Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വാക്കിന്റെ വികിരണങ്ങള്‍5: കാഫ്കയെ വായിച്ചവര്‍ ആനന്ദിനെ വായിക്കുമോ?

എം ശ്രീഹര്‍ഷന്‍ by എം ശ്രീഹര്‍ഷന്‍
Feb 15, 2026, 05:18 pm IST
in Varadyam

കെ.പി ശശിധരന്‍/ എം ശ്രീഹര്‍ഷന്‍

ഭാഷ പരിണമിച്ചുവരുമോ എന്ന് പറയാനാവില്ലെങ്കിലും മലയാളഭാഷ പോലെയുള്ള ചെറിയ ഭാഷകള്‍ ഭാവിയില്‍ ഇല്ലാതാവും എന്നാണ് തോന്നുന്നത് എന്ന് അതേക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി ശശിധരന്‍ മാസ്റ്റര്‍ പറഞ്ഞു. ”സാഹിത്യത്തില്‍ മാത്രമല്ല, വ്യവഹാരത്തിലും അതു സംഭവിക്കും. സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന ഭാഷ നോക്കിയാല്‍ അതിന്റെ ദിശ മനസ്സിലാക്കാം. ഡിലീറ്റ് എന്നതിനു പകരം മായ്‌ക്കുക എന്നു പറയാന്‍ അറിയാമെങ്കിലും ആരും അത് ഉപയോഗിക്കില്ല. ഡിലീറ്റ് എന്നു മാത്രമേ പറയൂ.” ഭാഷാപരമായ ഈ അധിനിവേശത്തിന്റെ പിറകിലിരിക്കുന്ന എട്ടുകാലികള്‍ അതിഭീകരരാണ് എന്ന് മാഷ് സൂചിപ്പിക്കുന്നു.

”പക്ഷേ ഒരിക്കല്‍ തിരിച്ചുവരും. സമൂഹത്തിന്റെ സ്വഭാവമാണത്. ഒരറ്റം വരെ പോയിക്കഴിഞ്ഞാല്‍ പെന്‍ഡുലംപോലെ പിന്നെ മറ്റേ അറ്റത്തേക്ക് സഞ്ചരിക്കുക എന്നത്. കഴിഞ്ഞ ദിവസം ഒരു കുടുംബയോഗത്തില്‍ പങ്കെടുത്തപ്പോള്‍ ഉത്തരേന്ത്യയില്‍ സ്ഥിരതാമസമാക്കി ഹിന്ദി മാത്രം സംസാരിക്കുന്ന മലയാളികളുടെ കൂട്ടത്തില്‍നിന്ന് ഒരു ചെറിയ കുട്ടി വന്ന് അതിമനോഹരമായി ഗീതാശ്ലോകവും ഹനുമാന്‍ ചാലീസയും ചൊല്ലുന്നു. അതൊരു തിരിച്ചുപോക്കിന്റെ നല്ല ലക്ഷണമാണ്. അതു മാത്രമാണ് ഒരു പ്രതീക്ഷ.

”വിജയന്റെ കാലത്തുതന്നെയാണ് ആനന്ദിന്റെ ‘ആള്‍ക്കൂട്ടം’ ഉണ്ടാവുന്നത്. അതില്‍ കഥാപാത്രങ്ങളുടെ മഹാപ്രവാഹമാണ്. വായനയുടെ ഫോക്കസിങ് നഷ്ടപ്പെട്ടുപോകും. ഖസാക്കിനെപ്പോലെ മലയാളികളുടെ സംവേദനശീലത്തെ ഉത്തേജിപ്പിക്കാന്‍ അതിനു കഴിഞ്ഞില്ല. ആ നോവല്‍ മോശമാണ് എന്ന അര്‍ഥത്തിലല്ല പറയുന്നത്. നല്ല ഉള്‍ക്കാഴ്ചയുള്ള എഴുത്തുകാരനാണ് ആനന്ദ്. കാഫ്‌കെയെയോ കമ്യുവിനെയോ വായിച്ച ഒരാള്‍ക്ക് താന്‍ പിന്നെ എന്തിനാണ് ആനന്ദിനെ വായിക്കുന്നത് എന്ന് തോന്നിപ്പോകും. ആള്‍ക്കൂട്ടവും മരണസര്‍ട്ടിഫിക്കറ്റും ഒക്കെ മികച്ച നോവലുകളാണെങ്കിലും അതിന് ലോകസാഹിത്യത്തില്‍ പുതുമയില്ല എന്ന് വായനക്കാരന്‍ തിരിച്ചറിയും. എന്നാല്‍ വിജയന്റെ കൃതികള്‍ അങ്ങനെയല്ല.

