സൂര്യന്‍ കത്തിയമരുന്ന ഒരു ഉച്ചച്ചൂടില്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും ഒരു മാമാങ്കത്തിന്റെ ആള്‍കൂട്ടം ഉണ്ടായിരുന്നു. എല്ലാവരുടെയും ലക്ഷ്യം തിരുനാവാ മണപ്പുറം. ചരിത്രം ഉറങ്ങുന്ന കര്‍മ്മ ഭൂമി. സാമൂതിരിക്കാലത്തെ ചാവേറുകള്‍ രക്തം ചിന്തിയ തിരുനാവാ മണപ്പുറം.
രണ്ടര നൂറ്റാണ്ടിനു ശേഷം, ചരിത്രത്തിന്റെ താളുകളില്‍ പരന്ന പടയോട്ടത്തിന്റെ രക്തത്തുള്ളികള്‍ തുടച്ചുനീക്കി രൂപം കൊള്ളുന്ന പുതിയ ആത്മീയ ശിബിരത്തിന്റെ കാല്‍നാട്ടു കര്‍മ്മത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയവരാണ് ഏറെയും. സമയം ഉച്ച തിരിഞ്ഞു മൂന്നു മണി. ആദ്യം എവിടേക്ക്? നാവാ മുകുന്ദന്റെ അടുത്തേക്കോ അതോ തവനൂരിലേക്കോ? തവനൂര്‍ക്ക് പോയാല്‍ തിരക്കില്‍ പെടാതെ ആരതി കാണാം.
തിരുനാവായിലെത്താനുള്ള തല്‍ക്കാലിക പാലം ബ്ലോക്ക് ചെയ്തതിനാല്‍ അങ്ങോട്ടേക്ക് പ്രവേശനം വിലക്കും. ജനത്തിരക്ക് അത്രത്തോളം ഉണ്ട്. താമസിക്കാന്‍ ഒരു മുറി കിട്ടിയത് എടപ്പാള്‍ ഗോവിന്ദ തിയേറ്ററിന് സമീപമുള്ള റെസ്റ്റ്ഹൗസില്‍.
എടപ്പാളില്‍ നിന്നും പത്ത് കിലോമീറ്റര്‍ ഓട്ടോയില്‍ സഞ്ചരിച്ചപ്പോള്‍ തവനൂരിലെത്തി. ബ്ലോക്ക് കാരണം വാഹനങ്ങള്‍ കടന്നു പോകുന്നില്ല. കിട്ടിയ ഗ്യാപ്പില്‍ വാഹനങ്ങള്‍ കുത്തിത്തിരുകി റോഡ് ബ്ലോക്കാക്കുന്ന ഒരു രീതി ഇവിടെ കണ്ടില്ല. ചെറിയ വഴികളിലെ ഗതാഗതം നിയന്ത്രിക്കാനും, ആളുകളെ നിയന്ത്രണ വിധേയമായി കടത്തിവിടാനും സ്വയം സേവകരുണ്ട്. പതിനായിരങ്ങള്‍ വന്നാലും ഞങ്ങളുണ്ട് നിങ്ങള്‍ക്ക് സൗകര്യങ്ങള്‍ നല്‍കാന്‍ എന്ന ചങ്കുറപ്പ് അവരുടെ മുഖത്തെ ആത്മവിശ്വാസം നിറഞ്ഞ ചെറുപുഞ്ചിരിയില്‍ ഉണ്ടായിരുന്നു. അതിനാല്‍ തിരക്കില്‍ രണ്ടു കിലോമീറ്ററോളം നടന്നു നദീതീരത്ത് എത്തിയത് അറിഞ്ഞില്ല. വഴിമാറി ഒഴുകിയ നിള ചവച്ചു തുപ്പിയ പൂഴിമണ്‍ പാതയിലൂടെ ആരതി മണ്ഡപത്തിനടുത്തെത്തി. തവനൂരില്‍ നിളയുടെ ഇടതു കരയില്‍ ബ്രഹ്‌മാവും ശിവനും. അക്കരെ നാവാമുകുന്ദന്‍.
