ആലുവ : കിണറ്റിൽ വീണ വൃദ്ധയെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയടെ അനുമോദനം. ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ വി.എസ് ലനീഷ്, കെ.കെ സുജിത്ത്, കെ.ബി അബ്ദുൾ ഖാദർ ,കെ.ജെ.ഷാരൊ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ ഗുഡ് സർവ്വീസ് എൻട്രി നൽകി അനുമോദിച്ചത്.തട്ടാംപടി സ്വദേശിനിയായ മാമ്പിള്ളി പറമ്പിൽ ചന്ദ്രമതി (85) യാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്.
വിവരമറിഞ്ഞ ആലുവ വെസ്റ്റ് പോലീസ് ഉടൻ സ്ഥലത്തെത്തി കരയ്‌ക്ക് കയറ്റുകയായിരുന്നു. പോലീസിൻറെ സമയോചിതമായ ഇടപെടലാണ് രക്ഷയായത്. പോലീസ് ഉദ്യോഗസ്ഥരായ ഷാരോ, ലെനീഷ്, അബ്ദുൽ ഖാദർ, സുജിത്ത് എന്നിവരാണ് കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തിയത്. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന അനുമോദന ചടങ്ങിൽ പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക് മീണയും സന്നിഹിതരായിരുന്നു.
















