കോഴിക്കോട്: സംസ്ഥാനത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ മുഖ്യമന്ത്രിയെ ദൈവമായി കാണുന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്. കക്ഷിരാഷ്‌ട്രീയം നോക്കാതെ എല്ലാ വിഭാഗം ആളുകള്‍ക്കും മുഖ്യമന്ത്രി സഹായം നല്‍കിയിട്ടുണ്ടെന്നും എം മെഹബൂബ് പറഞ്ഞു. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു മെഹബൂബിന്റെ പ്രതികരണം.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുറുകുന്നതിനിടെ മന്ത്രി പി എ മുഹമ്മദ് റിയാസ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പിന്തുണ തേടിയിരുന്നു.ബേപ്പൂരില്‍ മുഹമ്മദ് റിയാസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നും മെഹബൂബ് പറഞ്ഞു. ബേപ്പൂരിലെ ജനങ്ങള്‍ റിയാസ് സ്ഥാനാർത്ഥിയായി വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്.
മറ്റൊരു മണ്ഡലത്തിലും കാണാത്ത വിധത്തില്‍ രാഷ്‌ട്രീയത്തിനുമപ്പുറം ജനങ്ങള്‍ ബേപ്പൂരില്‍ റിയാസിനെ പ്രതീക്ഷിക്കുകയാണ്. റിയാസ് വീണ്ടും ബേപ്പൂരില്‍ മത്സരിക്കണമെന്ന വികാരമാണ് നിലനില്‍ക്കുന്നത്. അന്‍വര്‍ കേരള രാഷ്‌ട്രീയത്തില്‍ നിന്ന് എടുത്തെറിയപ്പെട്ട, ഒരു ഗുണവും ചെയ്യാത്ത വ്യക്തിയാണ്. അന്‍വര്‍ സ്ഥാനാര്‍ത്ഥിയായാല്‍ ഇടത് സ്ഥാനാര്‍ത്ഥി ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മെഹബൂബ് കൂട്ടിച്ചേര്‍ത്തു.
















