ബെംഗളൂരു: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കർണാടകയിൽ കേട്ടുകേൾവി ഇല്ലാത്ത തരത്തിൽ ന്യൂനപക്ഷ പ്രീണനവുമായി കോൺഗ്രസ് സർക്കാർ. ന്യൂനപക്ഷങ്ങൾ എടുത്ത 800 കോടി രൂപയുടെ ന്യൂനപക്ഷ വായ്‌പ എഴുതിത്തള്ളാനാണ് പദ്ധതി. കർണാടക മൈനോറിറ്റീസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ വഴി നൽകിയ വായ്‌പകളുടെ തിരിച്ചടവ് ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. വായ്‌പ എഴുതി തള്ളുന്നത് സംസ്ഥാനത്തെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നൽകിയെങ്കിലും സർക്കാർ നടപടിയുമായി മുന്നോട്ട് പോകുകയാണ്.
സംഭവം പുറത്ത് വന്നതോടെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. മറ്റ് സമുദായങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരും ചെറുകിട സംരംഭകരും ബാങ്ക് വായ്‌പകൾ തിരിച്ചടയ്‌ക്കാൻ പാടുപെടുകയാണെന്നും അവർക്ക് ഈ പരിഗണന നൽകാത്ത് എന്ത് കൊണ്ടാണെന്നും ബിജെപി ചോദിച്ചു. നൂറുകണക്കിന് കോടി രൂപയുടെ പലിശ എഴുതിത്തള്ളുന്നത് വെറും പ്രീണനത്തിന്റെ പേരിലാണെന്നും മുതിർന്ന നേതാക്കൾ പറഞ്ഞു.
പശ്ചിമ ബംഗാളിലും കേരളത്തിലും ഇടതുപക്ഷ പാർട്ടികൾ ഭരണകാലത്ത് എങ്ങനെ പെരുമാറിയോ അതേ രീതിയിലാണ് സിദ്ധരാമയ്യയുടെ ന്യൂനപക്ഷ പ്രീണനമെന്നാണ് പണ്ടേ ആരോപണം. ന്യൂനപക്ഷ പ്രീണനമാണ് കേന്ദ്രത്തിൽ കോൺഗ്രസിന്റെ പതനത്തിന് കാരണമെന്ന് കോൺഗ്രസുകാരായ എ.കെ. ആന്റണി ഇതിനകം തന്നെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും, സിദ്ധരാമയ്യ ന്യൂനപക്ഷ പ്രീണനം തുടർന്നാൽ കർണാടകയിൽ കോൺഗ്രസിനും ഇതേ വിധി നേരിടേണ്ടിവരുമെന്നും പ്രവർത്തകർ തന്നെ ആരോപിക്കുന്നു.
















