗിച്ചു. ഇറാനിലെ പ്രസിഡൻഷ്യൽ കൊട്ടാരം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപവും സ്‌ഫോടനം ഉണ്ടായി. സ്‌ഫോടനങ്ങൾ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു.
ഇസ്രായേലിന് നേരെ മിസൈലുകൾ പ്രയോഗിച്ചുകൊണ്ട് ഇറാൻ സൈന്യം പ്രതികരിച്ചു. ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങൾക്ക് പൂർണ്ണ ശക്തിയോടെ മറുപടി നൽകുമെന്ന് ഇറാൻ അറിയിച്ചു. ഈ പോരാട്ടം ഇസ്രായേലിലും ഇറാനിലും മാത്രമല്ല പശ്ചിമേഷ്യ മുഴുവൻ പിരിമുറുക്കം വർദ്ധിപ്പിക്കുന്നതാണ്.
അതേ സമയം സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിനുള്ളിൽ രാജ്യം സ്വയം സംരക്ഷിക്കാൻ എല്ലാ സൈനിക മാർഗങ്ങളും ഉപയോഗിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഇറാഖ് എന്നിവിടങ്ങളിലെ തന്റെ സഹപ്രവർത്തകരോട് അരാഗ്ചി ഫോണിൽ വിളിച്ച് ആക്രമണങ്ങളെ തടയേണ്ട ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞു.
ഇതിനിടെ തെക്കൻ ഇറാനിലെ ഒരു സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി ഉയർന്നു, 60 പേർക്ക് പരിക്കേറ്റു. രാജ്യത്തെ സ്റ്റേറ്റ് മീഡിയയായ IRNA റിപ്പോർട്ട് പ്രകാരം രാവിലെ സ്കൂളിന് നേരെ ഇസ്രായേൽ നേരിട്ടുള്ള ആക്രമണം നടത്തിയെന്നാണ്. ആക്രമണം നടക്കുമ്പോൾ സ്കൂളിൽ 170 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നതിനാൽ മരണസംഖ്യ വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചിയുമായി ഫോണിൽ സംസാരിച്ചു. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ പ്രകോപനമില്ലാത്ത സായുധ ആക്രമണങ്ങളെ അപലപിക്കുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് റഷ്യ ആവശ്യപ്പെട്ടു
