”എം.ടി അദ്ദേഹത്തിന്റെ ജീവിതചുറ്റുപാടുള്ള ഒരു ഭാഷ എഴുത്തിലേക്ക് സംക്രമിപ്പിച്ചുവെന്നേയുള്ളൂ. കഥാരചനയുടെ കരകൗശലത്തിലും കഥാപാത്രസൃഷ്ടിയിലെ സ്വാഭാവികതയിലും അതിവിദഗ്‌ദ്ധനായ ഒരെഴുത്തുകാരനാണ് അദ്ദേഹം. മാത്രമല്ല ആ കഥകള്‍ ഒട്ടുമിക്കതും മലയാളത്തില്‍ ജനപ്രിയമായ സിനിമകളായി മാറുകയും ചെയ്തു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഭാഷയ്‌ക്ക് കേരളത്തിലങ്ങോളമിങ്ങോളം വലിയ സ്വീകാര്യത ലഭിക്കുകയുണ്ടായി.

”മുകുന്ദന്റെ നോവലുകള്‍ക്ക് വിജയന്റേതിനടുത്തെത്തുന്ന കരുത്തുണ്ട്. അതില്‍ പ്രമേയങ്ങള്‍ക്കും കഥാപരിസരത്തിനും വൈവിധ്യമുണ്ട്. മയ്യഴിപ്പുഴയുടെ തീരങ്ങള്‍, ദല്‍ഹി, ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു എന്നീ നോവലുകളുടെ രചനകളുടെ സന്നിവേശം മലയാളികള്‍ക്ക് അങ്ങനെ പരിചയമില്ലാത്ത പശ്ചാത്തലത്തിലുള്ളതായിരുന്നു. അതുവരെ കേരളീയമായ ജീവിതങ്ങളില്‍നിന്നുണ്ടായ നോവലുകള്‍ വായിച്ചു ശീലിച്ചവര്‍ക്ക് വ്യത്യസ്തമായ മറ്റൊരു ലോകത്തിലേക്ക് പ്രവേശിക്കുന്ന കൗതുകം അതു ജനിപ്പിച്ചു. കാരൂരിന്റെയും പൊറ്റക്കാടിന്റെയും ബഷീറിന്റെയും കഥകളിലൊക്കെ നാട്ടിന്‍പുറമാണ് നിറഞ്ഞുനിന്നിരുന്നത്. പൊറ്റക്കാടിന്റെ ‘തെരുവിന്റെ കഥ’യില്‍ നഗരമാണ് പശ്ചാത്തലമെങ്കിലും ഗ്രാമീണമനസ്സുള്ള കഥാപാത്രങ്ങളാണതില്‍.

”മലയാളസാഹിത്യത്തില്‍ നഗരങ്ങളുടെ ആഖ്യാനം വന്നുതുടങ്ങുന്ന കാലം പുതിയൊരു ഭാവുകത്വമാണ് ഉണ്ടാക്കിയത്. കവിതയില്‍പ്പോലും ആ മാറ്റം ഉണ്ടായിട്ടുണ്ട്. ‘നഗരത്തില്‍ ഒരു യക്ഷന്‍’ എന്ന കവിതതന്നെ ഉദാഹരണം. കക്കാടിന്റെ ‘1963’ ഉം അയ്യപ്പ പണിക്കരുടെ ചില കവിതകളും ആ മാറ്റത്തെ ത്വരിപ്പിച്ചവയാണ്. ചിലതൊക്കെ ടി.എസ്.എലിയറ്റിനെ അനുകരിച്ചുകൊണ്ടുള്ളതായിരുന്നെങ്കിലും. ലോകമഹായുദ്ധത്തിന്റെ സൃഷ്ടിയാണ് എലിയറ്റിന്റെ കവിതകള്‍. നമ്മുടെ ഈ കവികള്‍ അവസാനകാലത്ത് വീണ്ടും ജീവിതവികാരത്തിന്റെ ശുദ്ധിയിലേക്ക് തിരിച്ചുവന്നതു കാണാം. കക്കാടിന്റെ ‘സഫലമീ യാത്ര’ തന്നെ ഉദാഹരണം.

