കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നിരത്തുകളൊഴിയുന്നു. പൊതുഗതാഗത മേഖലയില്‍ ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്ന നീക്കമാണിത്. കാല്‍ നൂറ്റാണ്ടിനകം സ്വകാര്യ ബസുകളുടെ എണ്ണം നാലിലൊന്നായും ഒന്നര പതിറ്റാണ്ടിനകം ആറിലൊന്നായും കുറഞ്ഞു. സര്‍ക്കാര്‍ സമ്മര്‍ദനയവും നികുതി നിരക്കും തൊഴില്‍ മേഖലയിലെ ബാധ്യതകളും വരുമാന തകര്‍ച്ചയും സ്വകാര്യബസുകളുടെ നിലനില്പിന് വെല്ലുവിളിയുയര്‍ത്തിയതായാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്ത് 2000ത്തില്‍ 53,000 സ്വകാര്യ ബസുകളുണ്ടായിരുന്നു. 2010 ലിത് 32,000 മായും 2025 ല്‍ 8200 ആയും കുറഞ്ഞതായാണ് കണക്ക്. വലിയ ഒരു ബസ് നിരത്തിലിറക്കണമെങ്കില്‍ 42- 45 ലക്ഷം രൂപ വേണമെന്നാണ് ബസുടമ സംഘടനാ പ്രതിനിധികള്‍ പറയുന്നത്. ഇന്‍ഷുറന്‍സും നികുതിയിതര ചെലവുകളും കൂടി കൂട്ടിയാലിത് 50 ലക്ഷത്തിലേറെ വരുമെന്നാണ് ഉടമകളുടെ വാദം. ഇത്രയും തുക മുടക്കി നഷ്ടക്കച്ചവടം ഏറ്റെടുക്കേണ്ടെന്നാണ് ബസുടമകളുടെ ഇപ്പോഴത്തെ നിലപാട്. ഇന്ധനം, വേതനമടക്കം പ്രതിദിനം 13,000- 15,000 രൂപ ചെലവ് വരുമ്പോള്‍ വരുമാനം ശരാശരി 15,000- 18,000 രൂപയാണെന്ന് ഉടമകളും അധികൃതരും പറയുന്നു.
യാത്രക്കാരുടെ എണ്ണത്തിലും വന്‍ ഇടിവാണുണ്ടായത്. 2000ത്തില്‍ ഒരു ബസില്‍ ശരാശരി എട്ട് പേര്‍ സഞ്ചരിച്ചിരുന്നു. 2010 ലിത് അഞ്ചായും ഇന്നത് 2- 3 പേരായും കുറഞ്ഞു. ബസ് ജീവനക്കാരിലും ഇത് പ്രകടമാണ്. 2000ത്തില്‍ 14 ലക്ഷം തൊഴിലാളികളുള്ള സ്വകാര്യ ബസ് മേഖലയിലിന്ന് രണ്ട് ലക്ഷം പേര്‍ മാത്രമാണുള്ളത്.
അന്യ സംസ്ഥാനങ്ങളില്‍ ഇത്തരം പ്രതിസന്ധികളെ മറികടന്ന് ചെറിയ ബസുകള്‍ നിരത്തുകളില്‍ സര്‍വീസ് നടത്തുമ്പോള്‍ സുരക്ഷാമാനദണ്ഡങ്ങളുയര്‍ത്തി സംസ്ഥാന മോട്ടോര്‍ വകുപ്പ് ഇതിനെ തടയിടുകയാണെന്നാണ് ഇവരുടെ വാദം. 30 സീറ്റ് മിനി ബസുകള്‍ക്ക് 20- 28 ലക്ഷം രൂപ വരെ അടിസ്ഥാന ചെലവ് മതിയാകുകയും ഇതരചെലവുകള്‍ അതനുസരിച്ച് കുറയുമെന്നതുമാണ് മിനി ബസുകള്‍ നിരത്തിലിറക്കാന്‍ കാരണമാകുന്നത്. സംസ്ഥാനത്ത് ബസ് നിരക്കുകളില്‍ കാലാനുസൃതമായി വര്‍ദ്ധനവുണ്ടാകുന്നുണ്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനകം നിരക്ക് വര്‍ദ്ധന ഇരട്ടിയായെങ്കിലും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഇടിവ് കണക്കാക്കിയാല്‍ സ്വകാര്യബസ് ഗതാഗത മേഖലയുടെ ഭാവി ആശങ്കയിലാണെന്നാണ് ഇവര്‍ പറയുന്നത്.
