തവനൂര്‍ ശിവനെ തൊഴുത് തുടക്കം
കേരളത്തില്‍ ബ്രഹ്‌മാവിനായി ക്ഷേത്രങ്ങള്‍ കുറവാണ്. തവനൂരാണ് ഞാന്‍ ആദ്യമായി കാണുന്ന ബ്രഹ്‌മക്ഷേത്രം. രാജസ്ഥാനില്‍ അജ്മീര്‍ സിറ്റിക്ക് അടുത്തുഉള പുഷ്‌കറിലും തമിഴ് നാട്ടിലും ബ്രഹ്‌മാവിന് ക്ഷേത്രങ്ങളുണ്ട്. ചെങ്കല്ലില്‍ തീര്‍ത്ത ചുറ്റമ്പലവും ഓട് മേഞ്ഞ മേല്‍ക്കൂരയും. പൂഴിമണ്ണ് മൂടിയ കല്ലൊതുക്കുകള്‍ കടന്നു വടക്കേ നടവഴി ക്ഷേത്രത്തിനുള്ളില്‍ എത്തി. നാന്മുഖ വിഗ്രഹം സന്ധ്യാ ദീപത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു. നാല് വേദങ്ങളുടെയും അധിപന്‍. തലവിധിയുടെ സൃഷ്ടാവ്. പുറത്തെ പണിക്കുറവ് അകത്തില്ല. ചെമ്പ് പൊതിഞ്ഞ വട്ട ശ്രീകോവില്‍. ഗണപതിയുടെയും സരസ്വതിയുടെയും പ്രതിഷ്ഠകള്‍ വേറെയുമുണ്ട്. ടിപ്പുവിന്റെ പടയോട്ടം ഈ ക്ഷേത്രത്തെയും നാശത്തിന്റ വക്കിലെത്തിച്ചെങ്കിലും തപസ്വികള്‍ തപം ചെയ്ത തപസ്സ്യന്നൂര്‍ എന്ന തവനൂര്‍ ഈ മഹോത്സവത്തിലെ അലയടിക്കുന്ന നാമജപച്ചൂടില്‍ ഇതൊരു മഹാക്ഷേത്രമായി ഉയരും എന്നതില്‍ സംശയമില്ല. ഓരോ യജ്ഞവും പുനരുദ്ധാരണമാണല്ലോ.
തവനൂര്‍ ശിവനെ തൊഴുത് ആരതി കണ്ട് ഇടുങ്ങിയ നാട്ടുവഴിലൂടെ നിലാവെളിച്ചത്തില്‍ നടന്നു റോഡില്‍ എത്തിയപ്പോഴും അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മധുരമായ ഭജന ആ പ്രദേശത്തെ മുഴുവന്‍ ഭക്തിയില്‍ പൊതിയുന്നുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ ഭാരതപ്പുഴയില്‍ മുങ്ങി ബലിതര്‍പ്പണം നടത്തി നാവാ മുകുന്ദനെ തൊഴുതു. ശംഖ് ചക്ര ഗദാധാരിയായി താമരപ്പൂമാല അണിഞ്ഞ് ഭാരതപ്പുഴയുടെ വടക്കേ തീരത്ത് വിളങ്ങുന്ന മുകുന്ദനെ ഒരിക്കല്‍ കണ്ടാല്‍ വീണ്ടും വീണ്ടും കാണാന്‍ തോന്നും. തെക്ക് പടിഞ്ഞാറ് ആദി ഗണേശന്‍, വടക്ക് സര്‍വൈശ്വര്യ പ്രദായിനിയായി മലര്‍മങ്കൈ ലക്ഷ്മീ ദേവി.
നവയോഗികളാല്‍ പ്രതിഷ്ഠിതമായതുകൊണ്ട് നാവാ മുകുന്ദന്‍ എന്ന നാമം. കിഴക്കോട്ട് ദര്‍ശനം. മറ്റെങ്ങും ഇല്ലാത്ത ഒരു വൈവിധ്യം കൂടി ഈ ക്ഷേത്രത്തിനുണ്ട്. പടിഞ്ഞാറെ നടയില്‍ കാണുന്ന നന്ദികേശന്‍ മറ്റൊരു ഐതിഹ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. മൃത്യുവിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനായി നാവാമുകുന്ദനെ അഭയം പ്രാപിച്ച മാര്‍ക്കണ്‌ഠേയനോട് തൃപ്പങ്ങോട്ടപ്പനെ ശരണം പ്രാപിക്കാനായി മുകുന്ദന്‍ നിര്‍ദേശിച്ച പ്രകാരം നന്ദി പടിഞ്ഞാട്ട് വഴി കാണിച്ചു എന്നുള്ളതാണ് നന്ദിയെ പടിഞ്ഞാറ് ഗോപുരം വാതില്‍ക്കല്‍ പ്രതിഷ്ഠിച്ചത് എന്നാണ് ഐതിഹ്യം.
