തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം മാത്രം പ്രായമുളള ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ശ്രീചിത്രയിലുമെത്തിച്ചു. രാത്രി 10.31 ഓടെയാണ് കിംസ് ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സ് എത്തിയത്.കരള്‍ ഇവിടെ ചികിത്സയിലുളള ആറ് മാസം പ്രായമുളള കുഞ്ഞിന് വച്ച് പിടിപ്പിക്കും.
തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിയ ആംബുലന്‍സ് വൃക്കകള്‍ അടങ്ങിയ പെട്ടി കൈമാറി.പത്ത് വയസുളള കുട്ടിക്കാണ് വൃക്കകള്‍ വച്ച് പിടിപ്പിക്കുക.ഹൃദയ വാല്‍വുകള്‍ ശ്രീചിത്ര ആശുപത്രിയിലും കൈമാറി. ഇതോടെ ഈ ആശുപത്രികളില്‍ കാത്തിരുന്ന കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ആരംഭിച്ചു.
വൈകിട്ട് 7.13ന് കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് 3.28 മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിലെത്തിയത്.
പൊലീസ് ജീപ്പ് മുന്നില്‍ വഴി തെളിച്ചാണ് ആംബുലന്‍സ് തിരുവനന്തപുരത്തെത്തിയത്.ജനങ്ങളും സഹകരിച്ചെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.മാള സ്വദേശി ജയ്‌നീഷാണ് ആംബുലന്‍സ് ഓടിച്ചത്. സഹായി ശരത്ദാസും ഒപ്പമുണ്ടായിരുന്നു.
















