ശ്രീനഗര്‍: പാകിസ്ഥാനില്‍ മുസ്ലിം പള്ളിയില്‍ ഉള്‍പ്പെടെ നടന്ന സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ മരിച്ചതില്‍ പ്രതിഷേധിച്ച് പാക് ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി.
ബാരാമുള്ള ജില്ലയിലെ ഹഞ്ചിവേര പ്രദേശത്തെ ശ്രീനഗര്‍- ബാരാമുള്ള ദേശീയ പാതയില്‍ നടന്ന പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് ഷിയാ മുസ്ലിങ്ങളാണ് പങ്കെടുത്തത്. പാകിസ്ഥാന്‍ തുലയട്ടെ എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും പിടിച്ചാണ് പ്രതിഷേധക്കാര്‍ റാലിയില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച ഇസ്ലാമാബാദിലെ ഒരു പള്ളിക്കുള്ളില്‍ നടന്ന സ്‌ഫോടനത്തെ തുടര്‍ന്ന് 31 ഷിയാ വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു. അതിനെ അപലപിച്ചായിരുന്നു പ്രതിഷേധം.
പാകിസ്ഥാനില്‍ ഷിയാ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങള്‍ പുതിയതല്ലെന്നും കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി ഇത് ആവര്‍ത്തിച്ച് സംഭവിക്കുന്നുണ്ടെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ന്യൂനപക്ഷ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പാകിസ്ഥാന്‍ ഭരണകൂടവും സര്‍ക്കാരും നിരന്തരം പരാജയപ്പെട്ടുവെന്നും അവര്‍ ആരോപിച്ചു.
ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരെ ലക്ഷ്യം വയ്‌ക്കുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്. ഷിയാ സമൂഹത്തെ ഭയപ്പെടുത്തി ഇല്ലാതാക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും സമൂഹം അതിന്റെ നിലനില്‍പ്പും വിശ്വാസവും സംരക്ഷിക്കാന്‍ ഉറച്ചുനില്‍ക്കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.
















