അഹമ്മദാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് 2026ല്‍ ഭാരതത്തിന് ആദ്യ പരാജയം. സുപ്പര്‍ 8 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടാണ് ഭാരതം പരാജയമേറ്റുവാങ്ങിയത്. 76 റണ്‍സിനായിരുന്നു തോല്‍വി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. ഇതിനെതിരെ പൊരുതിയ ഭാരതത്തിന് 18.5 ഓവറില്‍ 111 റണ്‍സടുക്കാനേ സാധിച്ചുള്ളൂ.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. ജസ്പ്രീത് ബുംറയുടെ മികവില്‍ തുടക്കത്തിലേ തന്നെ ദക്ഷിണാഫ്രിക്കന്‍ നിരയെ നിയന്ത്രിക്കാന്‍ ഭാരതത്തിന് സാധിച്ചു. ആദ്യ നാല് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നിന് 20 റണ്‍സ് എന്ന നിലയിലായിരുന്നു അവര്‍. എന്നാല്‍ പിന്നീട് ഡെവാള്‍ഡ് ബ്രേവിസും(45) ഡേവിഡ് മില്ലറും(63) ചേര്‍ന്ന് ഇന്നിങ്‌സ് ഗംഭീരമായി മുന്നോട്ടു നയിച്ചു. പിന്നീട് പുറത്താകാതെ നിന്ന് ട്രിസ്റ്റന്‍ സ്റ്റബ്‌സും(44) മികച്ച പ്രകടനം പുറത്തെടുത്തു
ഭാരത നിരയില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ബുംറ നാല് ഓവറില്‍ 15 റണ്‍സ് മാത്രമാണ് വഴങ്ങിയത്.
ഇതിനെതിരെ ബാറ്റിങ് ആരംഭിച്ച ഭാരതത്തിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടി നേരിട്ടു. റണ്‍സെടുക്കും മുമ്പേ നാല് പന്തുകള്‍ നേരിട്ട ഇഷാന്‍ കിഷന്‍ പുജ്യത്തിന് മടങ്ങി. തുടക്കത്തിലേ തിരിച്ചടി നേരിട്ട ഭാരതത്തിന് പിന്നെ കരകയറാന്‍ സാധിച്ചില്ല. തുടര്‍ച്ചയായ മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ അഭിഷേക് ശര്‍മ രണ്ടക്കം കടന്നെങ്കിലും കാര്യമായ സംഭാവന നല്‍കാതെയാണ് മടങ്ങിയത്(15). മറ്റ് ബാറ്റര്‍മാരില്‍ ശിവം ദുബെ(42) മാത്രമാണ് ഭേദപ്പെട്ടു നിന്നത്.
