ഭാരതപ്പുഴയിലെ ജലമാണ് ഈ ക്ഷേത്രങ്ങളില്‍ പൂജാ കാര്യങ്ങള്‍ക്ക് എടുക്കുന്നത്. ഭാഗവതം ഏകാദശ സ്‌കന്ധം അഞ്ചാം അധ്യായം നിമി-നാരദ സംവാദം മുപ്പത്തി ഒന്‍പതാം ശ്ലോകത്തില്‍ ദ്രാവിഡ ദേശത്തിലെ നദികളായ താമ്രപര്‍ണി, കൃതമാല, പയസ്വിനി, കാവേരി, പ്രതീചി, മഹാനദി എന്നീ നദികളെ പരാമര്‍ശിക്കുന്നതില്‍ പടിഞ്ഞാറ് അറബിക്കടലില്‍ പതിക്കുന്നതിനാല്‍ സംസ്‌കൃതത്തില്‍ പടിഞ്ഞാറ് എന്ന് അര്‍ത്ഥം വരുന്ന പ്രതീചി എന്ന നദി ഭാരതപ്പുഴ എന്ന് പറയപ്പെടുന്നു. കലിയുഗത്തില്‍ നാരായണ ഭക്തര്‍ ദേശത്തിന്റെ പല ഭാഗങ്ങളില്‍ വന്നു ജനിക്കും. കൂടുതലും തെക്കന്‍ ഭാരതത്തില്‍ വിഷ്ണു ഭക്തരായ ഇവര്‍ ഈ നദികളിലെ ജലം കുടിക്കാനായി ഉപയോഗിക്കുമെന്ന് വ്യാഖ്യാനം.
മണിത്തറകളും നിലപാട് തറയും
ത്രിമൂര്‍ത്തി സംഗമഭൂമി കേരളം കണ്ട ഏറ്റവും വലിയ ആധ്യാത്മിക യജ്ഞ വേദിയായി മാറുകയായിരുന്നു. ആരതി മണ്ഡപങ്ങളും കൊടിതോരണങ്ങളും കൊണ്ട് അലംകൃതമാണ് തിരുനാവായ മണപ്പുറം. ഇക്കരെ നാവാമുകുന്ദന്റെ മണ്ണില്‍ നിന്നാല്‍ പുഴയ്‌ക്ക് അക്കരെ യജ്ഞവേദി കാണാം. വേദ മന്ത്രധ്വനികള്‍കൊണ്ടും നാമജപം കൊണ്ടും മുഖരിതമാണ് അന്തരീക്ഷം. താല്‍ക്കാലിക പാലം കടന്ന് പുഴയ്‌ക്ക് അക്കരെ എത്തിയപ്പോള്‍ യജ്ഞ വേദിയില്‍ മേരു പൂജയുടെ മന്ത്രധ്വനികള്‍ മുഴങ്ങുന്നുണ്ടായിരുന്നു. ഭാരതത്തിന്റെ വിവിധ ദേശങ്ങളില്‍ നിന്നു വന്ന തപസ്വികളാലും ആധ്യാത്മിക ആചാര്യന്മാരാലും സമ്പുഷ്ടമാണ് യജ്ഞവേദി. ഭക്തര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സേവനങ്ങളും നല്‍കാനായി കനത്തവെയിലും ചൂടും വകവയ്‌ക്കാതെ സ്വയംസേവകര്‍ രംഗത്തുണ്ട്. പ്രായഭേദമന്യേ നിളയില്‍ മുങ്ങിനിവരുന്ന ഭക്തര്‍
ആ മണ്ണില്‍ ചവിട്ടിയ നേരം മണ്‍മറഞ്ഞ ഒരു വീരഗാഥ കൊള്ളിയാന്‍ പോലെ മനസ്സിലൂടെ കടന്നുപോയി. ഏകദേശം 250 വര്‍ഷം മുന്‍പ് മാമാങ്കത്തില്‍ പൊലിഞ്ഞു പോയ ചാവേറുകളുടെ ജീവന്‍ ഈ മണ്ണില്‍ തുടിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ രാഷ്‌ട്രതന്ത്ര വേദിയായിരുന്നു ഇവിടം. വര്‍ഷം തോറും ഇവിടെ നാട്ടുകൂട്ടങ്ങള്‍ ഒത്തുകൂടിയിരുന്നു. ശക വര്‍ഷത്തിലെ മാഘ മാസത്തിലെ (മലയാളത്തില്‍ മകര മാസം) മകം നാളില്‍ പുതിയ ഭരണാധികാരിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പുല്‍സവം നടന്നിരുന്നു.
