ന്യൂദല്‍ഹി: സുപ്രധാനമായ പാക്സ് സിലിക്ക കൂട്ടായ്‌മയില്‍ ഭാരതം അംഗമായി. ഭാരത മണ്ഡപത്തില്‍ ഭാരതം എഐ ഇംപാക്റ്റ് ഉച്ചകോടിക്കിടെയാണ് പാക്സ് സിലിക്ക പ്രഖ്യാപനത്തില്‍ ഭാരതം ഒപ്പുവച്ചത്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവിന്റെയും യുഎസ് ഒഎസ്ടിപി (ഓഫീസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി പോളിസി) ഡയറക്ടര്‍ മൈക്കല്‍ ക്രാറ്റ്സിയോസിന്റെയും സാന്നിധ്യത്തില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സെക്രട്ടറി എസ്. കൃഷ്ണനും സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള യുഎസ് അണ്ടര്‍ സെക്രട്ടറി ജേക്കബ് ഹെല്‍ബര്‍ഗും ഭാരതത്തിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറുമാണ് പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്.
അടുത്ത തലമുറ വ്യവസായങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ നിര്‍ണായക ധാതുവിഭവങ്ങളുടെ പങ്കുവയ്‌ക്കല്‍ ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കാനും അര്‍ധചാലകങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ സാങ്കേതിക സഹകരണം മെച്ചപ്പെടുത്താനും സുരക്ഷിതമായ വിതരണ ശൃംഖല ഉറപ്പാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. കഴിഞ്ഞ ഡിസംബറില്‍ അമേരിക്കയുടെ നേതൃത്വത്തിലാണ് കൂട്ടായ്‌മ രൂപീകരിച്ചത്. ഗ്രീസ്, ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍, സിംഗപ്പൂര്‍, ഇസ്രായേല്‍ എന്നിവയാണ് കൂട്ടായ്‌മ രൂപീകരിച്ചപ്പോഴുള്ള അംഗങ്ങള്‍. നെതര്‍ലാന്‍ഡ്സ്, യുഎഇ, ഖത്തര്‍ എന്നിവ പിന്നീട് അംഗങ്ങളായി. പാക്സ് സിലിക്കയില്‍ ചേരാന്‍ ഭാരതത്തെ ക്ഷണിച്ചതായി ഭാരതത്തിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ജനുവരിയില്‍ ചുമതലയേറ്റതിനു പിന്നാലെ പ്രഖ്യാപിച്ചിരുന്നു.
അപൂര്‍വയിനം ധാതുക്കളുടെ വേര്‍തിരിച്ചെടുക്കല്‍, സംസ്‌കരണം തുടങ്ങി ചിപ്പുനിര്‍മാണം, കമ്പ്യൂട്ടിങ് അടിസ്ഥാന സൗകര്യങ്ങള്‍ വരെയുള്ള മുഴുവന്‍ വിതരണ ശൃംഖലയിലുടനീളവും ആഴത്തിലുമുള്ള സാമ്പത്തിക, സാങ്കേതിക സഹകരണത്തിനായുള്ള പങ്കാളിത്തം ഇതിലൂടെ സാധ്യമാകും. പരസ്പര അഭിവൃദ്ധിയും സുരക്ഷയുമുറപ്പാക്കും. സാങ്കേതികവിദ്യാ കൂട്ടുകെട്ടില്‍ നിര്‍ബന്ധിത ആശ്രിതത്വം കുറയ്‌ക്കുന്നതിനും പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ള അനുകൂല പങ്കാളിത്തമായാണ് സംരംഭത്തെ വിശേഷിപ്പിക്കുന്നത്. ആഗോള വിതരണ ശൃംഖലകളിലെ അമിത കേന്ദ്രീകരണം കുറയ്‌ക്കുക, സാമ്പത്തിക നിര്‍ബന്ധം തടയുക, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ തുറന്ന ജനാധിപത്യ സമൂഹങ്ങളാല്‍ വികസിപ്പിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നെന്ന് ഉറപ്പാക്കുക എന്നിവയാണ് സംരംഭ ലക്ഷ്യം. ഉച്ചകോടിയുടെ ഭാഗമായുള്ള എക്‌സ്‌പോ ഇന്ന് സമാപിക്കും. ഇന്നലെവരെ അഞ്ച് ലക്ഷം പേര്‍ എക്‌സ്‌പോ സന്ദര്‍ശിച്ചതായും അശ്വിനി വൈഷ്ണവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
















