ന്യൂദല്‍ഹി: ചൈന ഇന്ത്യയുടെ അതിര്‍ത്തിയില്‍ നടത്തിയ നീക്കത്തെ എഐ ടൂളുകള്‍ ഉപയോഗിച്ച് തകര്‍ത്ത് ഇന്ത്യ. ഇതോടെ അതിര്‍ത്തിക്കാവലിന് എഐ ഫലപ്രദമായി ഉപയോഗിക്കാനുള്ള മിടുക്ക് ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുകയാണ്. അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലാണ് ചൈനയുടെ സൈനികനീക്കം ഉണ്ടായത്.
സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍റ് ചീഫ് ലഫ്. ജനറല്‍ ദിനേഷ് സിങ്ങ് റാണയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചപ്പോഴാണ് എഐ എങ്ങിനെ ഇന്ത്യയുടെ അതിര്‍ത്തിക്കാവലിന് ഫലപ്രദമായി ഉപയോഗിക്കുന്നു എന്ന കാര്യം ലഫ്.ജനറല്‍ ദിനേഷ് സിങ്ങ് റാണ വെളിപ്പെടുത്തിയത്.
ആധുനിക യുദ്ധതന്ത്രത്തെ എഐ ടൂളുകള്‍ മാറ്റിമറിയ്‌ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തീരെ ചെലവ് കുറഞ്ഞ് എഐ സംവിധാനമാണ് ഇത്രയും മികച്ച റിസള്‍ട്ട് നല്‍കിയെന്നതും അദ്ദേഹം പറഞ്ഞു.
അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്‌ക്കടുത്ത് ചൈനീസ് പട്ടാളക്കാരുടെ അസാധാരണമായ ഒരു നീക്കം ഇന്ത്യയുടെ എഐ ടൂള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടനെ കൃത്യസമയത്ത് ഇന്ത്യന്‍ സേന അവിടേക്ക് പാഞ്ഞെത്തി. ഇതോടെ ചൈന ആ നീക്കം ഉപേക്ഷിച്ചുവെന്നും ലഫ്. ജനറല്‍ ദിനേഷ് സിങ്ങ് റാണ വിശദീകരിച്ചു
ചൈന ഏത് സമയത്താണ് ആക്രമണം ഉദ്ദേശിച്ചിരുന്നതെന്ന് കൃത്യമായി കണക്കാക്കാന്‍ എഐ ടൂള്‍ പ്രവചിച്ചതായും ദിനേഷ് സിങ്ങ് റാണ ചൂണ്ടിക്കാട്ടി. ഭാവിയുദ്ധത്തില്‍ എഐയുടെ പ്രാധാന്യത്തെക്കുറിച്ചാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. .
















