”കേശാദിപാദം തൊഴുന്നേന്‍- കേശവാ
കേശാദിപാദം തൊഴുന്നേന്‍
പീലിച്ചുരുള്‍മുടിയും നീലത്തിരുവുടലും
ഫാലത്തൊടുകുറിയും
താണു തൊഴുന്നേന്‍…
(പകല്‍ക്കിനാവ്-1966).
തലമുറ തലമുറകളെ വാതാലായേശനു മുന്നില്‍ അഞ്ജലീബദ്ധരാക്കി നിര്‍ത്തിയ നിത്യഹരിത ഭക്തിഗാനം. ലാളിത്യം, ഭാവന, പ്രാസം, പദഭംഗി എന്നിവകൊണ്ട് ആരുടെ ഹൃദയത്തെയും നിര്‍മ്മലീകരിക്കുന്ന ഭക്തിയുടെ നിത്യനിതാന്ത ‘ഭാസ്‌കര’ വാങ്മയം. നാരായണീത്തിലെ കേശാദിപാദ വര്‍ണനയെ പതിനഞ്ചു വരികളില്‍ ഒതുക്കി ലളിതപദാവലികളുടെ വനമാലയാക്കിയ കാവ്യമാന്ത്രികം. 1966 ല്‍ എംടിയുടെ തിരക്കഥയില്‍ കണ്ണമ്മ ഫിലിംസ് നിര്‍മ്മിച്ച് എസ്.എസ്. രാജന്‍ സംവിധാനം ചെയ്ത ‘പകല്‍ക്കിനാവ്’ എന്ന ചിത്രത്തിനുവേണ്ടി ബി.എ. ചിദബരനാഥിന്റെ ഈണത്തില്‍ പി. ഭാസ്‌കരന്‍ രചിച്ച അഞ്ച് ഗാനങ്ങളും അക്കാലത്ത് (1966) ഹിറ്റുകളായിരുന്നു. എന്നാല്‍ ആറ് ദശകങ്ങള്‍ക്കപ്പുറമെത്തുമ്പോള്‍ മലയാളി മനസ്സില്‍ ബാക്കി നില്‍ക്കുന്നത് ‘കേശാദിപാദം’ എന്ന ഭക്തിഗാനം മാത്രം. ഭക്തിഗാനങ്ങളുടെ കാലാതിവര്‍ത്തിയായ ജനപ്രിയതക്ക് ആപാദമധുരമായ ഈ കൃഷ്ണഗീതം തന്നെ മികച്ച ഉദാഹരണം. ക്ഷേത്രാങ്കണങ്ങളില്‍ ഭക്തിഗാനസദസുകളില്‍ പൂജാമുറികളില്‍ തലമുറ തലമുറ പാടിപ്പതം വന്ന ഈ ചലച്ചിത്രഗാനത്തിന് ഒരു കീര്‍ത്തനത്തിന്റെയോ സ്തോത്രത്തിന്റെയോ ദിവ്യത്വമാണ് ചരിത്രം ചാര്‍ത്തി നല്‍കിയിരിക്കുന്നത്.
ഇതിഹാസബിംബങ്ങളെ ഇഹജീവിത വ്യഥകളുമായി കോര്‍ത്തിണക്കുമ്പോള്‍ കണ്ണനും കാളിയനും വൃന്ദാവനിയുമെല്ലാം വര്‍ത്തമാനകാല ജീവിതസ്ഥലികളിലെ വ്യവഹാരങ്ങളാകുകയാണ്.
”അമ്മയെക്കളിപ്പിക്കാന്‍ തെമ്മാടി വേഷം കെട്ടും
അമ്പാടിക്കണ്ണനുണ്ണി നീയല്ലയോ
ഹൃദയത്തില്‍ കാളിന്ദിയില്‍ കദനത്തില്‍
കാളിയസര്‍പ്പം
പുളയുമ്പോള്‍ ഉണ്ണികൃഷ്ണാ തുണച്ചീടേണം…
(കുസൃതിക്കുട്ടന്‍- 1966)
എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ 1967 ല്‍ പുറത്തിറങ്ങിയ ‘ഇരുട്ടിന്റെ ആത്മാവ്’ മലയാള സിനിമയിലെ നാഴികക്കല്ലായി മാറി. ഭ്രാന്തന്‍ വേലായുധന്‍ എന്ന നായക കഥാപാത്രത്തെ പ്രേംനസീര്‍ അനശ്വരമാക്കിയപ്പോള്‍ ഈ ചിത്രം എംടിക്കും പി. ഭാസ്‌കരനും താരമൂല്യം നേടിക്കൊടുത്തു. ‘ഇരുട്ടിന്റെ ആത്മാവി’നുവേണ്ടി പി. ഭാസ്‌കരന്‍ രചിച്ച നാലു ഗാനങ്ങളില്‍ കാലം കഴിഞ്ഞിട്ടും സ്മരണയില്‍ നിലനില്‍ക്കുന്നത് ഈ ഭക്തിഗാനം മാത്രമാണ്.
