അഗ്രൗത ഗ്രാമം അങ്ങനെയായിരുന്നു. തുള്ളിവെള്ളമില്ല. ആകെയുള്ള കുഴല്‍ കിണറില്‍ തന്നെ വെള്ളം കമ്മി. അതെടുക്കണമെങ്കില്‍ ഹാന്‍ഡ് പമ്പില്‍ അധ്വാനിക്കുകയും വേണം. ഇനി, തിരക്കില്ലാതെ വെള്ളം കിട്ടണമെങ്കിലോ? നേരം ഇരുട്ടുംവരെ കാത്തിരിക്കണം. വെള്ളം കൊണ്ടുവരുന്ന ജോലി വീട്ടിലെ സ്ത്രീകള്‍ക്കു മാത്രമായി സംവരണം ചെയ്തിരിക്കുകയാണുതാനും…
ബുന്ദേല്‍ ഖണ്ഡ് മേഖലയിലെ പല ഗ്രാമങ്ങളിലും സ്ഥിതി അഗ്രൗതയിലെതു തന്നെയായിരുന്നു. പക്ഷേ കാലം മാറി. കഥയും മാറി. അഗ്രൗത ഉള്‍പ്പെടുന്ന ഛതാര്‍പുര ജില്ലയിലെ ഒട്ടേറെ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ മാറ്റത്തിന്റെ കാഹളം മുഴക്കിയതോടെയാണ് സ്ഥിതി മാറിയത്. അവരൊക്കെ ‘ജല സഹേലികളായി മാറി. സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യവും അധ്വാനത്തിന്റെ വിയര്‍പ്പുമണികളും ഒത്തുചേര്‍ന്നപ്പോള്‍ കുടിവെള്ളം ഗ്രാമത്തെ തേടിയെത്തി. തുടക്കം അഗ്രൗതയില്‍!
അഗ്രൗതയില്‍ മാമലകള്‍ക്കപ്പുറത്ത് മഴവെള്ളം ധാരാളമായി കെട്ടിനില്‍ക്കുന്നു. പക്ഷേ മലനിരകളായിരുന്നു തടസം. ജല സഹേലികള്‍ സംഘടിച്ചു. അവര്‍ വനം വകുപ്പ് അധികാരികളെ കണ്ടു. മല തുരക്കാന്‍ അനുവദിക്കണം. അനുവാദം കിട്ടി. പക്ഷേ ആധുനിക യന്ത്രസാമഗ്രികള്‍ കൊണ്ട് മലയെ മുറിവേല്‍പ്പിക്കരുത് എന്ന് വ്യവസ്ഥ. സ്ത്രീകളുടെ തീരുമാനം ഉറച്ചതായിരുന്നു. തൂമ്പയും ചുണ്ടനും പാരകളുമായി അവര്‍ മലയിലേക്ക് കുതിച്ചു. മടിയന്മാരായ പുരുഷ കേസരികള്‍ അത് കണ്ട് കൈകൊട്ടിച്ചിരിച്ചു. തറവാട്ടമ്മമാര്‍ മുഖം വീര്‍പ്പിച്ചു. പക്ഷേ ജല സഹേലികള്‍ പിന്‍വാങ്ങിയില്ല.
കൃത്യം 18 മാസം അവര്‍ മലയെ പിളര്‍ക്കാന്‍ പണിയെടുത്തു. ഒടുവില്‍ നിര്‍ദ്ദിഷ്ട കനാല്‍ പൂര്‍ത്തിയായി. 107 മീറ്ററ് നീളവും മൂന്നര മീറ്റര്‍ ആഴവുമുള്ള ഒരു കനാല്‍. കനാലിലൂടെ ഒഴുക്കുവെള്ളം കുത്തിയൊലിച്ചു വന്ന ദിനം ഒഴുക്കുവെള്ളം ജീവിതത്തിലെ പുണ്യദിനമായിരുന്നു. തോടുവെട്ടാന്‍ പണിയെടുത്ത 300 സ്ത്രീകള്‍ക്കും അയല്‍ ഗ്രാമത്തില്‍ നിന്ന് ഒരു കൈ സഹായത്തിനെത്തിയ ചങ്ങാതിമാര്‍ക്കും! അഗ്രൗതയിലെ വറ്റിവരണ്ട കൂറ്റന്‍ കുളത്തില്‍ വെള്ളം നിറഞ്ഞതോടെ ഗ്രാമത്തില്‍ പുതുയുഗം പിറന്നു. കുടിക്കാനും കുളിക്കാനും കൃഷിക്കും ഇനി ആരെയും ആശ്രയിക്കേണ്ട. കിണറുകള്‍ നിറഞ്ഞു. പാടത്തില്‍ കൃഷി നിറഞ്ഞു. പണി തേടി നഗരത്തിലേക്കുള്ള കുടിയേറ്റം കുറഞ്ഞു.
