തിരുവനന്തപുരം: നന്ദഗോവിന്ദം ഭജനുള്‍പ്പെടെയുള്ള സംഘങ്ങളുടെ ട്രെന്‍ഡാണ് ഇപ്പോള്‍ കേരളത്തിലെമ്പാടും ആഞ്ഞുവീശുന്നത്. ക്ഷേത്രങ്ങളില്‍ ഭജനട്രൂപ്പുകള്‍ ഇന്ന് അത്യന്താപേക്ഷിതമായിരിക്കുന്നു. ഈ ഭജനസംഘങ്ങള്‍ വന്‍തോതില്‍ ഭക്തരെ ആകര്‍ഷിക്കുകയും ചെയ്യുകയാണ്.
ഈ പുതിയ ട്രെന്‍ഡിനൊത്ത് നീങ്ങുകയാണ് ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ ഗായകന്‍ രമേശ് നാരായണന്‍. സാധാരണ ഹിന്ദുസ്ഥാനി കച്ചേരി മാത്രം അവതരിപ്പിക്കാറുള്ള ഇദ്ദേഹവും ഭജന്‍ സംഗീത പരിപാടിയിലേക്ക് ചുവടുവെയ്‌ക്കുകയാണ്.
‘ശിവോഹം’ എന്ന പേരിലാണ് അച്ഛന്‍ രമേശ് നാരായണനും മകള്‍ മധുശ്രീയും ഭജന്‍ സംഗീതപരിപാടി നടത്തുന്നത്. ഈ ശിവരാത്രി നാളില്‍ ഫെബ്രുവരി 15 രാത്രിയാണ് ശിവോഹം എന്ന ഭജന്‍ സംഗീത നിശ അരങ്ങേറുന്നതെങ്കിലും ഇത് ഒരു സ്ഥിരം സംഗീതപരിപാടിയായി നിലനിര്‍ത്താനാണ് ഗായകന്‍ ലക്ഷ്യമിടുന്നത്. പ്രയാഗ് രാജില്‍ അദ്ദേഹം ശിവഭക്തി സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു.
ഫെയ്സ്ബുക്കില്‍ രമേശ് നാരായണന്‍ തന്നെയാണ് ശിവോഹം എന്ന പുതിയ ഭജന്‍ സംഗീത പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്.
