”നമ്മുടെ മണ്ണിലേക്ക് വേരിറങ്ങാത്ത കഥകളോ നോവലുകളോ കവിതകളോ കാലാതീതമായ സംവേദനത്തില്‍നിന്ന് അപ്രത്യക്ഷമാവും. ഒരു കളത്തിലും പെടുത്താനാവാത്ത എഴുത്തുകാരനായിരുന്നു വി.കെ.എന്‍. തിരുവില്വാമലയിലും ദല്‍ഹിയിലും ഒരേസമയം എത്താന്‍ കഴിയുന്ന കഥാലോകമാണത്. ഏതു തരത്തിലും പകര്‍ന്നാടാന്‍ കഴിയുന്ന കഥാപാത്രമാണ് വി.കെ.എന്നിന്റെ പയ്യന്‍. അത്തരമൊരു ആഖ്യാനതലത്തിലൂടെ വായനക്കാരെ കൊണ്ടുപോകാന്‍ കഴിയുന്ന ഒരെഴുത്തുകാരന്‍ മലയളത്തിലെന്നല്ല മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. കുഞ്ചന്‍നമ്പ്യാരില്‍നിന്ന് വികസിച്ചുണ്ടായ ഒരെഴുത്തുകാരന്‍.

”ടി.പത്മനാഭന്റെ കഥകള്‍ ഒരിക്കലും ദുരന്തപര്യവസായി ആവാറില്ല. ജീവിതത്തെക്കുറിച്ച് പ്രസാദാത്മകസമീപനം പുലര്‍ത്തുന്ന മലയാളത്തിലെ കഥാകൃത്തുക്കളില്‍ പ്രമുഖനാണദ്ദേഹം. വക്രതകളില്ലാത്ത, കുടുക്കുകളില്ലാത്ത, അമിതവിസ്താരം ഒട്ടുമില്ലാത്ത എത്ര ലളിതമായ ഭാഷയിലാണ് അദ്ദേഹം കഥകള്‍ എഴുതുന്നത് എന്നു നോക്കുക.

ദീര്‍ഘകാലം തപസ്യയുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മഹാകവി അക്കിത്തവുമായി അടുത്ത് ഇടപഴകിയ ആളാണ് കെ.പി.ശശിധരന്‍. അധ്യാപകന്‍ എന്ന നിലയില്‍ അക്കിത്തം കവിതകള്‍ ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ അതിന്റെ ആഴത്തിലേക്ക് ഇറങ്ങിയിട്ടുമുണ്ട്. അക്കിത്തത്തെയും ഒ.വി.വിജയനെയും താരതമ്യപ്പെടുത്തി അദ്ദേഹം ഒരുപാട് സമാനതകളിലേക്ക് സഞ്ചരിച്ചെത്തിയിട്ടുണ്ട്. ‘മോചനത്തിന്റെ ഇതിഹാസങ്ങള്‍’ എന്ന പേരില്‍ വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’വും അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’വും ചേര്‍ത്ത് താരതമ്യവിശകലനം ചെയ്തുകൊണ്ടുള്ള ഒരു ലേഖനം അദ്ദേഹം എഴുതുകയുണ്ടായി.

