കൊച്ചി: ബാങ്കില്‍ ജോലിയുണ്ടെന്ന വ്യാജേന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. അടിമാലി സ്വദേശി അനുഷയെ ദല്‍ഹിയില്‍ നിന്നാണ് പിടികൂടിയത്.
2019 മുതല്‍ കോതമംഗലത്തുള്ള ബാങ്കിലെ ജീവനക്കാരിയാണെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ് ഇവര്‍ ലക്ഷകണക്കിന് രൂപയുടെ ആഭരണങ്ങള്‍ തട്ടിയത്.
ജോലിക്ക് പോകാനെന്ന് പറഞ്ഞ് എന്നും വീട്ടില്‍ നിന്ന് ഇറങ്ങും. ബാങ്കില്‍ സ്വര്‍ണം വച്ചാല്‍ കൂടുതല്‍ പലിശ കിട്ടുമെന്ന് പറഞ്ഞ് സ്വര്‍ണം വാങ്ങിയെടുത്ത ശേഷം അത് പ്രതി കൈക്കാലാക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 21ന് ജോലിക്കയറ്റത്തിനായി ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അനുഷ പിന്നീട് തിരിച്ചെത്തിയില്ല.
അനുഷയെ കാണാതായതോടെ ഭര്‍ത്താവ് അരുണ്‍ കോതമംഗലത്തെ ബാങ്ക് ശാഖയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഞെട്ടിയത്. അനുഷ എന്ന പേരില്‍ ഒരാള്‍ അവിടെ ജോലി ചെയ്യുന്നില്ലെന്നായിരുന്നു ബാങ്ക് അധികൃതര്‍ അറിയിച്ചത്.
അനുഷയും അരുണും വിവാഹിതരായത് എട്ട് വര്‍ഷം മുമ്പായിരുന്നു .2019ല്‍ അരുണ്‍ വിദേശത്തേക്ക് പോയ സമയത്ത് തനിക്ക് ബാങ്കില്‍ ജോലി ലഭിച്ചെന്ന് അനുഷ പറഞ്ഞിരുന്നു. പിന്നീട് വിദേശത്തുനിന്ന് അരുണ്‍ മടങ്ങിയെത്തിയ ശേഷവും ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് അനുഷ തട്ടിപ്പ് തുടര്‍ന്നു.
പിന്നീട് സ്വര്‍ണം നിക്ഷേപിച്ചവര്‍ തിരികെ ചോദിച്ചു വന്നതോടെയാണ് അനുഷ ദല്‍ഹിയിലേക്ക് കടന്നതെന്നാണ് അറിയുന്നത്. ദല്‍ഹിയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.പരാതി പ്രകാരം മൊബൈല്‍ കേന്ദ്രീകരിച്ചുളള പൊലീസ് അന്വേഷണത്തിലാണ് ദല്‍ഹിയില്‍ നിന്നും പ്രതിയെ പിടികൂടിയത്.
















