അധികാരത്തില്‍ നിന്ന് പുറത്തുപോകുമെന്ന് ഉറപ്പായതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും അണികള്‍ക്കും പരമാവധി മുതല്‍ക്കൂട്ടാവുന്ന വിധത്തില്‍ അഴിമതികള്‍ നടത്തുന്നതിന്റെ തിരക്കിലാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും. സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയ പിണറായി സര്‍ക്കാരിന്റെ നടപടി വലിയൊരു അഴിമതിയുടെ ഭാഗമാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ടൂറിസം മേഖലയില്‍ അല്ലാത്ത ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11വരെയായിരുന്നതാണ് ഇപ്പോള്‍ രാവിലെ പത്തു മുതല്‍ അര്‍ധരാത്രി 12വരെയായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ബാറുടമകളുടെ ദീര്‍ഘകാലമായിട്ടുള്ള ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ബാറുകളില്‍ നിന്നുള്ള വരുമാനം കുറയുന്നതായി അവകാശപ്പെട്ട് പ്രവര്‍ത്തന സമയത്തില്‍ രണ്ടു മണിക്കൂര്‍ നീട്ടണമെന്ന് ബാറുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കാണ് രാവിലെ10 മുതല്‍ അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നത്. പുതുവത്സരത്തലേന്ന് അര്‍ധരാത്രി വരെ പ്രവര്‍ത്തിക്കാന്‍ ബാറുകള്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.
ബാര്‍ സമയം നീട്ടുന്നതു സംബന്ധിച്ച ഫയല്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ മുക്കാല്‍ മണിക്കൂറുകൊണ്ട് തീരുമാനമെടുത്തു എന്നാണ് അറിയുന്നത്. പിണറായി വിജയനെ പോലുള്ള ഒരു ഭരണാധികാരിക്ക് ഉത്തരമൊരു തീരുമാനമെടുക്കാന്‍ ഇത്ര ചുരുങ്ങിയ സമയം തന്നെ ധാരാളമാണ്. അഴിമതി നടത്തേണ്ടി വരുമ്പോള്‍ മുഖ്യമന്ത്രി ‘മിന്നല്‍പ്പിണറായി’ മാറുന്നത് ജനങ്ങള്‍ ഇതിനു മുന്‍പും കണ്ടിട്ടുള്ളതാണല്ലോ. ഇക്കാര്യത്തില്‍ ആരുടെയെങ്കിലും ഉപദേശ നിര്‍ദ്ദേശങ്ങളോ വിദഗ്ധാഭിപ്രായമോ പിണറായിക്ക് ആവശ്യമില്ല. കൃതഹസ്തനാണ്, ഒരു കയ്യറപ്പുമില്ല. ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിക്കൊണ്ട് വിജ്ഞാപനമിറക്കിയതില്‍ ജനങ്ങളുടെ സാമാന്യബുദ്ധിയെ കൊഞ്ഞനം കുത്തുന്ന വിശദീകരണവുമായി എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് രംഗത്തുവന്നത് സ്വാഭാവികം. സമയം നീട്ടി നല്‍കുകയല്ല, ഏകീകരിക്കുകയാണ് ചെയ്തതത്രേ! ഇതില്‍ പ്രതിപക്ഷമായ യുഡിഎഫും അനുകൂല നിലപാട് എടുത്തിരുന്നുവെന്ന് മന്ത്രി രാജേഷ് പറയുന്നതില്‍ കാര്യമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്തുതന്നെ പറഞ്ഞാലും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ ഉള്‍പ്പെടെ ഈ ഒത്തുകളി ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ബാര്‍ സമയം നീട്ടി നല്‍കുന്നതില്‍ പ്രതിപക്ഷവും അനുകൂല നിലപാട് എടുത്തിരുന്നുവെന്നും, മര്യാദ പാലിക്കേണ്ടതുകൊണ്ടാണ് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാത്തതെന്നും എക്‌സൈസ് മന്ത്രി രാജേഷ് പറയുന്നതിന്റെ അര്‍ത്ഥം എന്തെന്നും ജനങ്ങള്‍ക്ക് അറിയാം.