”വാകച്ചാര്‍ത്തു കഴിഞ്ഞൊരു ദേവന്റെ
മോഹനമലര്‍മേനി കണികാണണം.
കണികാണണം കണ്ണാ കണി കാണണം
കമനീയ മുഖ പത്മം കണികാണണം…”
ജയവിജയന്മാരും സംഘവും ആലപിച്ച ”എല്ലാമെല്ലാമയ്യപ്പന്‍” (ശബരിമല ധര്‍മ്മശാസ്ത-1970) അയ്യപ്പഭക്തിഗാനങ്ങള്‍ക്ക് തുടക്കം കുറിച്ച പി. ഭാസ്‌കരന്‍-ദക്ഷിണാമൂര്‍ത്തി ടീമിന്റെ സംഭാവനയാണ്.
”ജനിമൃതി ദുരിത വിനാശനനയ്യന്‍
കനകമകുടമണിഭൂഷിതനയ്യന്‍
സകല വേദപാരംഗതവന്ദിതന്‍
നിഖില ലോകസംരക്ഷകനയ്യന്‍…
മഞ്ഞണിഞ്ഞ ശബരിമലയിലെ ഭക്തിസാന്ദ്രമായ വനശോഭകള്‍ അനുഭവവേദ്യമാക്കുന്ന പദസഞ്ചയങ്ങള്‍ ജയവിജയന്മാരുടെ ഘനഗംഭീരമായ നാദബ്രഹ്‌മത്തിലൂടെ ഭക്തഹൃദയങ്ങളെ കീഴടക്കി.
മേല്‍പത്തൂരും പൂന്താനവും കുറൂരമ്മയും പോലെ ഗുരുവായൂരപ്പ ഭക്തന്മാരുടെ മനസ്സില്‍ ഭക്തിയുടെ തരംഗങ്ങള്‍ തീര്‍ക്കുന്ന ഓര്‍മ്മത്തിടമ്പാണ് ഗജകേസരി ഗുരുവായൂര്‍ കേശവന്‍. ഒരു ആനയെ മുഖ്യകഥാപാത്രമാക്കി ഭക്തിയും വിഭക്തിയും ചേര്‍ത്ത് ഭരതന്‍ എന്ന അനശ്വര സംവിധായകന്‍ രചിച്ച ‘ഗുരുവായൂര്‍ കേശവന്‍ (1977) എന്ന ദൃശ്യകാവ്യത്തിന് ഈരടികള്‍കൊണ്ട് മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നല്‍കിയത് പി. ഭാസ്‌കരന്റെ കാവ്യപ്രതിഭയാണ്.
”നവകാഭിഷേകം കഴിഞ്ഞു
ശംഖാഭിഷേകം കഴിഞ്ഞു
നളിനവിലോചനന്‍ ഗുരു-
വായൂരപ്പന്റെ കമനീയ വിഗ്രഹം തെളിഞ്ഞു.
അഗ്രേപശ്യാമി തേജോവലയിത രൂപമെന്നു
സ്വര്‍ഗ്ഗീയ കാവ്യസുധ തൂകി
മേല്‍പത്തൂര്‍ കൂപ്പിയ വേദവേദാന്തസാര-
കല്പകതരുവിനെ കണ്ടൂ ഞാന്‍…”
പി. ഭാസ്‌കരന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ശ്രീമദ് ഭഗവദ്ഗീത (1977), ജഗദ്ഗുരു ആദിശങ്കരന്‍ (1977) തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹം രചിച്ച ഭക്തിഗാനങ്ങളും ഏറെ പ്രശസ്തങ്ങളാണ്.
കേരളത്തിലെ ഗോത്ര-ഗ്രാമസംസ്‌കൃതിയിലെ കേന്ദ്രസങ്കല്‍പമാണ് അമ്മ ദൈവം. കാവുകളിലാണ് വേലയും തെയ്യവും തിറയും ആടിയിരുന്നത്. പ്രകൃതിയെ അമ്മയായി കാണുന്ന ഈ ആദിമസംസ്‌കൃതി നിരവധി തോറ്റങ്ങളും പാട്ടുകളും കൊണ്ട് സമ്പന്നമാണ്. ഇവിടെ ആയില്യംകാവിലെ ആദിപരാശക്തിയെ സ്തുതിക്കുകയാണ് പി. ഭാസ്‌കരന്‍.
”അക്കരയക്കരെയക്കരെയല്ലോ ആയില്യംകാവ് ദുഃഖക്കൊടുംവെയിലില്‍ വാടി വരുന്നോര്‍ക്ക് ചക്കരത്തേന്മാവ്.
ആയില്യംകാവിലെ മായാഭഗവതി തായയാം ശക്തിമായ
ആധിക്കും വ്യാധിക്കും ഔഷധി നീയല്ലോ
ആദിപരാശക്തിയേ….
(കടത്തനാട്ടു മാക്കം- 1978)
(തുടരും)
















