മംഗലാപുരം: ശ്രീനാരായണഗുരുദേവന്‍ വിഗ്രഹ പ്രതിഷ്ഠ നടത്തിയ കര്‍ണാടകം മംഗലാപുരത്തെ കുദ്രോളി ഗോകര്‍ണനാഥ ക്ഷേത്രത്തില്‍ നിന്ന് കുദ്രോളി ശ്രീനാരായണഗുരു തീര്‍ത്ഥാടനത്തിന് തുടക്കമായി. ഗുരുദേവന്‍ കോട്ടയം നാഗമ്പടത്ത് വച്ച് അനുമതി നല്‍കിയ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ തുടര്‍ച്ചയായാണ് മംഗലാപുരത്ത് ഗോകര്‍ണനാഥക്ഷേത്രത്തിലും തീര്‍ത്ഥാടനം ആരംഭിച്ചത്. മഹാശിവരാത്രിനാളിലാണ് ഗുരുദേവന്‍ വിഗ്രഹപ്രതിഷ്ഠ നടത്തിയത്.
ഗുരുദേവന്‍ ചൈതന്യസ്വാമി, ഗുരുപ്രസാദ്‌സ്വാമി, സുഗുണാനന്ദഗിരിസ്വാമി, ശങ്കരാനന്ദസ്വാമി, അമൃതാനന്ദസ്വാമി, വിദ്യാനന്ദസ്വാമി, രാമാനന്ദസ്വാമി തുടങ്ങിയ ശിഷ്യര്‍ക്കൊപ്പം മംഗലാപുരം റയില്‍വെ സ്റ്റേഷനില്‍ എത്തുകയും അവിടെനിന്ന് ഗോകര്‍ണനാഥക്ഷേത്രം സ്ഥാപിക്കുന്നതിന് പ്രധാനപങ്കുവഹിച്ച കൊറഗപ്പയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുകയും ചെയ്തു. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഒന്നര കിലോമീറ്റര്‍ ദൂരമുള്ള ഗോകര്‍ണനാഥക്ഷേത്രത്തിലേക്ക് ഗുരുദേവനെ ആനയിച്ചതിന്റെ സ്മരണപുതുക്കി ഘോഷയാത്രയും നടന്നു.
ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഗുരുദേവ ചിത്രത്തില്‍ ആരതി ഉഴിഞ്ഞ് ആരാധന നടത്തിയാണ് ഘോഷയാത്രക്ക് തുടക്കമായത്. വിശേഷാല്‍ രഥം തയാറാക്കി ഗുരുദേവന്റെ ഛായാച്ചിത്രവും പ്രതിമയും വച്ച് അലങ്കരിച്ച് പീതാംബരധാരികളായ നൂറുകണക്കിന് ഭക്തന്മാരുടെയും ശിവഗിരിമഠത്തിലെ സന്യാസിമാരുടെയും നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. തീര്‍ത്ഥാടന സമ്മേളനം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു.
ഗുരുധര്‍മപ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ബംഗളം ശ്രീനാരായണഗുരുമഠം സെക്രട്ടറി സ്വാമി സത്യാനന്ദതീര്‍ത്ഥ, സ്വാമി ദേവാത്മാനന്ദസരസ്വതി (ശിവഗിരിമഠം), സ്വാമി ശങ്കരാനന്ദ (വിശ്വസാംസ്‌കാരികഭവന്‍, തിരുവനന്തപുരം), സ്വാമി വിഖ്യാതാനന്ദ (ഗുരുകൃപസേവാശ്രമം, കര്‍ണാടക), സ്വാമി അരുണാനന്ദ (നിപ്പാണിമഠം, ബല്‍ഗ), സ്വാമി മോഹന്‍ദാസ് (വാണില ആശ്രമം), സ്വാമി നാഗസാധു, ബ്രഹ്‌മചാരി നാരായണപ്രസാദ് (ശിവഗിരിമഠം), ഗോകര്‍ണനാഥക്ഷേത്ര സമിതി പ്രസിഡന്റ് ജയരാജ് സോമസുന്ദരം, സെക്രട്ടറി മാധവസുവര്‍ണ്ണ, ട്രഷറര്‍ പത്മരാജ് എന്നിവര്‍ സംസാരിച്ചു.
ക്ഷേത്രത്തിലെ ഗുരുദേവതിരുസന്നിധിയില്‍ അഷ്ടാക്ഷര സഹസ്രനാമ മന്ത്രജപവും ആരാധനയും നടന്നു. ലോകേഷ് ശാന്തി, മഹേഷ് ശാന്തി, ലക്ഷ്മണന്‍തന്ത്രി, മനോജ്തന്ത്രി, കൃഷ്ണശാന്തി, നവീന്‍ശാന്തി, രൂപേഷ് ശാന്തി, ചന്ദ്രാസ് ശാന്തി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
















