ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ കണക്ക് പരീക്ഷ എഴുതുന്നതിനിടെ ശുചിമുറിയിൽ പോയ പത്താംക്ലാസ് വിദ്യാർത്ഥിനി ആൺകുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരീക്ഷാ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സ്വകാര്യ സ്‌കൂളിലെ ടോയ്‌ലറ്റിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചത്.പരീക്ഷ ആരംഭിച്ച് ഏകദേശം രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴാണ് വിദ്യാർത്ഥിനിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് ശുചിമുറിയിലേക്ക് പോയി.
കുറച്ച് മിനിറ്റുകൾക്ക് ശേഷം നവജാത ശിശുവിന്റെ കരച്ചിൽ കേട്ട അധ്യാപകർ ശുചിമുറിയിലെത്തിയതോടെയാണ് പെൺകുട്ടി പ്രസവിച്ച വിവരം അറിയുന്നത്. ഉടൻ സ്കൂൾ അധികൃതർ ആംബുലൻസ് വിളിച്ച് പെൺകുട്ടിയെയും കുഞ്ഞിനെയും സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി.പരിശോധനയിൽ പെൺകുട്ടി 8 മാസം 2 ആഴ്ച ഗർഭിണിയായിരുന്നെന്ന് സ്ഥിരീകരിച്ചതായി ധാർ സിഎംഎച്ച്ഒ ഡോ. അനിത സിംഗർ അറിയിച്ചു.
ഗർഭധാരണത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ മൊഴി. അയഞ്ഞ വസ്ത്രം ധരിച്ചതിനാൽ ഗർഭിണിയായ വിവരം ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് മാതാപിതാക്കളുടെ വിശദീകരണം. പെൺകുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെന്നും 18 വയസ് പൂർത്തിയാക്കിയ ശേഷം വിവാഹം നടത്താനായിരുന്നു തീരുമാനം എന്നുമാണ് കുടുംബം വ്യക്തമാക്കിയത്.
അതേസമയം, അടുത്തുള്ള ഒരു പട്ടണത്തിലെ യുവാവാണ് കുഞ്ഞിന്റെ പിതാവെന്നും, ഭീഷണിമൂലമാണ് സംഭവങ്ങൾ പുറത്തുപറയാൻ കഴിയാതിരുന്നതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. 2024ലെ ഗർബ ആഘോഷങ്ങൾക്കിടെയാണ് യുവാവിനെ പരിചയപ്പെട്ടതെന്നും, പിന്നീട് വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് നിർബന്ധിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് മൊഴി. വിവരം പുറത്തറിയിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും, അതിനാലാണ് ഗർഭിണിയായ വിവരം മറച്ചുവച്ചതെന്നും പെൺകുട്ടി അറിയിച്ചു.
ഏകദേശം 2 കിലോഗ്രാം ഭാരമുള്ള കുഞ്ഞും അമ്മയും നിലവിൽ സുരക്ഷിതരാണെന്നും, അകാല ജനനവും കുറഞ്ഞ ഭാരവും കണക്കിലെടുത്ത് ഇരുവരെയും ധാർ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും അവർ പറഞ്ഞു. സംഭവത്തിൽ പൊലീസ് പോക്സോ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
