ദിവസങ്ങളോളം നീണ്ടു നിന്നിരുന്ന മഹോത്സവത്തില്‍ വ്യാപാരമേളകളും കലാ കായിക വിനോദങ്ങളുടെ മാമാങ്കങ്ങളും നടന്നിരുന്നു.
രാഷ്‌ട്ര തന്ത്രത്തിന്റെ വേദി സാമൂതിരിയുടെ വരവോടെ കുടിപ്പകയ്‌ക്ക് വഴിമാറി. പുതിയ ഭരണാധികാരിയുടെ കാലാവധി പന്ത്രണ്ടുവര്‍ഷമായി നിശ്ചയിച്ചു. പണക്കൊഴുപ്പും പടയൊരുക്കവും വാള്‍ തലയ്‌ക്ക് മൂര്‍ച്ചകൂട്ടി. അങ്കം വെട്ടാന്‍ ചാവേറുകള്‍ രംഗത്തിറങ്ങി. അധികാരം കയ്യാളിയ മണിത്തറകളും നിലപാട് വ്യക്തമാക്കുന്ന നിലപാട് തറയും ഉയര്‍ന്നു. ജഡങ്ങള്‍ ചവിട്ടിത്താഴ്‌ത്താന്‍ മണിക്കിണറുകളും, പകുതി ചത്തവര്‍ക്ക് പട്ടിണി തറയും രൂപംകൊണ്ടു. അധികാരം ആത്മാഭിമാനത്തിന് വഴി മാറിയപ്പോള്‍ കുടുംബത്തിലെ ഇളം തലമുറവരെ അധികാരത്തിന്റെ നിലപാട് തറയിലേക്ക് സാമൂതിരിയുടെ തലയെടുക്കാന്‍ ചാടി വീണു. മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദര്‍ അലി മലബാര്‍ ആക്രമിച്ചു കീഴടക്കുന്നതുവരെ അധികാരത്തിന് വേണ്ടിയുള്ള രാഷ്‌ട്രീയ മാമാങ്കം നടന്നു. കോനാതിരിക്കും സാമൂതിരിക്കും അധികാരം നഷ്ടപ്പെട്ടതോടെ മാമാങ്കം നിലച്ചു. അവസാന മാമാങ്കം നടന്നത് 1755 ല്‍ ആണെന്ന് രേഖകളില്‍ പറയപ്പെടുന്നു.
നിളയായൊഴുകി കുംഭമേള
ചരിത്രം ഇവിടെ ആവര്‍ത്തിക്കുകയല്ല, പുനര്‍ രൂപകല്‍പ്പന ചെയ്യുകയാണ്. ഒരുപാട് ഗുരുക്കന്മാര്‍, പരം പൊരുളിനെ തിരിച്ചറിയാന്‍ പലവിധ ആചരണങ്ങള്‍. ആശയക്കുഴപ്പത്തിലും ചോദ്യം ചെയ്യപ്പെടുന്ന വിശ്വാസ പ്രമാണങ്ങളിലും പെട്ട് നട്ടംതിരിയുകയാണ് ഹിന്ദു സമൂഹം. ശബരിമലയിലെ യുവതീ പ്രവേശനം മുതല്‍ ചിട്ടപ്പെടുത്തിയ ആചാര പ്രമാണങ്ങളെ വെല്ലുവിളിച്ചുകൊണ്ട് തത്വമസിയുടെ അര്‍ത്ഥതലങ്ങളെ ദുരുപയോഗപ്പെടുത്താന്‍ പാകത്തില്‍ സമൂഹത്തെ ഇന്നത്തെ ഭരണവര്‍ഗ്ഗം മാറ്റിയിരിക്കുന്നു. ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ദേവനും ദേവതയും പ്രപഞ്ചത്തിനാധാരമായ ദൈവവും എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കുവാന്‍ പോന്ന പ്രമാണങ്ങളിലേക്കുള്ള വഴി തിരഞ്ഞെടുക്കാന്‍, ശരിയായ ഗുരുവിനെ കണ്ടെത്താന്‍ ചോരപ്പുഴകള്‍ ഒഴുക്കാത്ത ഇതുപോലുള്ള ഒത്തുകൂടല്‍ അനിവാര്യമാണ്.