”ഒരാള്‍ക്ക് ശത്രുവിനോട് പകതീര്‍ക്കാന്‍ എത്രയോ മാര്‍ഗങ്ങളുണ്ട്. അത്രയും എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്നതല്ല അവനവനോടുതന്നെ തോന്നുന്ന വിദ്വേഷം. ആത്മനിന്ദ മുതല്‍ ആത്മഹത്യവരെയുള്ള സ്വയംപീഡനങ്ങളുടെ കുറുക്കുവഴികളാണ് അത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‍ ആരായുക. അമര്‍ഷത്തിന്റെ പാതയില്‍ നിഷേധത്തിന്റെ വാഹനങ്ങള്‍ക്കു മാത്രമേ സഞ്ചാരസ്വാതന്ത്ര്യമുള്ളൂ. ഇതിന് വിപരീതമായി വഴിവെട്ടുന്നവരാണ് എഴുത്തുകാര്‍. സംവേദനസാന്ദ്രമായ മനസ്സുകൊണ്ട് നിഷേധത്തെയും നിരാശയെയും അവര്‍ സര്‍ഗാനുഭൂതിയാക്കി മാറ്റും. അതുകൊണ്ടാണ് ലോകോത്തര കൃതികളെല്ലാം മുറിവില്‍ വിരിഞ്ഞ പൂക്കളായി വിശേഷിക്കപ്പെടുന്നത്. വിശ്വമാനവികത, ചൂഷണമുക്തസമൂഹം, ഉള്ളവന്‍- ഇല്ലാത്തവന്‍ എന്ന ദ്വൈതത്തിന്റെ ഉന്മൂലനം തുടങ്ങി രാജ്യാന്തരാതിര്‍ത്തികളെ വരെ മായ്ച്ചു കളയുന്ന മാര്‍ക്‌സിസത്തിലേക്ക് അക്കിത്തവും വിജയനുമടക്കം എത്രയോ എഴുത്തുകാര്‍ ആകൃഷ്ടരായതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം എഴുത്തുകാരന്റെ സ്വപ്‌നസ്വര്‍ഗം മേല്‍പ്പറഞ്ഞതിന്റെ പരിസരങ്ങളിലായിരുന്നു. അങ്ങനെയിരിക്കെ വിശ്വാസദാര്‍ഢ്യത്തിന്റെ മഹാമേരുവില്‍നിന്ന് നിരാശയുടെ പാതാളച്ചുഴിയിലേക്ക് വീണുപോയാലോ? രണ്ട് ഇതിഹാസകാരന്മാര്‍ക്കും സംഭവിച്ചത് അതാണ്. അതുകൊണ്ട് മലയാളസാഹിത്യത്തിന് ചുരുങ്ങിയ നേട്ടമല്ല ഉണ്ടായത്.

”മാര്‍ക്‌സിസ്റ്റ് മീമാംസയുടെ സാഹിത്യ-രാഷ്‌ട്രീയ പാഠങ്ങള്‍ വായിച്ചും പഠിച്ചും പ്രചരിപ്പിച്ചും നടന്നിരുന്ന വിജയന്‍, കമ്യൂണിസ്റ്റ് ഭക്തിപ്രസ്ഥാന കാലഘട്ടത്തില്‍ പുരോഗമനസാഹിത്യകാരന്മാര്‍ ചെയ്തതുപോലെ അളവെടുത്ത് തയ്‌പ്പിച്ച കഥകള്‍ എഴുതുകയുണ്ടായി. അക്കാലത്ത് പി.ടി.ഭാസ്‌കരപ്പണിക്കര്‍ വിജയനോട് പറയുകയുണ്ടായി. ‘വിജയന്റെ കഥകള്‍ നന്നായിട്ടുണ്ട്. പക്ഷേ ഇത്തിരികൂടി ഇങ്കുലാബുള്ള എന്തെങ്കിലുമൊന്ന് എഴുതണം.’ പ്രത്യയശാസ്ത്രത്തില്‍ കുരുങ്ങിക്കിടന്നാല്‍ എല്ലാം മുന്‍കൂട്ടി നിശ്ചയപ്പെട്ടിരിക്കും എന്നു പറയുന്ന വിജയന്‍ പാലക്കാടിന്റെ പശ്ചാത്തലത്തില്‍ ഇങ്കുലാബിന്റെ ഇതിഹാസമെഴുതാന്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെട്ട് ഒടുവില്‍ ജനിമൃതികളുടെ ഭാഗവതത്തില്‍ ചെന്നെത്തി.

