ലോകത്തിലെ ഏറ്റവും നീളമേറിയ കാട്ടുപാമ്പിനെ ഇന്തോനേഷ്യയിൽ കണ്ടെത്തി . മാരോസ് മേഖലയിൽ കണ്ടെത്തിയ ഭീമൻ റെറ്റിക്കുലേറ്റഡ് പെരുമ്പാമ്പായ ഇബു ബാരണിന് 23 അടിയും 8 ഇഞ്ചും നീളമുണ്ട് . ഔദ്യോഗികമായി അളന്നവയിൽ ലോകത്തിലെ ഏറ്റവും നീളമേറിയ കാട്ടുപാമ്പാണെന്നു ഗിന്നസ് വേൾഡ് റെക്കോർഡ്സ് സ്ഥിരീകരിച്ചു
വന്യജീവി സംരക്ഷകനായ ബുഡി പുർവാന്തോ, പാമ്പുപിടുത്തക്കാരൻ ഡയസ് നുഗ്രാഹ, വന്യജീവി ഫൊട്ടോഗ്രഫർ റാഡു ഫ്രെന്റിയു എന്നിവരുടെ സംരക്ഷണയിലാണ് പാമ്പ് ഇപ്പോഴുള്ളത്.’പ്രഭ്വി’ എന്ന് അർഥം വരുന്ന ‘ഇബു ബാരൺ’ എന്ന പേര് പാമ്പിനു നൽകിയതും ഇവരാണ്.
ഭൂമിയിലെ ഏറ്റവും വിസ്മയകരമായ പാമ്പുകളിലൊന്നാണ് റെറ്റിക്കുലേറ്റഡ് പൈതൺ . ഭാരത്തിന്റെ കാര്യത്തിൽ ഗ്രീൻ അനക്കോണ്ടയ്‌ക്കും ബർമീസ് പൈതണിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് റെറ്റിക്കുലേറ്റഡ് പൈതൺ. . ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ്, ഏറ്റവും നീളമുള്ള ഉരഗം എന്നീ വിശേഷണങ്ങൾക്ക് ഉടമയാണ് ഇത്.
ഈ പെരുമ്പാമ്പുകൾക്ക് പ്രായപൂർത്തിയാകുമ്പോൾ സാധാരണ 9 അടി 10 ഇഞ്ച് മുതൽ 19 അടി 2 ഇഞ്ച് വരെ നീളമാണുണ്ടാവുക. കൂട്ടിലിട്ടു വളർത്തുന്നവയ്‌ക്ക് ഇതിലും വലുപ്പം വയ്‌ക്കും. കൂട്ടിലിട്ടു വളർത്തിയ ‘മെഡൂസ’ എന്നറിയപ്പെട്ട പാമ്പിന് 25 അടിയിലധികം നീളമുണ്ടായിരുന്നു.
ശരീരത്തിലെ വലക്കണ്ണികൾ പോലുള്ള മനോഹരമായ അടയാളങ്ങളാണ് വലിയ പ്രത്യേകത . തവിട്ട്, സ്വർണനിറം, കറുപ്പ്, ചിലപ്പോൾ ചുവപ്പ് കലർന്ന നിറങ്ങൾ എന്നിവ ചേർന്ന സങ്കീർണ ജ്യാമിതീയ രൂപങ്ങൾ ഇവയുടെ ശരീരത്തിൽ കാണാം.ത്രികോണാകൃതിയിലുള്ള തലയും മിനുസമുള്ള ശൽക്കങ്ങളും കുറഞ്ഞ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന കുത്തനെയുള്ള കൃഷ്ണമണികളും ഇവയ്‌ക്കുണ്ട്.
വിഷമില്ലാത്ത ഈ പെരുമ്പാമ്പ് ബംഗ്ലദേശ്, ഇന്ത്യ മുതൽ മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് രാജ്യങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്. . ഇരയെ പതിയിരുന്ന് ആക്രമിച്ച് ശക്തമായി വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ച് കൊന്നതിനുശേഷം ഒറ്റയടിക്കു വിഴുങ്ങുകയാണ് രീതി. അതിശക്തരായ വേട്ടക്കാരാണ് റെറ്റിക്കുലേറ്റഡ് പൈതണുകൾ. സാധാരണ മനുഷ്യരെ ഒഴിവാക്കുകയാണ് പതിവെങ്കിലും, ഇവയുടെ വലുപ്പം അപൂർവം സന്ദർഭങ്ങളിൽ മനുഷ്യർക്ക് ഭീഷണിയാകാറുണ്ട്.
