സനാതന ധര്‍മ്മത്തില്‍ ഉറച്ച ഒരു വിശ്വാസിയെ അവന്റെ കര്‍മ്മ പാതയില്‍ സംഘിയായി മുദ്ര കുത്തുമ്പോള്‍ സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ ഒരു മഹാമാരിയെ വരെ തുരത്തിയോടിച്ച സേവനത്തിന്റെ പാതയെ വിസ്മരിക്കുന്നത് നന്ദികേടാണ്. ഈ മഹാ മാഘ മഹോത്സവം നടക്കുന്ന സ്ഥലത്തും കണ്ടത് അതാണ്. ലക്ഷക്കണക്കിനാളുകളാണ് താല്‍ക്കാലിക പാലം കടന്ന് കുംഭമേള നടക്കുന്ന സ്ഥലത്ത് എത്തുന്നത്.
എന്നാല്‍ അനിയന്ത്രിതമായ തിരക്ക് അവര്‍ എങ്ങനെ ഒഴിവാക്കി കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു എന്നുള്ളത് അവരില്‍ നിന്ന് പഠിക്കേണ്ട പാഠം തന്നെയാണ്. കേരളത്തിലെ 70 ശതമാനത്തോളം വരുന്ന മുസ്ലിങ്ങള്‍ താമസിക്കുന്ന ഈ സ്ഥലത്ത് മതമൈത്രിയില്‍ ഊന്നിയ സാഹോദര്യത്തിന്റെ മുഖങ്ങള്‍ ഇവിടെ കാണാന്‍ കഴിഞ്ഞു. ഈ മേള ഇവിടെ വന്നതില്‍ തദ്ദേശവാസികള്‍ എല്ലാം സന്തോഷത്തിലാണ്. അവരുടെ വരുമാനം ഉയര്‍ന്നു. വ്യാപാരസ്ഥാപനങ്ങളില്‍ നല്ല തിരക്ക്. കൂണുപോലെ വഴിനീളെ ഉയര്‍ന്ന കാപ്പി കടകള്‍. ഇനിയും ഒരു കുംഭമേളയ്‌ക്കു വേണ്ടി കാത്തിരിക്കുകയാണ് അവര്‍; സമ്പാദ്യം വളരാന്‍.
തിരുനാവായില്‍ കുംഭമേളയിലൂടെ പാകിയ സനാതന ധര്‍മ്മത്തിന്റെ വിത്ത് വലിയ ഒരു വടവൃക്ഷമായിത്തീരും. ആത്മവിശ്വാസം നഷ്ടപ്പെട്ട ഹിന്ദുവിന്റെ ഏറ്റവും വലിയ ആശ്രയ കേന്ദ്രമാണ് ഇത്തരം ആധ്യാത്മിക മേളകള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടത് ഹിന്ദു സമൂഹമാണ്. ടിപ്പുവിന്റെ പടയോട്ടം മുതല്‍ ഓടാന്‍ തുടങ്ങിയ ഹിന്ദു ഇന്ന് ദേവസ്വം കൊള്ളയ്‌ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ആചാര്യന്മാര്‍ ഉണരേണ്ടത്. സനാതന ധര്‍മ്മത്തിന് ഭ്രംശം സംഭവിച്ചപ്പോള്‍ ശങ്കരാചാര്യര്‍ അവതാരം എടുത്തു.
ആചാര്യ സ്വാമിയുടെ പിന്‍തലമുറക്കാര്‍ ഉണരാന്‍ വൈകി പോയി.
