”വിളയന്‍ ചാത്തനൂരില്‍നിന്ന് കുമരനല്ലൂരിലേക്ക് അധികം ദൂരമില്ല. ബ്രഹ്‌മസ്വത്തിന്റെ കാര്യവട്ടത്തുള്ള ഭ്രഷ്ട്, പടിയടച്ചു പിണ്ഡം, ലക്ഷാര്‍ച്ചന, കൊടിയേറ്റം, എഴുന്നള്ളത്ത്, അഗ്‌നിഹോത്രം തുടങ്ങിയവ കേരളത്തിലെ സംഘടനാ മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഒരു കൊടിക്കീഴില്‍ ഐക്യപ്പെടാനുള്ള ഘടകങ്ങളായി പരിണമിച്ചത് പലരെയും അത്ഭുതപ്പെടുത്തി. പാരസ്പര്യത്തിന്റെയും കൂട്ടായ്‌മയുടെതുമായ ആ പുണ്യനാളുകളില്‍ നമ്പൂതിരിമാര്‍ കളിവിളക്കിന്റെ മുമ്പിലെന്നതുപോലെ കമ്മ്യൂണിസത്തിനു വേണ്ടിയും ഉറക്കമിളച്ചു. ചിലര്‍ മൂലധനത്തിലെ മൂലമന്ത്രം തിരഞ്ഞു. ഇല്ലങ്ങള്‍ ഒളിത്താവളങ്ങളായി. മാര്‍ക്‌സിസത്തിന്റെ മാമോദീസ മുങ്ങിയാല്‍ ജന്മിദുഷ്പ്രഭു, പിന്തിരിപ്പന്‍ മൂരാച്ചി തുടങ്ങിയ ശകാരപീഡകള്‍ നീങ്ങിക്കിട്ടുമെന്ന് കരുതിയവരും, കക്ഷത്തിലും ഉത്തരത്തിലുമുള്ളത് കളഞ്ഞുകുളിക്കേണ്ടിവരില്ലെന്ന് കരുതിയ വിരുതന്മാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കമ്മ്യൂണിസത്തിന്റെ തടങ്കല്‍പാളയമായാലും വേണ്ടില്ല, ആഢ്യബ്രാഹ്‌മണ്യത്തിന്റെ അരക്കില്ലത്തില്‍നിന്ന് രക്ഷപ്പെട്ടാല്‍ മതി എന്നാഗ്രഹിച്ച ഉണ്ണി നമ്പൂതിരിമാരും ഈ പട്ടികയില്‍പ്പെടും. ലോകത്തൊരിടത്തും ജന്മിമാരുടെ പിന്തുണ കേരളത്തിലെന്നപോലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് കിട്ടിയിട്ടില്ല. അക്കിത്തം എന്ന കവി ജനിക്കുന്നതും ഈ ചുറ്റുപാടിലാണ്. പക്ഷേ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികത്തിന്റെ വക്രോക്തി രാഷ്‌ട്രീയത്തിനു മുന്നില്‍ അക്കിത്തം കീഴടങ്ങിയില്ല. ‘ഖസാക്കിന്റെ ഇതിഹാസം’ മാര്‍ക്‌സിസ്റ്റ് സ്റ്റാലിനിസത്തെ പരിഹസിക്കുമ്പോള്‍ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ സ്വയംകൃതമായ പാപത്തിന്റെ പാതാളത്തില്‍നിന്നുള്ള ഒരു മനുഷ്യത്മാവിന്റെ മൃത്യുഞ്ജയമന്ത്രം നമ്മെ കേള്‍പ്പിക്കുന്നു.”