എന്തിനാണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നിടത്ത് കള്ളത്തരം പുറത്താവുന്നുണ്ട്. സംസ്ഥാനത്തേക്ക് ടൂറിസ്റ്റുകള്‍ കൂടുതല്‍ വരികയാണെന്നും, അവര്‍ക്കു വേണ്ടിയാണ് സമയം നീട്ടിയത് എന്നുമാണ് ടി.പി. രാമകൃഷ്ണന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് ഇതിനോടകം സമയം നീട്ടി നല്‍കിയിട്ടുള്ളതാണെന്ന് ഈ എല്‍ഡിഎഫ് കണ്‍വീനര്‍ മറന്നുപോയി. ഇങ്ങനെയുള്ള ന്യായീകരണം എഴുന്നള്ളിക്കാന്‍ യാതൊരു ലജ്ജയുമില്ലാത്ത സംസ്‌കാരശൂന്യരായ ഒരു വിഭാഗമാണ് മന്ത്രി രാജേഷിനെയും ടി.പി. രാമകൃഷ്ണനെയും പോലുള്ള സിപിഎം നേതാക്കള്‍.
ബാറുടമകളും പിണറായി സര്‍ക്കാരും യുഡിഎഫ് നേതൃത്വവും ചേര്‍ന്നുള്ള ഒത്തുകളിയുടെ ഭാഗമാണ് ബാറുകളുടെ സമയം നീട്ടി നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫണ്ട് സമാഹരിക്കണം. അതിന് ബാറുടമകളെ പ്രസാദിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ വിഹിതം കോണ്‍ഗ്രസിനും ലഭിച്ചിട്ടുണ്ട് എന്നര്‍ത്ഥം. പരസ്പര ധാരണയോടെ നടന്ന ഇക്കാര്യമാണ് മാന്യത കൊണ്ട് പുറത്തു പറയുന്നില്ലെന്ന് മന്ത്രി രാജേഷ് പറയുന്നത്. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പുണ്യവാളനൊന്നുമല്ലെന്ന് വടക്കന്‍ പറവൂര്‍ക്കാര്‍ക്ക് മാത്രമല്ല, കേരളത്തിലുള്ളവര്‍ക്കൊക്കെ അറിയാം. അതുകൊണ്ട് ഈ രക്തത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയില്ല. പാവപ്പെട്ട ജനങ്ങള്‍ക്കെതിരെ ഒരേ കുറ്റം ചെയ്യുന്നവരാണ് രണ്ടുകൂട്ടരും. അബ്കാരികള്‍ നല്‍കുന്ന പണം ഭരണ- പ്രതിപക്ഷങ്ങള്‍ക്കായി പങ്കുവയ്‌ക്കുന്നതിന്റെ കഥകള്‍ എത്രയോ പുറത്തുവന്നിട്ടുള്ളതാണ്.
കൊള്ളലാഭം കൊയ്യാന്‍ ബാറുടമകളെ അനുവദിക്കുമ്പോഴൊക്കെ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും സ്ഥിരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ന്യായമുണ്ട്. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് ഞങ്ങളുടെ നയം എന്നതാണത്. പിണറായി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണകാലം ബാറുടമകളുടെ സുവര്‍ണ കാലമായി വിലയിരുത്താം. സംസ്ഥാനത്തെ പാവപ്പെട്ടവരില്‍ വലിയൊരു വിഭാഗത്തിന്റെ ജീവിതവും ജീവനും മദ്യമൊഴുക്കി തുലച്ചു കളയുന്നതില്‍ യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാത്തവരാണ് സിപിഎം. എന്നിട്ട് അവര്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കു വേണ്ടി കണ്ണീരൊഴുക്കും. ബാറില്‍ നിന്ന് അര്‍ദ്ധരാത്രി വരെ മദ്യം ലഭ്യമാക്കുന്നതിലൂടെ വാഹനാപകടങ്ങള്‍ പെരുകുകയും, ഒരുപാട് ജീവനുകള്‍ പൊലിയുകയും ചെയ്യും. പച്ചമനുഷ്യരെ വെട്ടിക്കീറുന്നതില്‍ ഒരു വേദനയും ഇല്ലാത്ത മാര്‍ക്‌സിസ്റ്റ് രക്തരക്ഷസുകള്‍ നിരത്തുകളില്‍ പൊലിയുന്ന മനുഷ്യജീവനുകളെയോര്‍ത്ത് ദുഃഖിക്കില്ലല്ലോ.
