അഗ്രൗത കേവലമൊരു തുടക്കമായിരുന്നു ജല സാഹലികള്‍ ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് മുന്നേറി. പുതിയ ജല സ്രോതസുകള്‍ കണ്ടെത്തി. പഴയ പുനരുജ്ജീവിപ്പിച്ചു. തടയണകള്‍ നിര്‍മ്മിച്ചു. മഴവെള്ളത്തെ പിടിച്ചുകെട്ടാന്‍ കുഴികളും തടങ്ങളും ഉണ്ടാക്കി ഏതാണ്ട് പന്ത്രണ്ട് ഗ്രാമങ്ങളിലൂടെ ഒഴുകി, ഗംഗയുടെ പോഷകനദിയിലെത്തുന്ന ‘ബച്ചേദി’ നദിയെ അവര്‍ ഏറ്റെടുത്തു. വര്‍ഷത്തില്‍ പകുതിയിലേറെ സമയവും വറ്റിവരണ്ടു കിടക്കുന്ന പുഴയില്‍ അവര്‍ അരഡസന്‍ തടയണകള്‍ തീര്‍ത്ത് ജല സാന്നിധ്യം ഉറപ്പാക്കി. നിരവധി കുളങ്ങള്‍ കുത്തി വെള്ളം ശേഖരിച്ചു. ആറ് വര്‍ഷംകൊണ്ട് അവര്‍ തങ്ങളുടെ ലക്ഷ്യം നേടി. വര്‍ഷം മുഴുവനും പുഴ ഒഴുകാന്‍ തുടങ്ങി. ആയിരത്തോളം ഏക്കര്‍ ഭൂമിയില്‍ കൃഷി പുനരാരംഭിച്ചു. വരണ്ടുണങ്ങിക്കിടന്ന ഖുദര്‍ നദിയെയും സഹേലിമാര്‍ പുനരുജ്ജീവിപ്പിച്ചു. അതോടെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ന്നു. കുഴല്‍ക്കിണറുകളില്‍ ജലം നിറഞ്ഞു. വര്‍ഷത്തില്‍ ഒരു വട്ടം കൃഷിയിറക്കാന്‍ പാടുപെട്ട കര്‍ഷകര്‍ മൂന്നുതവണവരെ കൃഷിയിറക്കി ലാഭം കൊയ്തു.
ഇതല്ലേ, നാരീശക്തിയുടെ കരുത്ത്? നാരീശക്തിയിലൂടെ പ്രകൃതിയെ പുനരുജ്ജീവിപ്പിച്ചതിന്റെ മഹത്തായ ഉദാഹരണം?
കൗണ്ടിന്യന്റെ കന്നിയാത്ര
ആധുനികമായ യാതൊരു സാങ്കേതികവിദ്യകള്‍ തരിമ്പും ഉപയോഗിക്കാതെ ഭാരതം ഒരു കപ്പല്‍ നിര്‍മിച്ചു. ലോഹഭാഗങ്ങളോ ആണികളോ പോലും ഉപയോഗിക്കാതെ നിര്‍മിച്ചെടുത്ത കപ്പല്‍ ഈ ജനുവരിയില്‍ അതിന്റെ കന്നിയാത്ര നടത്തി. പോര്‍ബന്തറില്‍നിന്ന് മസ്‌കറ്റിലേക്കുള്ള ആ യാത്ര ഭാരതവും ഒമാനും തമ്മിലുണ്ടായിരുന്ന പൈതൃക നാവിക ബന്ധത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായാണ് ചിത്രീകരിക്കപ്പെട്ടത്.
അജന്ത ഗുഹാചിത്രങ്ങളുടെ നാവികയാന രൂപങ്ങളായിരുന്നു കപ്പലിന്റെ നിര്‍മാണത്തിന് പ്രചോദനം. ഭാരത മഹാസമുദ്രം താണ്ടി തെക്ക് കിഴക്കന്‍ ഏഷ്യയിലേക്ക് യാത്ര ചെയ്ത ‘കൗണ്ടിന്യന്‍’ എന്ന നാവികന്റെ സ്മരണയിലാണ് കപ്പലിന് ഐഎന്‍എസ്‌വി കൗണ്ടിന്യ എന്ന പേര് നല്‍കിയത്. ചകിരി, കയര്‍, തടി, പ്രകൃതിദത്ത പശകള്‍ തുടങ്ങിയവയൊക്കെയാണ് ഇതിന്റെ നിര്‍മാണത്തില്‍ സമൃദ്ധമായി ഉപയോഗപ്പെടുത്തിയത്.
ആരോഗ്യം നല്‍കാനും ഫ്‌ളൂറിന്‍
ഫ്‌ളൂറിന്‍ എന്ന മൂലകം തീര്‍ച്ചയായും അപകടകാരിയാണ്. അമിതമായ ഫ്‌ളൂറിന്‍ സാന്നിധ്യം കുടിവെള്ളത്തില്‍ ആപത്ത് വിതയ്‌ക്കും. ദന്തക്ഷയവും ലിഗ്‌മെന്റുകളില്‍ കാത്‌സ്യവത്കരണവും ഉണ്ടാക്കും. ‘ഫ്‌ളൂറോസിസ്’ എന്ന രോഗം കൊണ്ട് മനുഷ്യനെ കഷ്ടപ്പെടുത്തും. എന്നാല്‍ മിനസോട്ട സര്‍വകലാശാലയിലെ ഡോ. റോബ് വാറനും സംഘവും ചേര്‍ന്ന് ‘സയന്‍സ് അഡ്വാന്‍സസി’ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം പറയുന്നത് നേരെമറിച്ചാണ്. പ്രകൃതിദത്തമായി ശരീരത്തിലെത്തുന്ന ഫ്‌ളൂറിന്‍ അംശം വായനാശീലം, വാക്യപരിചയം, പദസമ്പത്ത്, കണക്ക് എന്നീ കാര്യങ്ങളില്‍ കുട്ടികള്‍ക്കുള്ള ശേഷി കുത്തനെ ഉയര്‍ത്താന്‍ സഹായിക്കുമെന്ന് ഇവര്‍ സ്ഥാപിക്കുന്നു. പക്ഷേ ഫ്‌ളൂറിന്‍ അളവ് അനുവദനീയമായ പരിധിക്കു താഴെ നില്‍ക്കണമെന്നുമാത്രം. പഴയ ശാസ്ത്രമാണോ അതോ പുതിയ ശാസ്ത്രമാണോ ശരി എന്ന് ആശയക്കുഴപ്പം ബാക്കി…