സെക്കന്തരാബാദില്‍ 2004 ല്‍ ഒ.വി.വിജയന് അക്കിത്തം തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം നല്‍കിയതിന് സാക്ഷിയായി കെ.പി.ശശിധരനും ഉണ്ടായിരുന്നു. വേദമന്ത്രം ചൊല്ലി മഹാകവി അക്കിത്തം സമര്‍പ്പിച്ച പുരസ്‌കാരം മന്ത്രശുദ്ധി വരുത്തിയ മൗനത്തോടെ വിജയന്‍ സ്വീകരിച്ചതും, വിരലുറക്കാത്ത ശിശു ആദ്യാക്ഷരം കുറിക്കുന്നതുപോലെ വെള്ളക്കടലാസില്‍ ‘നന്ദി’ എന്നുമാത്രം മറുപടിയായി എഴുതിയതും വികാരനിര്‍ഭരമായി കണ്ടുനിന്നവരില്‍ ഒരാള്‍.

കമ്മ്യൂണിസത്തില്‍നിന്ന് ഭാഗവതത്തിലേക്ക്

”ഒ.വി.വിജയനും അക്കിത്തവും അടുത്തടുത്ത നാട്ടുകാരാണ്. രണ്ടുപേരും ചിത്രമെഴുതിക്കൊണ്ടാണ് എഴുത്തിലേക്ക് കടന്നുവന്നത്. ഇരുവരും തുടക്കത്തില്‍ കമ്യൂണിസ്റ്റുകാരായിരുന്നു. ക്രമേണ ഭാഗവതത്തിന്റെ വഴിയിലെത്തി.

”താന്‍ മലയാളം നല്ലവണ്ണം പഠിച്ചിട്ടില്ലെന്ന് വിജയന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ”പ്രകൃതിയും കഥകളുടെ വിഭ്രാന്തിയും മാത്രമാണ് എന്റെ സാക്ഷരത്വം” എന്ന് അദ്ദേഹം എഴുതി. പ്രകൃതിയുടെ സനാതനമായ മൊഴി കേള്‍ക്കാന്‍ കാതല്ല, മിഴിയാണ് വിജയന്‍ തുറന്നിട്ടത്. അതിലൂടെ ഒരു പുതിയ മലയാളത്തിന്റെ രുചി നാം തിരിച്ചറിഞ്ഞു. ചിരിച്ചിത്രമെഴുതിയും വാക്കുകൊണ്ട് പരിഹസിച്ചും വിജയന്റെ ഒറ്റയാള്‍പ്പട്ടാളം എഴുത്തിന്റെ പടക്കളത്തില്‍ നിറഞ്ഞു. മതവും രാഷ്‌ട്രീയവും ചരിത്രവുമൊക്കെ ഈ ഗ്രന്ഥകാരന്റെ കയ്യിലെത്തുമ്പോള്‍ മായികമാംവിധം സാഹിത്യമായി മാറും. മലയാളത്തിലെ മറ്റെഴുത്തുകാര്‍ക്ക് പൊതുവെ ഇല്ലാത്തതാണ് ഈ വൈഭവം.

‘ചാത്തൂനെ കണ്ടോ കുട്യോളേ’ എന്ന കുട്ടിക്കവിത മുതല്‍ വേദാന്തത്തോളം വികസിക്കുന്ന കവനശേഷി അക്കിത്തത്തിനുണ്ടായിരുന്നു. ആന്തരികമായ സംഘര്‍ഷവും ക്ഷോഭവും അനുഭവിച്ച കവിയാണ് അദ്ദേഹം. എങ്കിലും പുറമെ ഒരു ‘മേല്‍ശാന്തി’യെയാണ് നാം കാണുക. സംഘര്‍ഷത്തിന് ശമനവും ഔഷധവുമാണ് കവിത. തനിക്ക് അര്‍ഹമായത് ലഭിച്ചില്ല എന്ന ഖേദം അദ്ദേഹത്തെ അലട്ടിയതായി തോന്നിയിട്ടുണ്ട്. എങ്കിലും വിജയനേക്കാള്‍ മെച്ചമായിരുന്നു അക്കിത്തത്തിന്റെ അവസ്ഥ. കവിത്വം അദ്ദേഹത്തെ ജ്ഞാനപീഠത്തില്‍ കയറ്റിയിരുത്തി.

