പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെയും, ബംഗ്ലാദേശ് ആസ്ഥാനമായ ഭീകരവാദ സംഘടനകളുടെയും പിന്തുണയോടെ ഭാരതത്തില്‍ വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഒരു ബംഗ്ലാദേശ് പൗരനുള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലായിരിക്കുന്നു.ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ നടത്തിയ 10 ദിവസത്തെ ഭീകരവിരുദ്ധ ഓപ്പറേഷനുശേഷമാണ് ഈ അറസ്റ്റുകള്‍.
ദേശീയ തലസ്ഥാനത്ത് നടന്ന അന്താരാഷ്‌ട്ര എഐ ഇംപാക്ട് ഉച്ചകോടിയ്‌ക്കിടെ ദല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും മെട്രോ സ്റ്റേഷനുകളില്‍ ‘കശ്മീരിനെ മോചിപ്പിക്കണം’ എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീകരവാദികള്‍ പിടിയിലായത്. പാകിസ്ഥാനില്‍ പരിശീലനം നേടിയ ശേഷം ബംഗ്ലാദേശില്‍ കഴിയുന്ന, കശ്മീരുകാരനായ ഷബീര്‍ അഹമ്മദ് ആണ് ഇവരെ നിയന്ത്രിച്ചിരുന്നത്.
ഇയാള്‍ക്ക് ഇസ്ലാമിക ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം രണ്ട് പ്രതികളെ പശ്ചിമ ബംഗാളില്‍ നിന്നാണ് പിടികൂടിയത്. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആറുപേരെ തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇതിലൊരാള്‍ ബംഗ്ലാദേശിലേക്കു പോയി ലഷ്‌കറെ ഭീകരനെ കണ്ടിരുന്നു. പാകിസ്ഥാനിലെ ഭീകരരുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നു.
പ്രതികളില്‍ നാലുപേര്‍ ദല്‍ഹിയിലെ സുപ്രധാന സ്ഥലങ്ങള്‍ നിരീക്ഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്കും പശ്ചിമ ബംഗാളിലേക്കും മടങ്ങിയതായിരുന്നു. ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട സ്ഥലങ്ങളുടെ ചിത്രങ്ങള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ദല്‍ഹിയിലെ ലാല്‍ ഖിലയ്‌ക്കും ചാന്ദ്നി ചൗക്കിന്റെ ചില ഭാഗങ്ങള്‍ക്കും ഭീകരാക്രമണ ഭീഷണിയുണ്ടെന്ന വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഈ സംഘത്തിലെ ചില അംഗങ്ങള്‍ ഇപ്പോഴും ഒളിവിലാണെന്നും, ഒട്ടേറെ സംസ്ഥാനങ്ങളില്‍ റെയ്ഡു തുടരുകയാണെന്നും അറിയുന്നു.
അധികം മുന്‍പല്ല, ഹരിയാനയിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഇസ്ലാമിക വൈറ്റ് കോളര്‍ ഭീകരര്‍ ദല്‍ഹിയിലെ ചെങ്കോട്ടയ്‌ക്കടുത്ത് ഭീകരാക്രമണം നടത്തിയത്. യഥാസമയം വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ സംഘത്തില്‍പ്പെട്ട പലരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെ, ഇവര്‍ പദ്ധതിയിട്ട മറ്റിടങ്ങളിലെ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ അറസ്റ്റിലൂടെയും വലിയ ഭീകരാക്രമണങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞത് അന്വേഷണ ഏജന്‍സികളുടെ വിജയമാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, പശ്ചിമബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഭീകരര്‍ താവളമടിച്ചിരുന്നത്. പാകിസ്ഥാനും ബംഗ്ലാദേശും ഇസ്ലാമിക ഭീകരരുടെ താവളമാണ്. ഇത്തരം സാഹചര്യം ഉള്ളതിനാലാണ് ബംഗാളിലും തമിഴ്നാട്ടിലും ഇവര്‍ തമ്പടിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. സമാനമായ സാഹചര്യമാണ് കേരളത്തിലുമുള്ളത്.
ഇസ്ലാമിക ഭീകരവാദത്തെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. ഇതിന്റെ പല നേതാക്കളും ജയിലിലാണെങ്കിലും അണികള്‍ എസ്ഡിപിഐ എന്ന രാഷ്‌ട്രീയ സംഘടനയില്‍ പ്രവര്‍ത്തിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും എസ്ഡിപിഐയുമായും നേരത്തെ സിപിഎമ്മും എല്‍ഡിഎഫും സഖ്യത്തിലായിരുന്നു. ഇപ്പോള്‍ മുസ്ലിംലീഗിന്റെ കാര്‍മികത്വത്തില്‍ ഇക്കൂട്ടരുമായി കൈകോര്‍ത്തിരിക്കുന്നത് കോണ്‍ഗ്രസും യുഡിഎഫുമാണ്. രാജ്യസ്നേഹികളും സമാധാന പ്രിയരുമായ ജനങ്ങള്‍ ഇസ്ലാമിക ഭീകര വാദികള്‍ക്കെതിരെ ജാഗ്രത പാലിക്കുകയും, അവരുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നവരെ പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് ഇന്നിന്റെ ആവശ്യമാണ്.
















