കൊച്ചി: ശബരിമലയെയും വിശ്വാസത്തെയും തകര്‍ക്കാന്‍ ഇരുമുന്നണികളും ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍. ഇന്‍ഡി മുന്നണി ഭരിക്കുന്ന തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പുണ്യസ്തംഭത്തില്‍ ദീപം കൊളുത്താന്‍ ഹിന്ദുക്കളെ അനുവദിക്കുന്നില്ല. ഇത്തരത്തില്‍ സനാതന ധര്‍മത്തെ തകര്‍ക്കാനുള്ള നീക്കമാണ് ഇരുമുന്നണികളും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വികസിത കേരള സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാ അത്തെ ഇസ്ലാമിയുമായും മുസ്ലിം ലീഗുമായും ചേര്‍ന്നാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. രാമായണം വായിക്കുന്നതിന്‌പോലും തടസം നില്‍ക്കുന്ന സമീപനം യുഡിഎഫിന്റെ ഭാഗത്ത്‌നിന്ന് ഉണ്ടായിട്ടുണ്ട്. ക്ഷേത്രങ്ങളോടും അവര്‍ക്ക് ശത്രുതാമനോഭാവമാണ്. ഇടതുപക്ഷമാകട്ടെ വിശ്വാസത്തെ പോലും തകര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഭഗവാന്‍ അയ്യപ്പനെ പോലും വെറുതെ വിടാന്‍ അവര്‍ തയാറായിട്ടില്ല. രാമസേതുവിനേയും രാമക്ഷേത്രത്തേയും ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ വരെ പോയത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് താഴിട്ടത്. ഇവിടെ കേരളത്തില്‍ ശബരിമലയെ തകര്‍ത്തുകൊണ്ട് അധികാരം നിലനിര്‍ത്താനാണ് ഇരുമുന്നണികളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച രണ്ട് മുന്നണികളെയും വെറുതെ വിടാന്‍ കേരളത്തിലെ ജനത തയാറാവില്ല. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഐക്യമാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഈ കുറ്റക്കാര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകും. അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ബിജെപി മുന്നിലുണ്ടാവും.
കേരളത്തിലെ പ്രവര്‍ത്തകരുടെ ബലിദാനവും പോരാട്ട വീര്യവും രാജ്യത്തെയാകെ പ്രചോദിപ്പിക്കുന്നതാണ്. സി. സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയില്‍ അദ്ദേഹത്തിന്റെ രണ്ടുകാലുകളും രാഷ്‌ട്രീയ അക്രമികള്‍ വെട്ടിയെടുത്ത കാര്യം വിവരിച്ചപ്പോള്‍ എല്ലാവരും ആദരവോടെയും ആശ്ചര്യത്തോടെയുമാണ് ശ്രവിച്ചത്.
ഇരു മുന്നണികളും മാറിമാറി ഭരിച്ച് മനോഹരമായ കേരളത്തെ നശിപ്പിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുകയാണ് ഈ രണ്ട് മുന്നണികളും ചെയ്തിട്ടുള്ളത്. നമ്മുടെ യുവാക്കള്‍ വിചാരിച്ചാല്‍ കേരളത്തെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയുമായിരുന്നു. അവരുടെ പ്രവര്‍ത്തനം വികസനത്തിനായി ഉപയോഗിക്കാന്‍ ഈ രണ്ട് മുന്നണികള്‍ക്കും ആയിട്ടില്ല. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് രണ്ട് മുന്നണികളും നടത്തിയിരുന്നത്. പ്രീണനമായിരുന്നു രണ്ട് മുന്നണികളുടേയും രാഷ്‌ട്രീയം, ദേശീയ അധ്യക്ഷന്‍ പറഞ്ഞു.
സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവഡെ, തെരഞ്ഞെടുപ്പ് സഹ പ്രഭാരി ശോഭ കരന്തലജെ, കേരളാ പ്രഭാരി പ്രകാശ് ജാവദേക്കര്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, എ. നാഗേഷ്, സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, അഡ്വ. ടി.പി. സിന്ധുമോള്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ. ബസിത്കുമാര്‍, എം.എന്‍. ഗോപി, ഷാജി മുത്തേടന്‍, എം.എ. വിനോദ് എന്നിവര്‍ സംബന്ധിച്ചു.
