തപസ്യ കലാ-സാഹിത്യ വേദിയുടെ ആദ്യ സെക്രട്ടറിയായിരുന്നു കെ.പി.ശശിധരന്‍. കലാലയ പഠനകാലത്ത് വിദ്യാര്‍ഥിപരിഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പഠനശേഷം തനിക്ക് താല്‍പ്പര്യമുള്ള മേഖല എന്ന നിലയിലാണ് കലാ-സാഹിത്യപ്രവര്‍ത്തനത്തില്‍ മുഴുകിയത്. തപസ്യയുടെ സ്ഥാപകനായ എം.എ.കൃഷ്ണന്‍ (എം.എ സാര്‍) ഒരിക്കല്‍ പറയുകയുണ്ടായി, ”വളരെയേറെ കഴിവുള്ള ഒരു ചെറുപ്പക്കാരനെ പ്രകോപിപ്പിച്ചുകൊണ്ടാണ് ഞാന്‍ തപസ്യ തുടങ്ങിയത്” എന്ന്. കെ.പി.ശശിധരനെയായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. 1975 ജനുവരിയില്‍ ‘സാഹിത്യസായാഹ്നം’ എന്ന പേരില്‍ ചെറുതായി തുടങ്ങിയ സാഹിത്യാസ്വാദകരുടെ ആ ഒത്തുചേരലാണ് ‘തപസ്യ’യായി വളര്‍ന്നത്. അവര്‍ അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലത്തെക്കുറിച്ചുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഈ ചെറുസംഘം 1976 മെയ് മാസത്തില്‍ കെ.പി.കേശവമേനോനെ മുന്നില്‍നിര്‍ത്തി കോഴിക്കോട്ട് വി.ടി.ഭട്ടതിരിപ്പാടിന്റെ അശീതി ആഘോഷം സംഘടിപ്പിച്ചതും, ആ സദസ്സില്‍വച്ച് അടിയന്തരാവസ്ഥക്കെതിരെ വി.ടി അതിശക്തമായി പ്രതികരിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. വിരലിലെണ്ണാവുന്ന, ആ ചെറുപ്പക്കാരുടെ കൂട്ടത്തിലെ പ്രമുഖരില്‍ ഒരാളായിരുന്നു കെ.പി. ശശിധരന്‍.

മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ വലിയൊരു പ്രസ്ഥാനമായി പിന്നീട് വളര്‍ന്നപ്പോള്‍ അതിന്റെ നയപരിപാടികളുടെ ആശയതലം തയാറാക്കുന്നതിലും, അതിന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചത് കെ.പി.ശശിധരനാണ്. സാംസ്‌കാരികരംഗത്ത് ഓരോ സന്ദര്‍ഭങ്ങളിലുമുണ്ടാവുന്ന സംഭവവികാസങ്ങളില്‍ തപസ്യയുടെ നിലപാട് പൊതുസമൂഹം അറിഞ്ഞിരുന്നത് വാര്‍ത്തികത്തിന്റെ മുഖപ്രസംഗങ്ങളിലൂടെ അദ്ദേഹത്തിന്റെ വാക്കുകളുടെ രൂപത്തിലായിരുന്നു.
(അടുത്തത്: കാലത്തില്‍ സംഭവിച്ചതാണ് തപസ്യ)

Tags: Malayalam LiteratureNovelist anand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: അമ്മേ മഹാമായേ….!

Varadyam

കവിത: സൂത്രവാക്യം

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

തപസ്യയുടെ ഒരു ആദ്യകാലയോഗം - 1977 പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു. വലത്തുനിന്ന് കെ.പി. ശശിധരന്‍, എം.എ കൃഷ്ണന്‍
Varadyam

കാലത്തില്‍ സംഭവിച്ചതാണ് തപസ്യ

Varadyam

സാംസ്‌കാരിക പഠനത്തിന്റെ സമഗ്ര ഭൂമിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.