കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായവുമായി ബി.പി.സി.എല്‍ കൊച്ചി റിഫൈനറി. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിക്ക് പുതിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 91,02,693 രൂപ ബി.പി.സി.എല്‍. അനുവദിച്ചു.
ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് കോഗുലേഷന്‍ അനലൈസര്‍ , മൈക്രോബയോളജി വിഭാഗത്തിലേക്ക് ട്രൂനാറ്റ് പി.സി.ആര്‍. മെഷീന്‍ , അനുബന്ധ ടെസ്റ്റ് കിറ്റുകള്‍, ഡെര്‍മറ്റോളജി വിഭാഗത്തിലേക്ക് ഫ്രാക്ഷണല്‍ ലേസര്‍, ഡയോഡ് ലേസര്‍, മോണോക്രോമാറ്റിക് തെറാപ്പി യൂണിറ്റ്, ഡെര്‍മ ചെയര്‍ എന്നീ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഈ ഫണ്ട് ഉപയോഗിക്കും. ഡെര്‍മറ്റോളജി വിഭാഗത്തിലേക്ക് വാങ്ങുന്ന ലേസര്‍ മെഷീനുകള്‍ പുതിയതായി ആരംഭിക്കുന്ന കോസ്മറ്റോളജി ക്ലിനിക്കല്‍ ആയിരിക്കും ഉപയോഗിക്കുന്നത്.
















